കര്‍ഷകരും ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു – താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കും: മന്ത്രി ആര്‍. ബിന്ദു – സ്ഥിതിഗതികള്‍ വിദഗ്ധ കമ്മിറ്റി പരിശോധിക്കും

ഇരിങ്ങാലക്കുട : താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കുമെന്നും ജനങ്ങളുടെ കുടിവെള്ള ഭീതികള്‍ക്കും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുമെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട കരുവന്നൂരിലെ താമരവളയം ബണ്ട് നിര്‍മാണം സംബന്ധിച്ച് കര്‍ഷകരും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ് കലക്ടര്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭൂജല വകുപ്പ്, തദ്ദേശസ്വയംഭരണം വകുപ്പ് എഞ്ചിനീയര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായി. കര്‍ഷകരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കില്ല. കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് തക്കതായ പരിഹാരം കാണുമെന്നും ഉറപ്പ് നല്‍കി. പൊതുകാര്യത്തില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവെച്ച് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

continue reading below...

continue reading below..സബ് കലക്ടറുടെ നേതൃത്വത്തില്‍ വരുംദിവസം തന്നെ സ്ഥിതിഗതികള്‍ വിദഗ്ധ കമ്മിറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. പഴയ താമരവളയം ബണ്ട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് ബണ്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കല്‍ സാങ്കേതികമായി പ്രായോഗികതയല്ലെന്ന് ഇറിഗേഷന്‍ വകുപ്പ് വ്യക്തമാക്കി.യോഗത്തില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്ക്, ഇരിങ്ങാലകുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍, മുരിയാട് ഗ്രാമപഞ്ചായത്ത് ജോസ് ജെ ചിറ്റിലപ്പിള്ളി, വല്ലച്ചിറ ഗ്രാമപഞ്ചായത് പ്രസിഡന്റ് എന്‍ മനോജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You cannot copy content of this page