ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ കേന്ദ്രസംസ്കൃത സർവ്വകലാശാലയുടെ സംസ്കൃത പഠന കേന്ദ്രത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം നവംബർ 14 വെള്ളിയാഴ്ച സംസ്കൃത സർവ്വകലാശാല വി.സി. ഡോ. കെ.കെ. ഗീതാകുമാരി നിർവ്വഹിക്കുന്നു.
പ്രസ്തുത ചടങ്ങിൽ ക്രൈസ്റ്റ് കോളേജും കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബും സംയുക്തമായി വിദ്യാർത്ഥികളിലും യുവാക്കളിലും രംഗകലാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൻ്റെ ഭാഗമായി വൈവിദ്ധ്യമാർന്ന കലാബോധന ക്ലാസുകൾ ആരംഭിക്കുന്നതിനായുള്ള പരസ്പരധാരണാ പത്രത്തിൽ ഒപ്പുവക്കും.
കഥകളി, കൂടിയാട്ടം, നൃത്തങ്ങൾ തുടങ്ങി വിവിധങ്ങളായ വിഷയങ്ങളാണ് ഈ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് ലഭിക്കുക. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള 26 ക്ലാസുകളാണ് ഒരദ്ധ്യയനവർഷത്തിൽ ഈ പദ്ധതിപ്രകാരം ഉണ്ടായിരിക്കുക.
ആട്ടക്കഥ പരിചയം, സംഗീത-വാദ്യ-നാട്യപ്രകരണ പരിചയം, മുദ്രാവബോധനം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളാണ് കളരിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. വരും മാസങ്ങളിൽ ക്ലബ്ബ് ഒരുക്കുന്ന കളിയരങ്ങുകളിലെ ആട്ടക്കഥകളെ അവലംബിച്ചാണ് ഈ ക്ലാസുകൾക്ക് രൂപം നല്കുക.
കൂടാതെ ദേശീയതല സെമിനാറുകളും കോൺഫ്രൻസുകളും ക്രൈസ്റ്റ് കോളേജ് IKS സെല്ലായ നാട്യപാഠശാലയുടെ ഭാഗമായി ഭാവിയിൽ ക്രൈസ്റ്റ്കോളേജിൽ സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ഈ കളരിപരമ്പരയിലും ക്ലബ്ബ് ഒരുക്കുന്ന കളിയരങ്ങിലും മുഴുവനായും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് ക്ലബ്ബിൻ്റെ വാർഷികാഘോഷത്തിൽ വിതരണം ചെയ്യും. പ്രസ്തുത പദ്ധതിയിൽ മറ്റ് ഹൈസ്കൂൾ-കോളേജ് വിദ്യാലയങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളേയും ഉൾപ്പെടുത്തുന്നതാണ്.
ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഡോക്ടർ ഫാദർ ജോളി ആൻഡ്രൂസും ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശനും ധാരണപത്രത്തിൽ ഒപ്പുവയ്ക്കും. സംസ്കൃതഭാരതിയുടെ ഓൾ ഇന്ത്യ സെക്രട്ടറി നന്ദകുമാർ, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീനിക്കപ്പറമ്പിൽ, സംസ്കൃത വിഭാഗാധ്യക്ഷ ഡോ. വിനിത ഇ IQAC കോ ഓഡിനേറ്റർ ഡോ. ഷിൻ്റോ കെ ജി, സുനിൽകുമാർ മിശ്ര, അസി. പ്രൊഫ.ആശ എൻ എസ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

