ഈസ്റ്റർ സര്‍വകാലാതീതമായ പ്രത്യാശയുടെ സന്ദേശം – ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍റെ ഈസ്റ്റർ സന്ദേശം : മനുഷ്യകുലത്തിന്‍റെ പാപപ്പരിഹാരത്തിനായി അവതരിച്ച ദൈവപുത്രനായ ക്രിസ്തു തന്‍റെ പീഡാസഹനവും കുരിശുമരണവും പിന്നിട്ട് മഹത്വപൂര്‍ണനായി ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ ആഘോഷവും അനുഷ്ഠാനവുമാണ് ഈസ്റ്റര്‍. തിന്മയ്ക്കും അന്ധകാരശക്തികള്‍ക്കും മേല്‍ അവിടുന്നു തന്‍റെ ഉത്ഥാനത്തിലൂടെ അനിഷേധ്യമായ വിജയം കുറിക്കുകയായിരുന്നു. ജീവിതത്തില്‍ വേദനകളും യാതനകളും കഷ്ടപ്പാടുകളും തീര്‍ക്കുന്ന ഇരുളിന്‍റെ തുരങ്കത്തിനപ്പുറം പ്രതീക്ഷയുടെയും പ്രത്യാശയുടെയും പ്രഭാതമുണ്ടെന്ന സര്‍വകാലാതീതമായ സന്ദേശമാണ് ക്രിസ്തുവിന്‍റെ ഉത്ഥാനം നല്‍കുന്നത്.

എവിടെ മനുഷ്യന്‍ ഒറ്റപ്പെടുത്തപ്പെടുന്നുവോ, എവിടെ അവന്‍ അവഗണിക്കപ്പെടുന്നുവോ, എവിടെ അവന്‍ മുറിവേല്‍പ്പിക്കപ്പെടുന്നുവോ അവിടെയൊക്കെ സഹനത്തിന്‍റെയും സഹിഷ്ണുതയുടെയും അവയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെയും ഓര്‍മപ്പെടുത്തലുകളുമായി ക്രിസ്തുവിന്‍റെ ഉയിര്‍പ്പ് ഉയര്‍ന്നുനില്‍ക്കുന്നു. ജാതിമതഭേദമെന്യെ സര്‍വമനുഷ്യരും സാഹോദര്യത്തില്‍ കൈകോര്‍ക്കണമെന്ന ദൈവികാഹ്വാനത്തിന്റെയും മാനവിക അനിവാര്യതയുടെയും ഈസ്റ്റര്‍ സന്ദേശം, വിവിധ കാരണങ്ങളാല്‍ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ജീവിതത്തില്‍ വഴിവിളക്കാകട്ടെ. എല്ലാവര്‍ക്കും ഉയിര്‍പ്പുതിരുനാളിന്റെ ഹൃദ്യമായ ആശംസകള്‍ നേരുന്നു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD