സിമിക്കും കുടുംബത്തിനും ഇനി സുരക്ഷിത ഭവനത്തില്‍ ലൈഫ് തുടരാം

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പനേങ്ങാടന്‍ സിമിയും കുടുംബവും ഇനി മുതൽ ലൈഫ് പദ്ധതി പ്രകാരം നിർമാണം പൂര്‍ത്തിയാക്കിയ വീട്ടില്‍ അന്തിയുറങ്ങും. അതിദരിദ്രകുടുംബത്തെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന കേരള സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വീടിന്‍റെ താക്കോല്‍ സമര്‍പ്പണം പഞ്ചായത്ത് പ്രസിഡന്‍റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു.

മുഖ്യവരുമാനദായകന്‍ ഉപേക്ഷിച്ച് പോയ കുടുംബം അതിദരിദ്രമായ ചുറ്റുപാടില്‍ കഴിയുകയായിരുന്നു. അമ്മയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ മകനും മാത്രം അടങ്ങുന്നതാണ് കുടുംബം. മഴകൊള്ളാതിരിക്കാന്‍ പ്ലസ്റ്റിക് ഷീറ്റ് ഇട്ട് തകര്‍ന്നു വീഴാറായ വീട് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ വീട് പണിതീര്‍ത്തത് .

ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ സരിത സുരേഷ്, വാര്‍ഡ് അംഗം നിഖിത അനൂപ്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, സേവ്യര്‍ ആളൂക്കാരന്‍, അസി.സെക്രട്ടറി പുഷ്പലത, വി. ഇ. ഒ സിനി, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ദിവാകരന്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതി അംഗം രാധ സുബ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

You cannot copy content of this page