കാഴ്ച പരിമിതിയുള്ള അർജ്ജുന്റെ പഠനം മുടങ്ങില്ല – തൃശൂര്‍ ലോ കോളേജില്‍ പ്രത്യേക ക്വാട്ട സൃഷ്ടിച്ചു നല്‍കി മന്ത്രി ആര്‍ ബിന്ദു

ഇരിങ്ങാലക്കുട : കാഴ്ച പരിമിതി നേരിടുന്ന തൃശൂര്‍ വിയ്യൂര്‍ സ്വദേശി അര്‍ജുന്‍ കെ കുമാറിന്റെ നിയമ പഠനം മുടങ്ങാതിരിക്കാന്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സവിശേഷ ഇടപെടല്‍. എണാകുളം ലോ കോളേജില്‍ നിയമ പഠനത്തിന് എല്‍എല്‍എം സീറ്റ് ലഭിച്ചെങ്കിലും യാത്രാ പ്രശ്‌നം തന്റെ ഉന്നത പഠനത്തില്‍ ഇരുള്‍ വീഴ്ത്തുമോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് പ്രതീക്ഷയുടെ വെളിച്ചമായി മന്ത്രി ബിന്ദുവിന്റെ ഇടപെടലുണ്ടായത്. എറണാകുളം കോളേജില്‍ നിന്ന് തന്റെ പഠനം തൃശൂര്‍ ലോ കോളേജിലേക്ക് മാറ്റിത്തരണമെന്നു കാണിച്ച് അര്‍ജുന്‍ മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഈ ശ്രദ്ധേയമായ ഇടപെടല്‍.

അര്‍ജുന്റെ പ്രശ്‌നത്തിന് പരിഹാരമായി തൃശൂര്‍ ലോ കോളേജില്‍ കാഴ്ച പരിമിതി നേരിടുന്നവര്‍ക്കായി ഒരു സീറ്റ് സൃഷ്ടിക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടാണ് മന്ത്രി ഇത് സാധ്യമാക്കിയത്. ഇക്കാര്യത്തില്‍ സര്‍വകലാശാല ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. തുടര്‍ന്ന് അര്‍ജുന്റെ പഠനം എറണാകുളം കോളേജില്‍ നിന്ന് തൃശൂര്‍ ലോ കോളേജില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട സീറ്റിലേക്ക് മാറ്റിക്കൊണ്ടുള്ള ഇത്തരവ് മന്ത്രി എത്രയും വേഗം തരപ്പെടുത്തി നല്‍കുകയായിരുന്നു. ഇതോടെ മുടങ്ങിപ്പോവുമെന്ന് ഒരു വേള താന്‍ ഭയപ്പെട്ട നിയമത്തിലെ ബിരുദാനന്തര ബിരുദ പഠനം കൂടുതല്‍ മികവോടെ തുടരാനാകുമെന്ന ആശ്വാസത്തിലാണ് അര്‍ജുന്‍ കെ കുമാര്‍.

continue reading below...

continue reading below..

അര്‍ജുന്റെ എല്‍എല്‍എം സീറ്റ് എറണാകുളം ലോ കോളേജില്‍ നിന്ന് തൃശൂര്‍ ലോ കോളേജിലേക്ക് മാറ്റി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് മന്ത്രി ഡോ. ആര്‍ ബിന്ദു തൃശൂരിലെത്തി അര്‍ജുന് കൈമാറി. തൃശൂര്‍ രാമനിലയത്തില്‍ നടന്ന ചടങ്ങിലായിരുന്നു ഇത്.

വിദ്യാഭ്യാസ രംഗം കൂടുതല്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിലൂടെ അവര്‍ക്ക് പഠനം കൂടുതല്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഉത്തരവ് കൈമാറിയ ശേഷം മന്ത്രി പറഞ്ഞു. വീടിനടുത്ത കോളേജില്‍ തന്നെ പഠനം തുടരാനായതിന്റെ സന്തോഷം അര്‍ജുനും മറച്ചുവച്ചില്ല. ഇതിന് മുന്‍കൈയെടുത്ത മന്ത്രിക്ക് നന്ദി പറഞ്ഞാണ് പഠനത്തില്‍ മിടുക്കനായ അര്‍ജുൻ ഉത്തരവുമായി മടങ്ങിയത്.

അച്ഛന്‍ കൃഷ്ണ കുമാര്‍, അമ്മ അമ്പിളി എന്നിവരും സന്തോഷ മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ അര്‍ജുനൊപ്പം എത്തിയിരുന്നു.

കേരളവര്‍മ്മ കോളേജില്‍ ഫിലോസഫിയില്‍ ബിരുദമെടുത്ത ശേഷമാണ് അര്‍ജുന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കുന്നത്.

You cannot copy content of this page