പുതുപ്രതീക്ഷകളേകി കുറുപ്പാശാനനുസ്മരണം സമിതിയും കലാമണ്ഡലവും സംയുക്തമായി ആചരിച്ചു

ഇരിങ്ങാലക്കുട : കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനാചരണക്കമ്മിറ്റിയും, ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബും ചേർന്ന് 36ാമത് കുറുപ്പാശാൻ അനുസ്മരണം, കേരള കലാമണ്ഡലവുമായി കൈകോർത്ത് പുത്തൻ പ്രതീക്ഷകളേകികൊണ്ട് ആചരിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജുമായി സഹകരിച്ചാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കുറുപ്പാശാൻ അനുസ്മരണം “ഒക്ടോബർ ഒമ്പത്” അരങ്ങേറിയത്. അഖിലേന്ത്യാ കഥകളിസംഗീത മത്സരം, സംഗീതാർച്ചന, ഗായകസംഗമം, അനുസ്മരണസമ്മേളനം, സ്മാരകപ്രഭാഷണം, കഥകളി എന്നീ പരിപാടികൾ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.

ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളിൽ ഇന്ദിരാഗാന്ധി നാഷണൽ സെൻറർ ഫോർ ആർട്സ് സഹകരിക്കുമെന്ന്, രംഗകലകളിൽ പ്രതിഭാധനരായ ഇത്തരം കലാകാരന്മാരെ അനുസ്മരിക്കുന്നതിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കവേ റീജിയണൽ ഡയറക്ടർ ഡോക്ടർ മാനസി രഘുനന്ദൻ തന്റെ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. വരുംവർഷങ്ങളിലും കേരളകലാമണ്ഡലം സംയുക്തമായി “ഒക്ടോബർ ഒമ്പത്” സംഘടിപ്പിക്കുമെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോക്ടർ പി രാജേഷ് കുമാർ തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

കേരള കലാമണ്ഡലവുമായി അക്കാഡമിക് സഹകരണത്തോടെ ക്രൈസ്റ്റ് കോളേജിൽ ഒരുവർഷത്തിനകം പെർഫോമിങ്ങ് ആർട്സുമായി ബന്ധപ്പെട്ട കോഴ്സുകൾ ആരംഭിക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ ഫാദർ ഡോക്ടർ ജോളി ആൻഡ്രൂസ് മുഖ്യസാന്നിധ്യമരുളിക്കൊണ്ട് സംസാരിച്ചു. കോളേജ് മാനേജർ ഫാദർ ജോയ് പിനിക്കപ്പറമ്പിൽ ആശംസകൾ നേർന്നു.

സ്മര്യപുരുഷന്റെ ഗേയമാർഗ്ഗത്തിന്റെ പ്രത്യേകതകളേയും, ആ ഗായകൻ നടത്തിയ സംഭാവനകളേയും പ്രതിപാദിച്ചുകൊണ്ട് കലാനിരൂപകൻ കെ ബി രാജ് ആനന്ദ് നടത്തിയ അനുസ്മരണ പ്രഭാഷണം ഏറെ ശ്രദ്ധേയമായി. ഉണ്ണിക്കൃഷ്ണക്കുറുപ്പ് ദിനാചരണക്കമ്മിറ്റി സെക്രട്ടറി പാലനാട് ദിവാകരൻ സ്വാഗതവും ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ കൃതജ്ഞതയും രേഖപ്പെടുത്തി.

കാലത്ത് പ്രശസ്ത കഥകളിഗായകരായ കലാനിലയം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം ഗോപാലകൃഷ്ണൻ, പാലനാട് ദിവാകരൻ, കലാമണ്ഡലം മോഹനകൃഷ്ണൻ എന്നിവർ ഭദ്രിദീപം തെളിയിച്ചു. തുടർന്ന് നടന്ന സംഗീതാർച്ചനയിലും ഗായകസംഗമത്തിലും മുതിർന്ന പല ഗായകരോടൊപ്പം കഥകളി സംഗീതവിദ്യാർത്ഥികളും പങ്കെടുത്തു.

സന്ധ്യക്ക് കേരള കലാമണ്ഡലം അവതരിപ്പിച്ച കഥകളി അരങ്ങേറി. സുഭദ്രാഹരണം കഥയിൽ കലാമണ്ഡലം ഷൺമുഖദാസ് ബലഭദ്രരായും കലാമണ്ഡലം ആദിത്യൻ ശ്രീകൃഷ്ണനായും വേഷമിട്ടു.

തുടർന്നുനടന്ന ദുര്യോധനവധം കഥയിൽ കലാമണ്ഡലം രവികുമാർ ദുര്യോധനനായും, കലാമണ്ഡലം നീരജ് ദുശ്ശാസനനായും, ഹരിശങ്കർ ധർമ്മപുത്രരായും, ജ്യോതിഷ് ശകുനിയായും, കലാമണ്ഡലം വിശാഖ് പാഞ്ചാലിയായും, കലാമണ്ഡലം ശബരിനാഥ് ശ്രീകൃഷ്ണനായും, ഋതുൻ കൃഷ്ണ മുമുക്ഷുവായും, ആദിത്യൻ, അഭിഷേക്, ബിബിൻ കൃഷ്ണ എന്നിവർ സഭാവാസികളായും, കലാമണ്ഡലം മുകുന്ദൻ രൗദ്രഭീമനായും വേഷമിട്ടു.

കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ് കുമാർ, കലാമണ്ഡലം വിനോദ്, കലാമണ്ഡലം അജേഷ് പ്രഭാകർ, കലാമണ്ഡലം വിശ്വാസ്, വിനീഷ്, ശ്രീജിത്ത് എന്നിവർ സംഗീതമൊരുക്കി.

കലാമണ്ഡലം ബാലസുന്ദരൻ, കലാമണ്ഡലം വേണു മോഹൻ, ആദിത്യൻ എന്നിവരെ കൂടാതെ പ്രശസ്ത കഥകളി ചെണ്ടവാദകൻ കലാമണ്ഡലം ഉണ്ണികൃഷ്ണനും ചെണ്ടയിൽ മേളമൊരുക്കി.

കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം ശ്രീജിത്ത്, കലാമണ്ഡലം വൈശാഖൻ, വിഷ്ണു, സന്തോഷ് എന്നിവർ മദ്ദളത്തിലും പക്കമേളമൊരുക്കി. കലാമണ്ഡലം മുരളി കലാമണ്ഡലം ശ്രീജിത്, ദഗിൻ എന്നിവർ ചുട്ടികുത്തി. രമേശൻ, സോഹൻ, നാരായൺ, രാമചന്ദ്രൻ, രാമകൃഷ്ണൻ എന്നിവർ അണിയറ സഹായികളായി.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page