ഇനി ചെറിയ ചിലവില്‍ ഡ്രൈവിങ് പഠനം – ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി യിൽ ഡ്രൈവിങ് സ്കൂൾ വരുന്നു

ഇരിങ്ങാലക്കുട : കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ഡ്രൈവിങ് പരിശീലനം ലക്ഷ്യമിട്ട് കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിങ് സ്‌കൂളുകള്‍, കെ.എസ്.ആര്‍.ടി.സി.ക്കു വന്‍ ലാഭമാണ് സമ്മാനിക്കുന്നത്. നിലവിൽ ചാലക്കുടി, ഗുരുവായൂർ സെന്ററുകളിൽ ഡ്രൈവിങ് സ്കൂ‌ൾ വിജയകരമായി പ്രവർത്തിക്കുന്നതിനു പിന്നാലെ ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെന്ററിലും ഡ്രൈവിങ് സ്കൂ‌ൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കുന്നു. കഴിഞ്ഞ ദിവസം ചേർന്ന മുകുന്ദപുരം താലൂക് വികസന സമിതിയിൽ മന്ത്രി ഡോ ആർ ബിന്ദു ഇതേപ്പറ്റി സൂചിപ്പിച്ചിരുന്നു.

ഡ്രൈവിംഗ് സ്കൂളിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം കണ്ഠേശ്വരത്തുള്ള ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ്റ്റാൻഡിൽ സജ്ജമാണെന്നുള്ളതാണ് പ്രധാന ഘടകം. വണ്ടികൾ ഓടിച്ചു പഠിക്കുന്നതിനും വാഹനങ്ങളുമായി എത്തുന്നവർക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും സ്ഥലവും, ഓഫീസ് ആരംഭിക്കുന്നതിനുള്ള കെട്ടിടവും നിലവിൽ ഇരിങ്ങാലക്കുടയിൽ ഉണ്ട്.

ടു, ത്രീ, ഫോർ വിലറുകൾക്കും ഹെവി വാഹനങ്ങൾക്കും സ്കൂളിൽ പരിശീലനം നൽകാനാണ് തീരുമാനം. ഇതിനാവശ്യമായ നിർദേശം ഓപ്പറേറ്റിങ് സെൻ്റർ മന്ത്രിക്ക് നൽകിയിട്ടുണ്ട്.

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവിങ് സ്‌കൂളുകളിലെ പഠനം. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ ബസുകൾ പാർക്കുചെയ്യുന്നതിനുള്ള ഷെൽട്ടർ, ബസ് ബേ അതിനുമുകളിൽ ഓഡിറ്റോറിയം എന്നിവ നിർമിക്കുന്നതിനായി സർക്കാർ മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page