നൂറുമേനി വിജയം നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും വിദ്യാർത്ഥി പ്രതിഭകൾക്കും ആദരം ശനിയാഴ്ച

ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദുവിന്‍റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലംതല വിദ്യാഭ്യാസ പുരസ്ക്കാര വിതരണം “ആദരം 2023” ജൂലൈ 8 ശനിയാഴ്ച ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി – പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ സംസ്ഥാന സിലബസ്സിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകളെയും നൂറുമേനി വിജയം നേടിയ വിദ്യാലയങ്ങളെയുമാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.


ഇരിങ്ങാലക്കുട : ശനിയാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കുന്ന ആദരിക്കൽ ചടങ്ങ് മന്ത്രി ഡോ ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി – പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളേയും മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളേയുമാണ് ആദരിക്കുന്നത്.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 6-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഗണിതശാസ്ത്ര – ഇംഗ്ലീഷ് ഭാഷ പരിശീലന പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും.

പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. രജിസ്ട്രേഷൻ രാവിലെ 8.30 ന് ആരംഭിക്കും. തൃശ്ശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട സ്വദേശിയായ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ മുഖ്യാതിഥിയായിരിക്കും.

ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.

You cannot copy content of this page