ഇരിങ്ങാലക്കുട : രാജസ്ഥാനിലെ താർമരുഭൂമിയും മഹാരാഷ്ട്രയിലെ പശ്ചിമഘട്ടമലനിരകളും ജൈവവൈവിധ്യത്താൽ സമ്പന്നമാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ.
ഇന്ത്യയിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഗ്രേറ്റ്ഇന്ത്യൻബസ്റ്റാർഡ് എന്ന പക്ഷിയുടെ സംരക്ഷണത്തിനായി രാജസ്ഥാനിലുള്ള മരുഭൂമിവന്യജീവിസങ്കേതത്തിൽ (Desert national park wildlife sanctuary) നിന്നാണ് പാൽപിമാനിഡേ (Palpimanidae) കുടുംബത്തിൽ വരുന്ന പുതിയഇനം ചിലന്തിയെ കണ്ടെത്തിയത്. ഇന്ത്യയിൽ വളരെകുറച്ച് പഠനങ്ങൾ മാത്രമാണ് ഈ ചിലന്തി കുടുംബത്തെ പറ്റി നടത്തിയിരിക്കുന്നത്. ഈ കുടുംബത്തിൽവരുന്ന രണ്ടിനം ചിലന്തികളെ മാത്രമാണ് ഇന്ത്യയിൽനിന്നും ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
ഇന്ത്യയുടെ ദേശീയപക്ഷിയായി പ്രമുഖ പക്ഷിശാസ്ത്രജ്ഞനായ ഡോ. സലിം അലി ആദ്യം നിർദ്ദേശിച്ചത് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് എന്ന ഇനം പക്ഷിയെയാണ്. പറക്കാൻ കഴിവുള്ള ഏറ്റവും വലിയ പക്ഷിയാണ് ഇവ. ഇന്ത്യയിലെ രാജസ്ഥാൻ മരുഭൂമിയിൽ മാത്രമാണ് വംശനാശ ഭീഷണി നേരിടുന്ന ഈ പക്ഷിയെ കാണുന്നത്. ഇവിടെ നിന്നും കണ്ടെത്തിയ പുതിയ ചിലന്തിക്ക് പാൽപിമാനസ് ഗോഡാവാൻ (Palpimanus godawan) എന്ന ശാസ്ത്രനാമമാണ് നല്കിയിരിക്കുന്നത്.
തവിട്ടു നിറത്തിലുള്ള ഇവയുടെ ശരീരം കട്ടിയുള്ളപുറംതോടിനാൽ ആവരണം ചെയ്യപെട്ടിരിക്കുന്നു. പരുപരുത്ത ഈ പുറംതോട് രോമാവ്രതവുമാണ്. ഉദരഭാഗത്തെ അപേക്ഷിച്ച് ശിരസ്സ് കൂടുതൽ ഇരുണ്ടതാണ്. ബലമേറിയ കാലുകളുള്ള ഇവ പാറകൾക്കും മറ്റും അടിയിലാണ് താമസിക്കുന്നത്.
പശ്ചിമഘട്ട മലനിരകളിലെ വടക്കൻ ഭാഗത്ത് കാണുന്ന മഹാരാഷ്ട്രയിലെ സിന്ദുദുർഗ്ഗ് മലനിരകളിൽനിന്നാണ് മറ്റൊരിനം പുതിയചിലന്തിയെ കണ്ടെത്തിയിരിക്കുന്നത്. ചാട്ടചിലന്തി കുടുംബത്തിൽവരുന്ന ഇവ സ്പർബാംബസ് (Sparbambus) എന്ന ജനുസിൽ പെടുന്നതാണ്. ഈ ജനുസിൽ പെടുന്ന ചിലന്തിയെ ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നും കണ്ടെത്തുന്നത്. ആൺ ചിലന്തിയുടെ കറുത്ത നിറമുള്ള ശിരസ്സിൽ വെളുത്ത പാടുകൾ കാണാം. ഉദരഭാഗം തവിട്ടു നിറത്തിലുള്ളതാണ്.
തവിട്ടു നിറത്തിലുള്ള ശരീരത്തോടു കൂടിയ പെൺ ചിലന്തിയെ മരകമ്പിലും മറ്റും ഇരുന്നാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഏകദേശം എട്ട് മില്ലിമീറ്റർ നീളമുള്ള ഇവയുടെ ശരീരം വളരെ പരന്നതാണ്. ഈ പുതിയ ചിലന്തിയെ കണ്ടെത്തിയസ്ഥലത്തെ സൂചിപ്പിക്കാനായി സ്പർബാംബസ് സിന്ദുദുർഗ്ഗ് എന്ന ശാസ്ത്ര നാമമാണ് ഇതിനു നൽകിയിരിക്കുന്നത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ്കോളേജിലെ ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സുധികുമാർ എ.വി.യുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനത്തിൽ ഗവേഷണവിദ്യാർത്ഥികളായ ഋഷികേശ് ത്രിപാഠി, നിഖിൽ കുനി, ഗൗതം കദം എന്നിവർ പങ്കാളികളായി.
ഈ കണ്ടെത്തലുകൾ അന്താരാഷട്ര ശാസ്ത്രമാസികകളായ യൂറോപ്യൻ ജേർണൽ ഓഫ് ടാക്സോണമി (European Journal of Taxonomy), സൂടാക്സ (Zootaxa) എന്നിവയുടെ അവസാനലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ദേശിയ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പഠനങ്ങൾ നടത്തിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com