പോട്ട : ആചാരപ്പെരുമയോടെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പുത്തരി സദ്യയ്ക്കും മുക്കിടി നിവേദ്യത്തിനുമുള്ള തണ്ടിക പോട്ട പ്രവൃത്തി കച്ചേരിയിൽ നിന്നു പുറപ്പെട്ടു. അഞ്ചര തണ്ട് നേന്ത്രക്കായ, അഞ്ച് തണ്ട് കദളിപ്പഴം, കൂടാതെ ഇടിച്ചക്ക, മാങ്ങ, വഴുതനങ്ങ, പച്ചമുളക്, ഇഞ്ചി തുടങ്ങിയ ഉൽപന്നങ്ങളുമായി വട്ടിയും മുക്കുടി നിവേദ്യത്തിനുള്ള കുട്ടുമരുന്നുകൾ അടങ്ങിയ കുട്ടയും ഓലക്കുടയുമാണു ഉച്ചക്ക് ഒരുമണിയോടെ കൊണ്ടു പോയത്.
അറബിക്കടൽ മുതൽ കോടശേരി മലവരെ സംഗമേശ്വരഭൂമി ഉണ്ടായിരുന്ന കാലം മുതലുള്ളൊരു ആചാരമാണ് തണ്ടിക പുറപ്പാട്. പോട്ടയിലുള്ള പ്രവൃത്തി കച്ചേരി മുതൽ കൂടൽമാണിക്യം ക്ഷേത്രം വരെയുള്ള 22 കിലോമീറ്ററിലധികം ദൂരം കാൽനടയായാണ് തണ്ടിക കൊണ്ടുപ്പോകുന്നത്.
വ്രതശുദ്ധിയോടെ 26 പേരാണു പോട്ടയിൽ നിന്നു കാൽനടയായി കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് തണ്ടികയുമായി പുറപ്പെട്ടത്. വാളും പരിചയും പൊലീസ് അകമ്പടിയും കൂടെയുണ്ട്. വൈകീട്ട് 5 മണിക്ക് ഠാണാവിൽ എത്തിച്ചേരും. അവിടെ നിന്ന് നാദസ്വരത്തിൻ്റെ അകമ്പടിയോടെ പള്ളിവേട്ട ആൽത്തറയിൽ എത്തി സന്ധ്യാവെടിക്ക് ശേഷം പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ 6.45ന് ക്ഷേത്രത്തിൽ എത്തും. വൈകിട്ട് ആറുമണിക്ക് കിഴക്കേ ഗോപുര നടയിൽ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം ഉണ്ടായിരിക്കും.
നവംബർ 9 ശനിയാഴച തൃപ്പുത്തരിക്ക് ആറായിരത്തോളം ഭക്തജനങ്ങൾക്ക് തെക്കേ ഊട്ടുപുരയിലും, പടിഞ്ഞാറെ ഊട്ടുപുരയിലുമായി തൃപ്പുത്തരി സദ്യ നടത്തുന്നു. രാവിലെ 10.30 മുതൽ 12.00 മണി വരെയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ തൃപ്പുത്തരി പൂജ നടത്തുന്നു. തൃപ്പുത്തരി ദിവസം അത്താഴപൂജയ്ക്കു ശേഷം ഉണ്ണായിവാരിയർ സ്‌മാരക കലാനിലയം അവതരിപ്പിക്കുന്ന കഥകളി (നളചരിതം രണ്ടാം ദിവസം-കാട്ടാളനും ദമയന്തിയും) ഉണ്ടായിരിക്കുന്നതാണ്. പിറ്റേ ദിവസം നവംബർ 10ന് പ്രസിദ്ധമായ മുക്കുടി നിവേദ്യം എന്ന ചടങ്ങ് നടത്തപ്പെടുന്നു.
കുട്ടഞ്ചേരി അനൂപ് മൂസ്സ് മുക്കുടിയിലേക്കുള്ള മരുന്ന് തയ്യാറാക്കി ഭഗവാന് നടയ്ക്കൽ സമർപ്പിക്കുകയും തൃക്കോൽ മുസ്സ് ഏറ്റെടുത്ത് കീഴ്ശാന്തിമാരെ ഏൽപ്പിക്കുന്നു. പിന്നീട് ഈ മരുന്ന് തൈരിൽ ചേർന്ന് തിടപ്പള്ളിയിൽ കീഴ്‌ശാന്തിമാർ തയ്യാറാക്കി ഭഗവാന് സമർപ്പിക്കുന്നു. മുക്കുടി നിവേദിക്കുന്നതിന് തന്ത്രി അണിമംഗലം ഇല്ലക്കാർക്കാണ് അവകാശം സിദ്ധിച്ചിട്ടുള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com