ഇരിങ്ങാലക്കുട : മഹാത്മാ ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന് 90 വർഷം. ഫെബ്രുവരി 15ന് നീഡ്സിന്റെ ആഭിമുഖ്യത്തിലുള്ള നവതി ആഘോഷങ്ങളുടെ സമാപനം നടക്കുന്നു. “മഹാത്മാ പാദമുദ്ര @ 90″ എന്ന പേരിൽ 2023 ജനുവരി മുതലാണ് ഒരുവർഷം നീണ്ടു നിന്ന ചടങ്ങുകൾ സാമൂഹ്യ- സാംസ്കാരിക – ജീവകാരുണ്യ സംഘടനയായ നീഡ്സിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചത്.
ഫെബ്രുവരി 15ന് വൈകുന്നേരം 3.30ന് ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാളിൽ നടക്കുന്ന സമാപന സമ്മേളനം കേരള ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. നീഡ്സ് പ്രസിഡൻ്റ് അഡ്വ. തോമസ് ഉണ്ണിയാടൻ അദ്ധ്യക്ഷത വഹിക്കും. പ്രസ്തുത ചടങ്ങിൽ യു ആർ എഫ് വേൾഡ് റെക്കോർഡ് നേടിയ ശാന്തിനികേതൻ പബ്ലിക് സ്കൂളിനെ ഗവർണ്ണർ ആദരിക്കും.
ഗാന്ധിജി പങ്കെടുത്ത ചെളിയാംപാടം സമ്മേളന സ്ഥലത്തുനിന്നും വിശ്രമിച്ച സ്ഥലത്തേയ്ക്ക് നടത്തിയ ഗാന്ധി പാദസ്പർശ സ്മൃതി പദയാത്ര, ചെളിയാംപാട സമ്മേള നത്തെ സ്മരിക്കുന്ന ചെളിയാംപാടം കുടുംബസംഗമം, ഗാന്ധി സന്ദർശനം റിപ്പോർട്ട് ചെയ്ത പത്രങ്ങളുടെ കൈമാറ്റം, വിപുലമായ സെമിനാറുകൾ, സമ്മേളനങ്ങൾ, ഗാന്ധിജ യന്തി ആഘോഷം, രക്ത സാക്ഷിത്വ ദിനാചരണ ചടങ്ങുകൾ, ഗാന്ധി സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമ സ്ക്വയറിലെ വിവിധങ്ങളായ ഗാന്ധി സ്മൃതി സാംസ്കാരിക കലാസംഗമങ്ങൾ തുടങ്ങിയ ചടങ്ങുകളാണ് ഒരുവർഷം നീണ്ടു നിന്ന് നവതി ആഘോഷങ്ങളോടനുബന്ധിച്ച് നടന്നത്.
സ്വാതന്ത്ര്യ സമര പോരാട്ട കാലത്ത് 1934 ജനുവരി 17ന് ഇരിങ്ങാലക്കുടയിലെ ചെളിയാംപാടത്ത് ഹരിജന ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് എത്തിയ ഗാന്ധിജി അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ഇരിങ്ങാലക്കുടയിൽ നടന്നുവന്നിരുന്ന പോരാട്ടങ്ങളുടെ ആക്കം വർദ്ധിപ്പിക്കുകയുണ്ടായി. ഗാന്ധിജിയുടെ മഹത്വവും സന്ദർശനത്തിന്റെ ഓർമ്മകളും നിലനിർത്താനും പുതു തലമുറയ്ക്ക് പകർന്ന് നൽകാനും കൂടി വേണ്ടിയാണ് നീഡ്സ് ഇത്തരത്തിലുള്ള ചടങ്ങ് സംഘടിപ്പിക്കുന്നത് എന്ന് നീഡ്സ് പ്രസിഡൻ്റ് അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ മുൻ. ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, ഗുലാം മുഹമ്മദ്.എൻ.എ, കെ.പി.ദേവദാസ് എന്നിവർ പങ്കെടുത്തു.