ഭാരതീയജ്ഞാനപരമ്പരയെ ആചരണത്തിലൂടെ തിരിച്ചുകൊണ്ടുവരണം – സ്വാമി ഹരിബ്രഹ്മാനന്ദതീർഥ

ഇരിങ്ങാലക്കുട : അമൂല്യവും പ്രായോഗികവും ശാസ്ത്രീയവുമായ ഭാരതീയ ജ്ഞാനപരമ്പരയെ ദൈനന്ദിന ആചരണത്തിലൂടെ തിരിച്ചുകൊണ്ടുവരണമെന്ന് സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ അഭിപ്രായപ്പെട്ടു.

ചെമ്മണ്ട ശാരദ ഗുരുകുലത്തിൽ പത്ത് ദിവസമായി നടന്നുകൊണ്ടിരുന്ന ന്യായശാസ്ത്രകാരിയശാലയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ദാർശനിക അനുസന്ധാന പരിഷത്തിൻ്റെയും, കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെയും സംസ്കൃത ഭാരതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ കാര്യശാല സംഘടിപ്പിച്ചത്.

ഭാരതീയ ജ്ഞാനപരമ്പര ‘ദൈനംദിനജീവിതത്തിൽ ചേർക്കുന്നതിനായി പഞ്ചാംഗം പഠിക്കുകയും അതിനെ പരിശീലിക്കുകയും വേണം. പഞ്ചാംഗം ഭാരതീയ കാലഗണനയുടെ അത്യന്തം പ്രായോഗികമായ ഒരു രൂപമാണ് ഇതിൽ നക്ഷത്രവും തിഥിയും ദിവസവും മാസവും എല്ലാം വളരെ ശാസ്ത്രീയമായ രീതിയിൽ കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പഞ്ചാംഗം അറിഞ്ഞാൽ മാത്രമേ നമ്മുടെ ഉത്സവങ്ങളും എല്ലാം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അതുപോലെത്തന്നെ നമ്മുടെ ചിന്തനരീതി ന്യായശാസ്ത്രത്തിലൂടെ വളർന്ന് വികസിച്ചിരിക്കുന്നു. എങ്ങനെ ചിന്തിക്കണം, ഒരു കാര്യം സംശയത്തിന് ഇട നൽകാതെ വ്യക്തമായി അവതരിപ്പിക്കണം എന്നൊക്കെ ന്യായശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. ഇത്തരത്തിൽ ഭാരതീയ ജ്ഞാന പരമ്പര നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിച്ചുകൊണ്ട് അതിനെ കൂടുതൽ പുഷ്ടിപ്പെടുത്തുകയും വ്യവഹാരത്തിൽ കൊണ്ടുവരികയും ചെയ്യണം എന്ന് സ്വാമിജി ഉദ്ബോധിപ്പിച്ചു.


കേന്ദ്ര സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ശ്രീനിവാസവർഖേഡി സംസ്കൃത ഭാഷയും വിവിധ ശാസ്ത്രങ്ങളും പഠിക്കേണ്ടതിന്റെ ആവശ്യകത വിവരിച്ചു. ഇത്തരം പ്രയത്നങ്ങൾ ശ്ലാഘനീയമാണെന്നും ഇതിനായി എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ന്യായശാസ്ത്രവും വ്യാകരണവും ആണ് എല്ലാ ശാസ്ത്രങ്ങൾക്കും അടിസ്ഥാനമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയായ പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായ കടുപ്പശ്ശേരി പത്മനാഭ ശർമ അഭിപ്രായപ്പെട്ടു.ജ്യോതിശ്ശാസ്ത്രത്തിലും ന്യായ ശാസ്ത്രത്തിൻറെ പ്രഭാവം കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെ അഷ്ടദശി പദ്ധതിയുടെ ഭാഗമായി ഗുരുകുലത്തിൽ നടന്നുവരുന്ന മൂന്നുവർഷത്തെ ശാസ്ത്രപരിചയപദ്ധതിയായ നാചികേതസത്തിന്റെ കഴിഞ്ഞ ബാച്ചിലെ കുട്ടികളുടെ വിഷയാവതരണവും പ്രമാണ പത്രവിതരണവും ഉണ്ടായിരുന്നു.ശാരദ ഗുരുകുലം ശിക്ഷണ വിഭാഗം നിദേശിക ശ്രീമതി വന്ദന നാചികേതസം പദ്ധതിയെ കുറിച്ച് വിവരിച്ചു.

നാഗാർജുനൻ ചാരിറ്റീസ് അംഗമായ പി എൻ ശ്രീരാമൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാര്യശാലയുടെ സംയോജകൻ ഡോക്ടർ ശ്രീധരരാജൻ സ്വാഗതവും ഗുരുകുലത്തിലെ ശിക്ഷിക ശ്രീജ കാവനാട് നന്ദിയും രേഖപ്പെടുത്തി. കാശ്മീർ ആന്ധ്രപ്രദേശ് തമിഴ്നാട് കർണാടക ഉത്തർപ്രദേശ് കേരളം എന്നിവിടങ്ങളിൽ നിന്നായി 35 ഓളം ശിബിരാർഥികൾ ഇതിൽ പങ്കെടുത്തിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page