കൊടുങ്ങല്ലൂർ : നിരാലംബയായി ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന വയോധികയ്ക്ക് സാമൂഹ്യനീതി വകുപ്പും മെയിന്റനൻസ് ട്രൈബ്യൂണൽ ഇരിങ്ങാലക്കുടയും ചേർന്ന് സംരക്ഷണമുറപ്പാക്കി. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി രണ്ടാം വാർഡിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന അറക്കപ്പറമ്പിൽ എൽസി എന്ന 60 വയസ്സുള്ള വയോധികയെ ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോയ്സി സ്റ്റീഫൻ, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ & ആർ.ഡി.ഓ എം.കെ.ഷാജി എന്നിവരുടെ നിർദ്ദേശപ്രകരം കൊടുങ്ങല്ലൂരുള്ള ‘ആശ്രയം’ അഗതി മന്ദിരത്തിലേക്ക് പുനരധിവസിപ്പിച്ച് സംരക്ഷണം ഉറപ്പാക്കുകയായിരുന്നു. കൊടുങ്ങല്ലൂരിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന അവിവാഹിതയായ എൽസിയുടെ രോഗാവസ്ഥയും ജീവിത സാഹചര്യവും ആശാ വർക്കർ ശ്രീലത.ടി.സി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശിഖ മാർവിൻ, സി.ഡി.പി.ഓ. ബിനിത.ടി.എ എന്നിവർ സാമൂഹ്യനീതി വകുപ്പിനെയും മെയിന്റനൻസ് ട്രൈബ്യൂണൽ ഇരിങ്ങാലക്കുടയെയും അറിയിക്കുകയായിരുന്നു.
വാടകവീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന എൽസിയ്ക്ക് പ്രമേഹം മൂർച്ഛിച്ച് കാലിൽ പഴുപ്പ് ബാധിച്ചിരുന്നു. ആശാവർക്കറും വാർഡ് കൗൺസിലർ രശ്മിയും ഐ.സി.ഡി.എസ് സൂപ്പർവൈസറും, എൽസിയുടെ സുഹൃത്ത് സന്ധ്യയും ചേർന്ന് ജനുവരിയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കാലിൽ സർജറി നടത്തുകയും മികച്ച ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. കാലിലെ പഴുപ്പ് മൂലം രണ്ടു വിരലുകൾ നീക്കം ചെയ്ത വയോധികയ്ക്ക് പരസഹായമില്ലാതെ നടക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അവിവാഹിതയായ ഇവർക്ക് ഒരു സാഹോദരനും സഹോദരിയുമുണ്ടെങ്കിലും പരിചരിക്കാൻ പറ്റാത്ത സാഹചര്യമാണ്. നാട്ടുകാരിയും എൽസിയുടെ സുഹൃത്തുമായ സന്ധ്യ എന്നവരും എൽസിയെ രോഗാവസ്ഥയിൽ പിന്തുണച്ചു.
ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി. രാധാകൃഷ്ണൻ, സാമൂഹ്യ നീതി വകുപ്പ് ഓർഫനേജ് കൗൺസിലർ ദിവ്യ അബീഷ് എന്നിവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നേരിട്ടെത്തി. ആശാ വർക്കർ ശ്രീലത.ടി.സി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശിഖ മാർവിൻ, അംഗനവാടി ടീച്ചർ ഷാഫി.പി.എൻ, പ്രീതി, സന്ധ്യ എന്നിവരും സന്നിഹിതരായിരുന്നു. രോഗാവസ്ഥയിലുള്ള എൽസിയ്ക്ക് കൃത്യമായ പരിചരണവും ആശുപത്രിയിൽ കൊണ്ടുപോയുള്ള ചികിത്സയും ഉറപ്പാക്കുമെന്ന് ആശ്രയം അഗതി മന്ദിരം മാനേജിങ് ട്രസ്റ്റി ജീവാനന്ദ മഹർഷി അറിയിച്ചു.
ഇടത് കാലിലെ സർജറിക്ക് ശേഷം മുറിവ് കൃത്യമായ പരിചരണം ആവശ്യമാണെന്നും ഒന്നിടവിട്ട ദിവസങ്ങളിൽ മുറിവ് ശുചിയാക്കണമെന്നും ചികിൽസിച്ച സർജൻ ഡോ.സജി നിർദ്ദേശിച്ചിട്ടുണ്ട്. തുടർചികിത്സയുമായി ബന്ധപ്പെട്ടു വരുന്ന ചെലവുകൾ പരിശോധിച്ച് സാമൂഹ്യനീതി വകുപ്പ് “വയോരക്ഷ” പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോയ്സി സ്റ്റീഫൻ അറിയിച്ചു.