സുജയുടെയും രാജേഷിന്റെയും വീടെന്ന സ്വപ്നം യാഥാർഥ്യമായി : എന്റെ വീട് പദ്ധതിയിലൂടെ മാതൃഭൂമിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും നിർമിച്ച വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി

ഇരിങ്ങാലക്കുട : മാതൃഭൂമിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും എന്റെ വീട് പദ്ധതിയിലൂടെ നിർമിച്ച വീടിന്റെ താക്കോല്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പിയില്‍ നിന്നും സുജയും കുടുംബവും ഏറ്റുവാങ്ങി. എടക്കുളം പനോക്കില്‍ വീട്ടില്‍ രാജേഷിനും ഭാര്യ സുജയ്ക്കും, ഋതുനന്ദ, ഗൗരിനന്ദ എന്നി രണ്ടുമക്കള്‍ക്കുമാണ് വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടത്. ജില്ലയില്‍ 24-ാമത്തെ വീടാണ് ചൊവ്വാഴ്ച രാവിലെ കൈമാറിയത്.

വര്‍ഷങ്ങളായി പൂമംഗലം പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേഷും കുടുംബവും പൂമംഗലം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിൽ പത്തു വര്‍ഷം മുമ്പ് വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്താണ് എന്റെ വീട് പദ്ധതിയിലൂടെ മാതൃഭൂമി പുതിയ വീട് വെച്ച് നല്‍കിയത്. കൂലിപണിക്ക് പോയി കുടുംബം മുന്നോട്ട് കൊണ്ടുപോയിരുന്നു രാജേഷ് വാങ്ങിയ സ്ഥലത്ത് ഒരു തറ കെട്ടിയിട്ടിരുന്നു. ഇതിനിടയില്‍ രാജേഷിന് തീ പൊള്ളലേറ്റ് പണിക്ക് പോലും പോകാന്‍ കഴിയാതെയായതോടെ താമസിക്കുന്ന വീടിന് വാടക കൊടുക്കാന്‍ പോലും കഴിയാതെ കുടുംബം ബുദ്ധിമുട്ടിലായി.

സര്‍ക്കാര്‍ പദ്ധതികളിലൊന്നും ഉള്‍പ്പെടാതിരുന്നതിനാല്‍ പഞ്ചായത്തില്‍ നിന്നും യാതൊരു സഹായവും ലഭിച്ചിരുന്നില്ല. മാതൃഭൂമിയില്‍ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേര്‍ന്ന് നടത്തുന്ന എന്റെ വീട് പദ്ധതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അതിലേക്ക് അപേക്ഷ നല്‍കിയത്.

എല്ലാവര്‍ക്കും വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ മാതൃഭൂമി, ചിറ്റിലപ്പിള്ളി പോലുള്ള പ്രസ്ഥാനങ്ങള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു. ഒട്ടേറെ പേര്‍ വീടുവെക്കാന്‍ കഴിയാതെ വിഷമിക്കുന്നുണ്ട്. അവര്‍ക്കും ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി വീടുവെയ്ക്കാന്‍ കഴിയട്ടെയെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വാര്‍ഡംഗം സുനില്‍ കുമാര്‍ പട്ടിലപ്പുറം, യൂണിറ്റ് മാനേജര്‍ വിനോദ് പി. നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page