ബസുകളുടെ അമിതവേഗത നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണം, ട്രാഫിക് നിയന്ത്രണത്തിന് കൂടുതൽ പോലീസിനെ നിയോഗിക്കണം – സി.പി.ഐ

ഇരിങ്ങാലക്കുട : തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡിലെ സ്വകാര്യ ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങളുടെ അമിത വേഗത മൂലം ദിനംപ്രതി അപകടങ്ങൾ കൂടുകയും മനുഷ്യജീവനുകൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വേഗത നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു.

റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിനാൽ അനുവദിക്കപ്പെട്ട സമയത്തിന് സർവ്വീസ് നടത്തുവാൻ സ്വകാര്യ ബസ്സുകൾക്ക് കഴിയാത്തത് അമിത വേഗതക്കും ആശ്രദ്ധമായ ഡ്രൈവിങ്ങിനും കാരണമാകുന്നുണ്ട്. ബസ്സുകളുടെ സർവ്വീസ് നടത്തേണ്ട അനുവദിക്കപ്പെട്ട സമയം റോഡുകൾ പൂർണ്ണമായും സഞ്ചാരയോഗ്യമാകും വരെ പുന:ക്രമീകരിക്കണം. റോഡ് നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.

ഇരിങ്ങാലക്കുട പട്ടണത്തിലെ റോഡുകൾ പൂർണ്ണമായും സഞ്ചാര യോഗ്യമാക്കണം. ഇവിടെ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ തോന്നിയ റോഡുകളിലൂടെയാണ് സ്വകാര്യ ബസ്സുകൾ ഇപ്പോൾ സർവ്വീസ് നടത്തുന്നത്. ട്രാഫിക്ക് നിയന്ത്രണത്തിന് കൂടുതൽ പോലീസ് സേവനം ഉറപ്പുവരുത്തണം.

ക്രൈസ്റ്റ് കോളേജ് മുതൽ പൂതംകുളം വരെയുള്ള റോഡ് നിർമ്മാണ പൂർത്തീകരണത്തിലെ കാലതാമസം ന്യായീകരിക്കുവാൻ കഴിയില്ല. ഇരിങ്ങാലക്കുട ബൈപാസ് റോഡ്, ഉൾപ്പടെ പട്ടണത്തിലെ മുഴുവൻ റോഡുകളും സഞ്ചാരയോ ഗ്യമല്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു. അറ്റകുറ്റ പണികൾ നടത്തി റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന ഇരിങ്ങാലക്കുട മുനിസിപ്പൽ ഭരണത്തിനെതിരെ സി പി ഐ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രസ്താവനയിൽ സിപിഐ മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു.

You cannot copy content of this page