ഒന്നാം ക്ലാസ്സിലെ മലയാളം കൈയ്യക്ഷര മത്സരത്തിൽ ഒന്നാമതെത്തിയത് ബംഗാളിയായ അതിഥി തൊഴിലാളിയുടെ മകൾ

കൊൽക്കത്ത സ്വദേശികളായ ഹസീബുൽ മൊല്ലയുടെയും റാഷിദ ബീവിയുടെയും മകളായ ഇരിങ്ങാലക്കുട നാഷണൽ എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ കൊച്ചു മിടുക്കി സോഹാന ഘാടൺ ആണ് മലയാളികളായ 23 സഹപാഠികളുമായി മറ്റുരച്ച് നമ്മുടെ മാതൃഭാഷയായ മലയാള കൈയ്യക്ഷര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്

ഇരിങ്ങാലക്കുട : ഒന്നാം ക്ലാസ്സിലെ മലയാളം കൈയ്യക്ഷര മത്സരത്തിൽ ഒന്നാമതെത്തിയത് ബംഗാളിയായ അതിഥിത്തൊഴിലാളിയുടെ മകൾ. വെസ്റ്റ് ബംഗാൾ കൊൽക്കത്ത സ്വദേശികളായ ഹസീബുൽ മൊല്ലയുടെയും റാഷിദ ബീവിയുടെയും മകളായ ഇരിങ്ങാലക്കുട നാഷണൽ എൽ’പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ കൊച്ചു മിടുക്കി സോഹാന ഘാടൺ ആണ് ഈ അസുലഭ നേട്ടം കൈവരിച്ചത്. മലയാളികളായ സഹപാഠികളുമായി മറ്റുരച്ച് നമ്മുടെ മാതൃഭാഷയായ മലയാള കൈയ്യക്ഷര മത്സരതിൽ ഒന്നാം സ്ഥാനം നേടുകയെന്നത് ഈ പ്രായത്തിൽ അതാ എളുപ്പത്തിൽ സാധ്യമായ കാര്യമല്ല .

മലയാള പാഠഭാഗങ്ങൾ എല്ലാം നല്ല വടിവൊത്ത അക്ഷരത്തിൽ എഴുതുക മാത്രമല്ല സുഹാന ചെയ്യുന്നത്, നല്ല ഉച്ചാരണ ശുദ്ധിയോടെ വായിക്കുകയും ചെയ്യും. കൂടാതെ സഹപാഠികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കുന്നതിലും സോഹാന താൽപര്യം കാണിക്കുന്നതായി അധ്യാപകർ പറഞ്ഞു.

സോഹാനയുടെ അനുജൻ സമീം മുള്ള ഈ സ്കൂളിൽ തന്നെ കെ.ജി വിദ്യാർത്ഥിയാണ്. അനുജനും മലയാളം പഠിച്ചുവരുന്നുണ്ട് . ഇവരുടെ മാതാപിതാക്കൾ വീട്ടിൽ ബംഗാളിയും ഹിന്ദിയും സംസാരിക്കുമ്പോൾ ചേച്ചിയും അനിയനും തമ്മിലുള്ള സംഭാഷണം മലയാളത്തിൽ ആണ് എന്നുള്ളതാണ് കൗതുകകരം.

അഞ്ചുവർഷം മുൻപാണ് ഇവർ കേരളത്തിൽ ജോലിതേടി എത്തിയത്. സ്വർണാഭരണങ്ങളുടെ ബോക്സ് നിർമ്മിക്കുന്നതായിരുന്നു സോഹാനയുടെ പിതാവായ ഹസ്ബുള്ളിന്റെ ജോലി. എന്നാൽ ഇപ്പോൾ അത്തരം ബോക്സ് നിർമാണങ്ങളുടെ ഡിമാൻഡ് കുറഞ്ഞതിനാൽ ജോലി നഷ്ടപ്പെട്ടു. സുഹാനയുടെ അമ്മ വീട്ടിൽ തന്നെ ജീരക മിട്ടായി പാക്കിംഗ് നടത്തി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോൾ ഇവർ ഉപജീവനം കഴിക്കുന്നത്. സ്കൂളിൽ ചില ദിവസങ്ങളിൽ ബാക്കിവരുന്ന ഉച്ചഭക്ഷണവും ഇവർക്കായി സ്കൂളിൽ നിന്നും നൽകി വരാറുണ്ട്

സോഹാനയുടെ ആഗ്രഹം ഒരു ഡോക്ടർ ആവുക എന്നുള്ളതാണ്. അതിനാൽ തന്നെ എന്ത് ബുദ്ധിമുട്ട് സഹിച്ചും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഇവർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസത്തിൽ ഇവർ തൃപ്തരുമാണ്. ഒരുപക്ഷേ ഇവിടെ ജോലി കിട്ടാതെ നാട്ടിൽ തിരിച്ചു പോകേണ്ട അവസ്ഥ വന്നാൽ ഇവിടെ ഇപ്പോൾ ലഭിച്ച നിലവാരമുള്ള വിദ്യാഭ്യാസം അവിടെ ലഭിക്കില്ല എന്ന ആശങ്കയും ഇവർക്ക് ഉണ്ട് . അതിനാൽ ഇവിടെത്തന്നെ ജോലി തേടി മക്കളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കണം എന്നാണ് ഈ മാതാപിതാക്കളുടെ ആഗ്രഹം.

അതിഥിത്തൊഴിലാളികളായതിനാൽ തന്നെ ഇവർക്ക് സമൂഹത്തിൽനിന്നും ഇപ്പോളത്തെ സാഹചര്യത്തിൽ വേണ്ട പിന്തുണ ലഭിക്കുന്നില്ല, ജോലി നേടാനും ഇത് വളരെ ബുദ്ധിമുട്ട് ഇവർക്ക് അനുഭവപ്പെടുന്നുണ്ട്. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാവിധ രേഖകളും ഇവരുടെ പക്കലുണ്ടെങ്കിലും ഇവർക്ക് നേരെ സഹായഹസ്തങ്ങൾ നീളുന്നില്ല എന്നുള്ളതാണ് പ്രധാന പ്രശ്നം.

ജോലിയില്ലാതെ ഇനി അധികനാൾ ഇവിടെ പിടിച്ചുനിൽക്കാൻ പറ്റില്ലെന്നുള്ളതിനേക്കാൾ ഈ മാതാപിതാക്കളുടെ സങ്കടം മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾ തടസപെടുമോ എന്നുള്ളതിനാണ്. പഠനത്തിൽ മിടുക്ക് കാണിക്കുന്ന ഇവരുടെ കുട്ടികളുടെ ഭാവിയും ഇപ്പോൾ ആശങ്കയിലാണ്.

മലയാളം അറിയില്ലെങ്കിലും അഥിതി തൊഴിലാളികളുടെ കുട്ടികളെ പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളിൽ പ്രവേശിപ്പിക്കാറുണ്ട്. എന്നാൽ സ്‌കൂളുകൾ മലയാളം മീഡിയത്തിലായതിനാൽ പല കുട്ടികളും പഠിക്കാൻ ബുദ്ധിമുട്ടുകയാണ്. അവരെ സംയോജിപ്പിക്കുന്നതിന്, സ്കൂളുകൾ പ്രത്യേക പരിപാടികൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നു നാഷണൽ എൽ പി സ്കൂൾ പ്രഥാന അദ്ധ്യാപിക ലേഖ ടീച്ചർ പറഞ്ഞു.

ഭാഷാ തടസ്സങ്ങൾ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെങ്കിലും സുഹാനയെ പോലുള്ളവരെ ഇത്തരത്തിൽ ഉയർത്തി കൊണ്ടുവരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ക്ലാസ് ടീച്ചർ സുബിത പറഞ്ഞു. സുഹാനയുടെ വിജയം മറ്റുള്ള സഹപാഠികൾക്കും പ്രചോദനമാകുന്നുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page