ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലമെന്ന കൂടിയാട്ട വിദ്യാലയത്തിൽ വർഷം തോറും നടക്കുന്ന കൂടിയാട്ട മഹോത്സവത്തിന് ജനുവരി 1 ന് തിരി തെളിയും. ഗുരുകുലത്തിലെ ആചാര്യനായിരുന്ന ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാർ അനുസ്മരണത്തോടെയാണ് മഹോത്സവം ആരംഭിക്കുന്നത് . അതോടൊപ്പം മിഴാവിന്റെ ആചാര്യൻ പത്മശ്രി പി.കെ.നാരായണൻ നമ്പ്യാരാശാന്റെ അനുസ്മരണവും നടത്തുന്നു.
ശ്രി പെരുവനം കുട്ടൻ മാരാർ മഹോത്സവം ഉദ്ഘാടനം ചെയ്യും. പാമ്പുംമേക്കാട് ജാതവേദൻ നമ്പൂതിരി പരമേശ്വര ചാക്യാർ അനുസ്മരണവും കലാമണ്ഡലം ഉണ്ണികൃഷ്ണൻ നമ്പ്യാർ, കലാമണ്ഡലം രാജീവ് എന്നിവർ പത്മശ്രി നാരായണൻ നമ്പ്യാർ ആശാൻ അനുസ്മരണവും നടത്തും.
വേണു.ജി. അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവർ ഭദ്രദീപം കൊളുത്തി ആചാര്യവന്ദനത്തോടെ ആരംഭിക്കുന്ന യോഗത്തിന് ഗുരുകുലം പ്രസിഡന്റ് നാരായണൻ നമ്പ്യാർ സ്വാഗതവും സെക്രട്ടറി സൂരജ് നമ്പ്യാർ നന്ദിയും പറയും. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ സ്മിത കൃഷ്ണകുമാർ ആശംസയർപ്പിച്ച് സംസാരിക്കും തുടർന്ന് ഗുരുകുലം ശ്രുതി അവതരിപ്പിക്കുന്ന കംസജനനം നങ്ങ്യാർ കൂത്തോടെ 12 ദിവസം നീണ്ടു നില്ക്കുന്ന കൂടിയാട്ട മഹോത്സവം ആരംഭിക്കും.
മുപ്പത്തി ഏഴാമത് മഹോത്സവത്തിൽ ആശ്ചര്യചൂഡാമണി നാടകത്തിലെ ശൂർപ്പണഖാങ്കം കൂടിയാട്ടം നിർവഹണത്തോടെ അവതരിപ്പിക്കും കൂടാതെ ദൂതവാക്യം, തോരണയുദ്ധം, അശോകവനികാങ്കം മണ്ഡോദരി നിർവ്വഹണം, മഹിഷാസുരവധം നങ്ങ്യാർ കൂത്ത്, വൃന്ദാവനഗമണം നങ്ങ്യാർ കൂത്ത് എന്നിവ അവതരിപ്പിക്കും. അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ ദിവസവും വൈകിട്ട് 6 മണിക്കാണ് കൂടിയാട്ടം ആരംഭിക്കുന്നത്.