ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ ഒരു വർഷമായി സഹകരിക്കാത്തവരെ തന്ത്രിമാരായി അംഗീകരിക്കുന്നില്ലെന്ന് കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ ഒരു വർഷമായി സഹകരിക്കാത്തവരെ തന്ത്രിമാരായി അംഗീകരിക്കുന്നില്ലെന്ന് വാർത്ത സമ്മേളനത്തിൽ കൂടൽമാണിക്യം ദേവസ്വം.

കൂടൽമാണിക്യ ക്ഷേത്രത്തിലെ തന്ത്രിമാരെന്ന പേരിൽ ചിലർ പത്രദ്വാരാ കൊടുത്ത റിപ്പോർട്ടുകൾ ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആയത് സത്യ വിരുദ്ധവും ഭക്തജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തുന്നതുമാകയാൽ തന്ത്രിമാരെന്ന പേരിൽ പത്രദ്വാരയും സോഷ്യൽ മീഡിയ വഴിയും പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ദേവസ്വം കമ്മിറ്റി ശക്തിയായി നിഷേധിക്കുന്നു. പ്രസ്തുത പത്ര റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഭക്തജനങ്ങളുടെ അറിവിലേയ്ക്കായി താഴെ പറയുന്ന കാര്യങ്ങൾ അറിയിക്കുന്നു.

ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകളിൽ നിന്നും ചില തന്ത്രിമാർ വിട്ടുനിൽക്കുന്ന നടപടി അങ്ങേയറ്റം നിർഭാഗ്യകരവും ഭക്തജനലക്ഷങ്ങളെ അവഹേളിക്കുന്നതുമാണെന്ന് കൂടൽമാണിക്യം ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റി ഈ പ്രസ്താവനയിലൂടെ അറിയിക്കുന്നു.

2025ലെ പ്രതിഷ്ഠാ ദിനം മുതലാണ് ഈ നിസ്സഹകരണം ആരംഭിച്ചത്. നിയമപ്രകാരം ജോലിക്ക് ചേർന്ന കഴകക്കാരനോട് യോജിച്ചു പോവാൻ സാധ്യമല്ല എന്ന് പറഞ്ഞു കൊണ്ടാണ് നിസ്സഹകരണം തുടങ്ങിയത്. മൂന്നുദിവസത്തെ പ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങേണ്ട ദിവസം വൈകുന്നേരം ഏറെ ചർച്ചകൾക്കൊടുവിലാണ് ആചാരപരമായി ചെയ്യേണ്ട മൂന്നു ദിവസത്തെ ചടങ്ങുകൾ രണ്ടു ദിവസമാക്കി അന്ന് ചില തന്ത്രിമാർ ചെയ്തത്.

പിന്നീടങ്ങോട്ടു നടന്ന പരിപാവനമായ ചടങ്ങുകളായ തണ്ടിക വരവ്, തുപ്പുത്തിരി, മുക്കൂടി, അഷ്ടമംഗല പ്രശ്ന പരിഹാരമായി നടത്തിയ വിളിച്ചു ചൊല്ലി പ്രായശ്ചിത്ത ചടങ്ങുകൾ എന്നിവയിൽ ക്ഷേത്രം തന്ത്രിയായ വെളുത്തേടത്ത് തരണനെല്ലൂർ മന പത്മനാഭൻ നമ്പൂതിരിപ്പാടും, അനിപ്രകാശ് നമ്പൂതിരിപ്പാടും മാത്രമാണ് കൂടൽ മാണിക്യസ്വാമിയുടെ താന്ത്രിക കർമ്മങ്ങൾ അനുഷ്ഠിച്ചു വന്നിട്ടുള്ളത്. ഏറ്റവും ഭക്തിപൂർവ്വവും , ആചാരാനുഷ്ഠാനത്തോടും ചെയ്യേണ്ട ക്ഷേത്ര ചടങ്ങുകളിൽ നിന്നും മുഖം തിരിച്ചു നിലക്കുന്ന മനോഭാവമാണ് കഴിഞ്ഞൊരു വർഷമായി ചില തന്ത്രിമാരിൽ നിന്നും കണ്ടു വരുന്നത്. പതിവായി അവർ ചെയ്തു വന്നിരുന്ന പുഷ്പാഞ്ജലിയടക്കമുള്ള കർമ്മങ്ങൾ ചെയ്യുന്നത് നിരർത്ഥകമായിരിയ്ക്കുമെന്നാണ് തന്ത്രിമാർ രേഖാമൂലം ദേവസ്വം കമ്മിറ്റിയെ അറിയിച്ചിട്ടുള്ളത്.

കോടതി ഉത്തരവുകളും, നാട്ടിലെ നിയമ വ്യവസ്ഥകളും അനുശാസിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നത് നിരർത്ഥകമായി കാണുന്ന ചില തന്ത്രിമാരുടെ നിസ്സഹകരണം വരാനിരിക്കുന്ന ഉത്സവകാലത്തും തുടരാൻ സാദ്ധ്യതയുണ്ടെന്നും, ആ തന്ത്രിമാരുടെ ആ നിലപാട് അംഗീകരിക്കാനാവില്ലായെന്നും ദേവസ്വം കമ്മിറ്റി വിലയിരുത്തുന്നു.

​ഈ വിഷയത്തിൽ നിയമപരമായും, ആചാരപരമായും നിലനിൽക്കുന്ന വസ്തുതകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ദേവസ്വം കമ്മിറ്റി ആഗ്രഹിക്കുന്നു:

1. ഭക്തരുടെ ആരാധനാവകാശം പരമം:
ക്ഷേത്രത്തിലെ നിത്യനിദാനങ്ങളും ഉത്സവങ്ങളും തടസ്സമില്ലാതെ നടക്കുക എന്നത് ഭക്തരുടെ മൗലികമായ അവകാശമാണ്. ഭരണഘടനാപരമായ ഈ അവകാശത്തെ ഹനിക്കാൻ ആചാരപരമായ പദവികൾ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണ്. വ്യക്തിപരമായ തർക്കങ്ങളുടെ പേരിൽ ദൈവീക കർമ്മങ്ങൾ ബഹിഷ്കരിക്കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്.

​2. ദേവസ്വം നിയമങ്ങളുടെ ലംഘനം:
കൂടൽമാണിക്യം ദേവസ്വം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായാണ് ക്ഷേത്രഭരണം നടക്കുന്നത്. തന്ത്രി എന്നത് ഒരു പദവിയും ഉത്തരവാദിത്ത്വവുമാണ്. ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങൾ മുടക്കം കൂടാതെ നടത്താൻ തന്ത്രിക്ക് നിയമപരമായ ബാധ്യതയുണ്ട്. ഈ ഉത്തരവാദിത്വത്തിൽ നിന്ന് വീഴ്ച വരുത്തുന്നത് നിലവിലെ വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കാവുന്നതാണ്.

​ 3. ഭരണപരമായ അധികാരവും ആചാരവും:
ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പൂർണ്ണ അധികാരം നിയമപരമായുണ്ടാക്കിയ ഭരണസമിതിയ്ക്കായിരിക്കെ, ഇതിൽ ഇടപെടാനോ ഇതിന്റെ പേരിൽ ആചാരങ്ങൾ തടസ്സപ്പെടുത്താനോ തന്ത്രിമാർക്ക് അവകാശമില്ല. ഭരണപരമായ വിയോജിപ്പുകൾ അറിയിക്കാൻ നിയമപരമായ വേദികൾ നിലനിൽക്കെ, നിസ്സഹകരണം വഴി ചടങ്ങുകൾ മുടക്കാൻ ശ്രമിക്കുന്നത് കോടതിയലക്ഷ്യത്തിന്ന് തുല്യമാണ്.

​4. ബദൽ സംവിധാനങ്ങൾ :
ഒരു ക്ഷേത്രത്തിൽ നിശ്ചിത തന്ത്രി നിസ്സഹകരിക്കുകയോ കർമ്മങ്ങൾ ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, ഭഗവാന്റെ ചൈതന്യത്തിന് ഭംഗം വരാതെ കർമ്മങ്ങൾ പൂർത്തിയാക്കാൻ മറ്റ് യോഗ്യരായ തന്ത്രിമാരെ നിയോഗിക്കാൻ ദേവസ്വം ഭരണസമിതിക്ക് അധികാരമുണ്ട്.

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ഐതിഹ്യപരമായ മഹത്വം കാത്തുസൂക്ഷിക്കേണ്ട ഉത്സവ ചടങ്ങുകൾ ഭംഗിയായി നടക്കുന്നതിന് ദേവസ്വം മാനേജിങ്ങ് കമ്മിറ്റി ഉത്തരവാദിത്ത പെടുത്തിയ തന്ത്രിമാർക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സം സൃഷ്ടിക്കൂന്ന നീക്കങ്ങളുണ്ടാകുന്ന പക്ഷം, ക്ഷേത്ര ചടങ്ങുകൾ പൂർത്തിയാക്കാൻ വേണ്ട മുൻ നടപടികൾ കൈകൊള്ളാൻ ഭരണസമിതി പ്രതിജ്ഞാബദ്ധരാണെന്നും അറിയിക്കുന്നു.

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ഐതിഹ്യപരമായ മഹത്വം കാത്തുസൂക്ഷിക്കേണ്ട ഉത്സവ ചടങ്ങുകൾ ഭംഗിയായി നടക്കുന്നതിന് ദേവസ്വം മാനേജിങ്ങ് കമ്മിറ്റി ഉത്തരവാദിത്ത പെടുത്തിയ തന്ത്രിമാർക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സം സൃഷ്ടിക്കൂന്ന നീക്കങ്ങളുണ്ടാകുന്ന പക്ഷം, ക്ഷേത്ര ചടങ്ങുകൾ പൂർത്തിയാക്കാൻ വേണ്ട മുൻ നടപടികൾ കൈകൊള്ളാൻ ഭരണസമിതി പ്രതിജ്ഞാബദ്ധരാണെന്നും അറിയിക്കുന്നു.

വാർത്താ സമ്മേളനത്തിൽ ശ്രീകൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ കെ ജി അജയകുമാർ, രാഘവൻ മുളങ്ങാടൻ , ബിന്ദു അഡ്മിനിസ്ട്രേറ്റർ രാജേഷ് . എന്നിവർ പങ്കെടുത്തു.

Koodalamanikyam Devaswom says those who have not cooperated in the temple’s rituals for a year will not be accepted as Thantris.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page