ഇരിങ്ങാലക്കുട : മെക്കാനിക്കൽ എൻജിനിയറിംഗിന് ചേരുന്ന മിക്ക വിദ്യാർത്ഥികളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വാഹനം നിർമിക്കുക എന്നത്. ഉണ്ടാക്കുന്ന വാഹനം അഖിലേന്ത്യാ തലത്തിലുള്ള ഒരു പ്രീമിയർ മത്സരത്തിന് വേണ്ടിയാകുമ്പോൾ സംഗതി കൂടുതൽ കളറാകും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗിലെ രണ്ടും മൂന്നും വർഷ മെക്കാനിക്കൽ വിദ്യാർഥികൾ ചേർന്ന് നിർമിച്ച ” ഗോ-കാർട്ടി” ന്‍റെ കഥയാണ് പറഞ്ഞു വരുന്നത്.
തുടക്കം
2023 മേയ് മാസത്തിൽ ഒരു സംഘം വിദ്യാർഥികൾ ഹൈദരാബാദിലെ എഫ് എം എ ഇ പരിശീലന കേന്ദ്രത്തിൽ കാർട്ട് ഡിസൈനിംഗിൽ ഇന്റെൺഷിപ്പിനായി പോകുന്നു. വാഹന രൂപകൽപ്പന രംഗത്തെ വിദഗ്ധരുടെ കൂട്ടായ്മയായ ഫ്രറ്റെണിറ്റി ഓഫ് മെക്കാനിക്കൽ ആൻഡ് ഓട്ടോമോട്ടീവ് എൻജിനീയേഴ്സ് (എഫ് എം എ ഇ) എല്ലാ വർഷവും നടത്തി വരുന്ന ഫോർമുല കാർട്ട് ഡിസൈൻ ചലഞ്ചിനെ പറ്റി അവർ അറിയുന്നത് അവിടെ വച്ചാണ്.
നിശ്ചിത സമയത്തിനുള്ളിൽ എഫ് എം എ ഇ നിബന്ധനകൾ പാലിക്കുന്ന ഒരു ലോ ക്ലിയറൻസ് വാഹനം നിർമിച്ച് മത്സരതിനിറക്കുക എന്ന തീരുമാനവുമായാണ് അവർ തിരിച്ച് കോളേജിലെത്തിയത്. മെൻററായി അസോസിയേറ്റ് പ്രഫസർ ഡോ.വിശ്വനാഥ് കെ കൈമളും ധൈര്യം പകർന്നതോടെ പിള്ളേർ പണി തുടങ്ങി.
ആദ്യ ഘട്ടം
എഫ് എം എ ഇ നിഷ്കർഷിക്കുന്ന രീതിയിലുള്ള ഡിസൈൻ തയ്യാറാക്കി അയക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ ട്രാൻസ്മിഷൻ, സ്റ്റിയറിംഗ്, ബ്രേക്കിംഗ് എന്നിങ്ങനെ മൂന്ന് ടീമുകളായി തിരിഞ്ഞാണ് ജോലി ഉഷാറാക്കിയത്. ഡിസൈനിന് അംഗീകാരം ലഭിച്ചതോടെ ഷാസിയുടെ നിർമാണത്തിലേക്ക് കടന്നു.
വെല്ലുവിളികൾ
വിചാരിച്ചതിലും വേഗത്തിൽ ഷാസിയുടെ നിർമാണം പൂർത്തിയാക്കാനായി. എന്നാൽ പിന്നീടുള്ള ഘട്ടങ്ങൾക്കായി ഓർഡർ ചെയ്ത സാമഗ്രികൾ ലഭിക്കാൻ വൈകിയത് ജോലിക്ക് തടസ്തമായി. ഇതിനിടയിൽ കോളേജിലെ പരീക്ഷകളും ഐ വി യുമെല്ലാം കടന്നു പോയി. ഈ സമയം വെറുതെയിരിക്കാതെ ഹൈദരാബാദിൽ നിന്ന് ഗോ-കാർട്ട് ഡ്രൈവർ സർട്ടിഫിക്കേഷൻ നേടാനും കോയമ്പത്തൂരിൽ നിന്ന് അനുയോജ്യമായ എൻജിൻ എത്തിക്കാനുമായി ചെലവഴിച്ചു.
ഗോ-കാർട്ട് ഓടിത്തുടങ്ങുന്നു
സെപ്റ്റംബർ പകുതിയോടെ ഓർഡർ ചെയ്ത സാമഗ്രികളെല്ലാം എത്തിയതോടെ വർക്ക് വീണ്ടും നീങ്ങിത്തുടങ്ങി. രണ്ടാഴ്ചക്കാലം രാവും പകലും പ്രോജക്റ്റ് ലാബിലും വർക്ക്ഷോപ്പിലുമായി ഇരുപതോളം വിദ്യാർഥികൾ കഠിനാധ്വാനം ചെയ്ത് ഗോ-കാർട്ട് അന്തിമ രൂപത്തിലെത്തിച്ചു, ബ്രേക്കിംഗിലെ ചില പിഴവുകൾ തീർക്കാൻ കുറച്ച് പണിപ്പെടേണ്ടി വന്നെങ്കിലും പറഞ്ഞ സമയത്ത് തന്നെ കോയമ്പത്തൂരിലെ കാരി മോട്ടോർ സ്പീഡ് വേസ്റ്റിൽ വണ്ടിയിറക്കാനായി.
മത്സരം
പല ഘട്ടങ്ങളിലായി സാങ്കേതിക പരിശോധനകളും അവസാനം റേസിംഗും എന്നതായിരുന്നു മത്സരത്തിൻറെ ഘടന വാഹന രംഗത്തെ ഇരുപത്തഞ്ച് വിദഗ്ദരടങ്ങിയ സംഘമായിരുന്നു ജഡ്ജിoഗ് പാനലിൽ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ അവസാന പതിനാലിൽ എത്താൻ ക്രൈസ്റ്റ് ൻറെ ഗോ കാർട്ടിന് കഴിഞ്ഞു.
യമഹ എഫ് ഇസഡ് എൻജിനാണ് ഗോ- കാർട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. എഹ് വൺ റേസിംഗ് കാറിന്റെ മിനിയേച്ചർ പതിപ്പായ ഗോ- കാർട്ടിന് അറുപത് കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും.
പിന്തുണ
ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് മാനേജ്‌മെനറും മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗവും നൽകിയ വലിയ പിന്തുണയിലാണ് ഗോ കാർട്ട് യാഥാർത്ഥ്യമായത്. ഭാഗികമായ ധനസഹായവും ലാബ് സൗകര്യങ്ങളും ആവശ്യമായ ഡ്യൂട്ടി ലീവുകകളും സർവോപരി പോത്സാഹനവും ആത്മധൈര്യവും നൽകി കോളേജ് കൂടെ നിന്നു.
അക്കാദമിക് മികവിനൊപ്പം സാങ്കേതിക നൈപുണ്യവും ഒത്തുചേരുമ്പോളാണ് എൻജിനീയറിംഗ് പഠനം പൂർണമാകുന്നത് എന്ന കോളേജിന്റെ തുടക്കം മുതലുള്ള കാഴ്ചപ്പാടിന് അനുസൃതമാണ് ഇത്തരം പ്രോജകുകളെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കരയും പ്രിസിപ്പൽ ഡോ സജീവ് ജോണും അഭിപ്രായപ്പെട്ടു.
മുന്നോട്ട്
രണ്ടായിരത്തി ഇരുപത്തി നാലിലെ കാർട്ട് ഡിസൈൻ മത്സരത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ഉശിരൻ വണ്ടിയിറക്കണം. കോയമ്പത്തൂരിലെ കാരി മോട്ടോർ സ്പീഡ് വേസിൽ വെന്നിക്കൊടി പാറിക്കണം. ഈ ലക്ഷ്യവുമായി പുതിയ ഡിസൈനിന്റെ പണിപ്പുരയിലാണ് ഗോ കാർട്ട് ടീമിപ്പോൾ. കഴിഞ്ഞ തവണത്തെ ടീം വർക്ക് ആവർത്തിക്കാനായാൽ വിജയം ഉറപ്പെന്ന് മെന്റർ ഡോ. വിശ്വനാഥ് കെ കൈമൾ പറയുന്നു. ഒക്ടോബറിൽ അടുത്ത അങ്കത്തിന് കച്ച മുറുക്കാൻ ഇവർ ഉറച്ചു തന്നെ.