അമൃത് പദ്ധതിയില്‍ നിന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ തുടർച്ചയായി തഴഞ്ഞതിൽ പ്രതിഷേധം വ്യാപകം

കല്ലേറ്റുംകര : അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തല്‍ 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കും എന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണ വിന്റെ പ്രസ്താവനക്ക് പുറകെ സ്റ്റേഷനുകളുടെ ലിസ്റ്റ് എത്തിയപ്പോൾ അതിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ വീണ്ടും തഴഞ്ഞതിൽ റെയിൽവേ യാത്രക്കാരുടെ പ്രതിഷേധം വ്യാപകം. ഇരിങ്ങാലക്കുടയേക്കാൾ താരതമേന്യ ചെറിയ സ്റ്റേഷനുകളും വരുമാനത്തിൽ പുറകിലുള്ളതുമായ പലതും ലിസ്റ്റിൽ ഇടം നേടിയെങ്കിലും ഇരിങ്ങാലക്കുടയെ തഴഞ്ഞത് എന്തുകൊണ്ടാണെന്ന് എന്നതാണ് യാത്രക്കാരുടെ ചോദ്യമെന്ന് പാസഞ്ചർ അസോസിയേഷൻ പ്രസിഡൻ്റ് ഷാജു ജോസഫ് പറഞ്ഞു.

ചാലക്കുടി എം പി യുടെ കീഴിൽ വരുന്ന 3 സ്റ്റേഷനുകളും അമൃത് സ്റ്റേഷനായി, പക്ഷെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ എം പി യുടെ കീഴിലുള്ള ഇരിങ്ങാലക്കുടയുടെ സ്ഥിതി ശോകമായി തുടരുന്നു എന്നുള്ള അഭിപ്രായങ്ങളാണ് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ വാട്സപ്പ് കൂട്ടായ്മയിൽ വരുന്നത്.

ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സിൻ്റെ ആഭിമുഖ്യത്തിൽ റെയിൽവേ സ്റ്റേഷൻ്റെ വികസന പ്രവർത്തനങ്ങളും, നിറുത്തിവച്ച ട്രെയിൻ സ്റ്റോപ്പുകൾ പുനരാരംഭിക്കുന്നതിനും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നതിനുമായ് റെയിൽവേ മാനേജ്മെൻ്റിൻ സമ്മർദ്ദം ചെലുത്തുന്നതിനായ് ഉള്ള ഒരു യോഗം കഴിഞ്ഞ ദിവസം ക്ളേറ്റുംകര ഫാ. ആൻഡ്രൂസ് മെമ്മോറിയൽ ഹാളിൽ ചേർന്നിരുന്നു.

ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി ഫോർ കാലടി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, ചിറയിനിക്കിൽ, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, കായംകുളം, കൊല്ലം, കോഴിക്കോട് മെയിൻ (കാലിക്കറ്റ്), കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ, തലശ്ശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുന്നത്.

രാജ്യത്തുടനീളമുള്ള 1275 റെയിൽവേ സ്റ്റേഷനുകൾ പുനർവികസനത്തിനായി 2023 ഫെബ്രുവരിയിൽ റെയിൽവേ മന്ത്രാലയം ആരംഭിച്ച ഒരു ദൗത്യമാണ് അമൃത് ഭാരത് സ്റ്റേഷൻ യോജന. വിവിധ സ്റ്റേഷൻ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുകയും അവ ഘട്ടം ഘട്ടമായി നടപ്പിലാക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട സ്റ്റേഷൻ പ്രവേശനക്ഷമത, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, ആവശ്യാനുസരണം ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിക്കൽ, ശുചിത്വം, സൗജന്യ വൈ-ഫൈ വാഗ്ദാനം, ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം’ തുടങ്ങിയ സംരംഭങ്ങളിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി കിയോസ്‌ക്കുകൾ സ്ഥാപിക്കൽ, യാത്രക്കാരുടെ വിവര സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. എക്സിക്യൂട്ടീവ് ലോഞ്ചുകൾ, ബിസിനസ് മീറ്റിംഗുകൾക്കായി സ്ഥലം നൽകൽ, ലാൻഡ്സ്കേപ്പിംഗ്, ഓരോ സ്റ്റേഷന്റെയും തനതായ ആവശ്യങ്ങൾ നിറവേറ്റൽ എന്നിവ പദ്ധതിയുടെ ഭാഗമാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page