തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ 22, 23, 24 തീയതികളിൽ : കൂടൽമാണിക്യം ക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ നടന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ മുന്നോടിയായി കലവറ നിറയ്ക്കൽ നടന്നു. ഒക്ടോബർ 22,23,24 ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ആഘോഷങ്ങൾ.

വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ കിഴക്കേ നടപ്പുരയിൽ മുതിർന്ന ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റി മെമ്പർ ഭരതൻ കണ്ടേങ്കാട്ടിൽ നിലവിളക്ക് കൊളുത്തി. തുടർന്ന് ഭക്തജനങ്ങൾ ഉണക്കലരി, പച്ചക്കറി, ചേന,ചേമ്പ്, നാളികേരം, പപ്പടം മുതലായവ സമർപ്പിച്ചു.

ഒക്ടോബർ 22 ഞായറാഴ്ച രാവിലെ പോട്ട പ്രവൃത്തി കച്ചേരിയിലെ ചടങ്ങുകൾക്കുശേഷം സദ്യ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുറപ്പെടുന്ന തണ്ടികയെ കച്ചേരിവളപ്പിൽ നിന്നും സ്വീകരിച്ചു ആനയിക്കും. വൈകീട്ട് ഏഴുമണിയോടെ ക്ഷേത്രത്തിലെത്തും. മുൻവർഷങ്ങളിലെപ്പോലെ ഇത്തവണയും പത്തര തണ്ട് ഉണ്ടായിരിക്കും.

തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു. വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യ സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. പിറ്റേന്ന് ഈ വസ്തുക്കള്‍ ദേവന് നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് സദ്യയായി വിതരണം ചെയ്യും.

ഊട്ടുപുരയിലാണ് തിങ്കളാഴ്ച തൃപ്പുത്തരി സദ്യ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 24 ചൊവ്വാഴ്ച്ച മുക്കുടി നിവേദ്യം നടക്കും. കുട്ടഞ്ചേരി അനൂപ് മൂസിന്റെ നേതൃത്വത്തിലാണ് മുക്കുടി മരുന്ന് തയ്യാറാക്കുക. ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ ജി അജയകുമാർ, ഭരതൻ കണ്ടേങ്കാട്ടിൽ, പ്രേമരാജൻ എന്നിവർ പറഞ്ഞു,

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page