ഇരിങ്ങാലക്കുട : 2026-27 അധ്യയന വർഷത്തിൽ സ്കൂൾ പ്രവേശന നടപടികൾ സുഗമമായും സുരക്ഷിതമായും പൂർത്തിയാക്കുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വിദ്യാലയങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേർത്തത്.
റവന്യൂ, വിദ്യാഭ്യാസം, മോട്ടോർ വാഹനം, തദ്ദേശ സ്വയംഭരണം, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ പഞ്ചായത്തുകളിലെ ജന പ്രതിനിധികൾ, ഡി വൈ എസ് പി മാർ, എസ് എച്ച് ഒ മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഓരോ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കർശന നടപടികൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.
പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി വിപുലമായ മാർഗ്ഗനിർദ്ദേശങ്ങളാണ് തൃശ്ശൂർ റൂറൽ പോലീസ് പുറപ്പെടുവിച്ചിട്ടുള്ളത്. കുട്ടികൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരയാകുന്നത് തടയുക, കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കർശന നിയമനടപടികൾ സ്വീകരിക്കുക എന്നിവയ്ക്കാണ് മുൻഗണന. മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പുമായി ചേർന്ന് സ്കൂൾ പരിസരങ്ങളിൽ സംയുക്ത പരിശോധനകളും റെയ്ഡുകളും ശക്തമാക്കും. NDPS, COTPA നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തും.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്കൂൾ പരിസരങ്ങളിലെ അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ച് മാറ്റുക, വെള്ളക്കെട്ടുകൾക്ക് സാധ്യതയുണ്ടെങ്കിൽ അവ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുക. സ്കൂൾ വാഹനങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, സ്പീഡ് ഗവർണർ, ഫയർ എക്സ്റ്റിംഗുഷർ എന്നിവ നിർബന്ധമാണ്. കൂടാതെ സ്കൂൾ ബസുകളിലെ ഡ്രൈവർമാർക്കും ക്ലീനർമാർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബദ്ധമാണ്. ഈ വിവരങ്ങളും മറ്റും മോട്ടോർ വാഹന വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥർ പരിശോധിച്ച് സ്കൂൾ വാഹനങ്ങൾക്ക് Tested Ok സ്റ്റിക്കറുകൾ പതിക്കും. രാവിലെയും വൈകീട്ടും സ്കൂളുകളിലേക്ക് വരുന്നതും തിരിച്ച് പോകുന്നതുമായ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സർവീസ് പൂർണ്ണമായും നിരോധിക്കാനും തീരുമാനമായി.
സ്കൂൾ പരിസരങ്ങളിലെ സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ പിടിഎ (PTA), സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG), സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) എന്നിവയുടെ പ്രവർത്തനം സജീവമാക്കും. കുട്ടികൾക്കായി റോഡ് സുരക്ഷ, ലഹരിവിരുദ്ധ ബോധവത്കരണം, സൈബർ സുരക്ഷ എന്നിവയിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കും.
ഒരേ പ്രദേശത്ത് പ്രവർത്തിക്കുന്ന സ്കൂളുകളുടെ സമയക്രമത്തിൽ നേരിയ വ്യത്യാസം വരുത്തി ജംഗ്ഷനുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കും. സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചകളിൽ പ്രത്യേക ജാഗ്രത പുലർത്താനും എല്ലാ സ്കൂളുകളിലും നിരന്തര പരിശോധനകൾ നടത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താനും യോഗത്തിൽ തീരുമാനിച്ചു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷ്ണദാസ് വി.എ (അഡീഷണൽ എസ്.പി, തൃശ്ശൂർ), സജികുമാർ സി.കെ (എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, തൃശ്ശൂർ), സാഞ്ചോ വർഗീസ് (ജോയിന്റ് ആർ.ടി.ഒ, ഇരിങ്ങാലക്കുട) സലീഷ്.എൻ.എസ് ഡി.വൈ.എസ്.പി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്), സന്തോഷ് കുമാർ എം (ഡി.വൈ.എസ്.പി, ഇരിങ്ങാലക്കുട സബ് ഡിവിഷൻ), കെ.പി. ബെന്നി (ഡി.വൈ.എസ്.പി, ചാലക്കുടി സബ് ഡിവിഷൻ – ഇൻ ചാർജ്), പ്രമോദ് പി (ഡി.വൈ.എസ്.പി, കൊടുങ്ങല്ലൂർ സബ് ഡിവിഷൻ), കൊരട്ടി, അവിണിശ്ശേരി, കോടശ്ശേരി, മാള, ഇടത്തിരുത്തി, വേളൂക്കര, പറപ്പൂക്കര, ഏങ്ങണ്ടിയൂർ, മതിലകം, വല്ലച്ചിറ, തൃക്കൂർ, ആളൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും മറ്റ് ഭരണസമിതി അംഗങ്ങൾ, PWD വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയിലെ ഉദ്ദ്യോഗസ്ഥർ റൂറൽ പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാർ മറ്റ് പോലീസുദ്ദ്യോഗസ്ഥർ എന്നിവരും അടക്കം 100 ഓളം പേർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



