രാമനാഥൻ മാഷും യാത്രയായി. ഒരു അധ്യാപകൻ എങ്ങനെ ആയിരിക്കണം എന്ന് ഞങ്ങളെ പഠിപ്പിച്ചു തന്ന പ്രിയപ്പെട്ട മാഷ് ഞങ്ങളെ വിട്ടു പോയിരിക്കുന്നു. ബാലസാഹിത്യകാരൻ , സാഹിത്യകാരൻ പ്രഭാഷകൻ എന്നതിൽ ഒക്കയേറെ ഒരു നല്ല മനുഷ്യൻ എങ്ങനെയാകണം എന്നാണ് മാഷ് ഞങ്ങളെ പഠിപ്പിച്ചത്. അതു തന്നെയാണ് തൻറെ ജീവിതത്തിലുടനീളം അദ്ദേഹം പകർത്തിയതും , തുടർന്നു വന്നതും.
വ്യക്തിപരമായി പറഞ്ഞാൽ, എനിക്കിന്ന് ആയിരങ്ങളുടെ മുമ്പിൽ നിന്ന് സംസാരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതിന് എന്നെ പ്രാർപ്തനാക്കിയത് തീർച്ചയായും രാമനാഥൻ മാഷ് തന്നെയായിരുന്നു. നാഷണൽ സ്കൂളിലെ എല്ലാ ബുധനാഴ്ചകളിലും നടക്കാറുള്ള സാഹിത്യ സമാജം മീറ്റിങ്ങുകളിലൂടെയാണ് ഏതു സദസ്സിന്നു മുന്നിലും മുട്ടുവിറക്കാതെ നിന്ന് സംസാരിക്കാൻ മാഷ് എന്നെ പ്രാപ്തനാക്കിയത്. അതുപോലെ ഒരുപാട് തന്റെ വിദ്യാർത്ഥികളെ ജീവിതത്തിന്റെ ഔന്നത്തത്തി ലെത്തിച്ചിട്ടുണ്ടെങ്കിൽ അത് മാഷിന്റെ ദീർഘവീക്ഷണം ഒന്നു കൊണ്ടുമാത്രമാണ്. ഗായകൻ ജയേട്ടൻ, ISRO വിലെ രാധാകൃഷ്ണേട്ടൻ , ഡോ. ഗംഗാധരൻ ചേട്ടൻ എന്നിങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു ……
അതുപോലെ ഞങ്ങൾ ക്ലാസ്സിൽ ഒരു കയ്യെഴുത്തു മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു. ദുഃഖപ്രസാദ് ഖത്രിയുടെ മൃത്യുകിരണവും , ചെമന്ന കൈപ്പത്തിയും ഒക്കെ വായിച്ച് ആവേശം കൊണ്ട് ഞാനും ഒരു ഡിറ്റക്റ്റീവ് നോവൽ പ്രസ്തുത കൈയ്യഴുത്തു പ്രതിയിൽ എഴുതി തുടങ്ങിയിരുന്നു. ആദ്യത്തെ ലക്കത്തിൽ തന്നെ അടുത്തു വരുന്ന ഭാഗങ്ങളിലെ സസ്പെൻസും വെച്ചു കാച്ചിയിരുന്നു. അടുത്ത ലക്കത്തിൽ എഴുതേണ്ട ഭാഗത്തിനെപ്പറ്റി മാഷ് അന്വേഷിക്കുകയുണ്ടായി. ആദ്യത്തെ ആവേശത്തിൽ ഒരു ലക്കം എഴുതി എന്നതല്ലാതെ ബാക്കിയുള്ളതിനെ പറ്റി മനസ്സിൽ ഒന്നും ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല . എന്നാൽ അന്ന് മാഷു പറഞ്ഞ ഒരു കാര്യം ഓർമ്മയിൽ ഇന്നും നിൽക്കുന്നുണ്ട്. “കുറഞ്ഞത് 5 ലക്കത്തിലേക്കുള്ള മാറ്റർ എങ്കിലും തയ്യാറായെങ്കിൽ മാത്രമെ ഖണ്ടശ പ്രസിദ്ധീകരണത്തിന് പുറപ്പെടാവൂ” . എന്റെ ഭാഗ്യത്തിന്ന് ആദ്യത്തെ ലക്കത്തോടു കൂടി കൈയെഴുത്തു മാസിക നിന്നു പോയി. ഞങ്ങളുടെ ക്ലാസിലെ ഏറ്റവും നല്ല മലയാളം കൈയ്യക്ഷരം ഉണ്ടായിരുന്ന മുരളി ജി ആണ് അത് എഴുതാറ് . ഞങ്ങളെ എല്ലാവരേയു കൊണ്ട് എഴുതിച്ച്, അതിലെ തെറ്റു തിരുത്തി ആ സാഹിത്യ മാസിക പ്രസിദ്ധപ്പെടുത്താൻ സാധിച്ചത് മാഷുടെ, അത്യധ്വാനം ഒന്നു കൊണ്ടു മാത്രമായിരുന്നു.
പലപ്പോഴും പിന്നീട് മാഷേ വീട്ടിൽപോയി കാണാറുണ്ട് . ശാരീരിക ക്ലേശങ്ങളുടെയിടയിൽ പോലും പുഞ്ചിരിയോട് കൂടി മാത്രമെ മാഷ് എന്നും സ്വീകരിച്ചിട്ടുള്ളൂ. മാഷേ ഇനി കാണാൻ സാധിക്കില്ല എന്നുള്ളത് മനസ്സിനെ ഏറെ ദുഖിപ്പിക്കുന്നു.
നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടാകാറുള്ള അതി പ്രഗൽഭരായ വ്യക്തികളുടെ കൂട്ടത്തിൽ എന്റെ പ്രിയപ്പെട്ട , എന്നെ ഏറെ സ്നേഹിച്ച എന്റെ സ്നേഹനിധിയായ മാഷ് ശോഭിച്ചു നിൽക്കട്ടെ ………
അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാജ്ഞന ശലാകയാ
ചക്ഷുരുൻമീലിതം യേനാ
തസ്മൈ ശ്രീ ഗുരവെ നമ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com