ഇന്നസെന്റ് ഒന്നാം ചരമ വാർഷിക ദിനം, അനുസ്മരണ സമ്മേളനം മാർച്ച് 26 വൈകിട്ട് 4 30ന് ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് സമാജം ഹാളിൽ

ഇന്നസെന്റിന്‍റെ ഒന്നാം ചരമവാർഷിക വേളയിൽ സാംസ്കാരിക വകുപ്പ് അദ്ദേഹത്തിന്റെ അനുസ്മരണാർത്ഥം ഇരിങ്ങാലക്കുടയിൽ സാംസ്കാരിക സമുച്ചയം അനുവദിച്ചതായി മന്ത്രി ഡോക്ടർ ആർ ബിന്ദു, മാർച്ച് 26 വൈകിട്ട് 4 30ന് ഇരിങ്ങാലക്കുട എസ് എൻ ബി എസ് സമാജം ഹാളിൽ ഇന്നസെന്റ് ഒന്നാം ചരമ വാർഷിക ദിനവും , അനുസ്മരണ സമ്മേളനവും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ അഭിമാനമായ ബഹുമുഖപ്രതിഭ, മഹാനായ ചലച്ചിത്രകാരൻ ഇന്നസെൻ്റിൻ്റെ വിയോഗത്തിന് ഒരു വർഷം തികയുന്ന മാർച്ച് 26 സമുചിതമായി ആചരിക്കും എന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് നാലരയ്ക്ക് ഇരിങ്ങാലക്കുട എസ് എൻ ബി എസ് സമാജം ശ്രീനാരായണ ഹാളിൽ ചേരുന്ന കല-സാംസ്കാരിക സംഗമം ഇന്നസെൻ്റിൻ്റെ പ്രിയതമ ആലീസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും എംഎൽഎയുമായ ഡോ. ആർ ബിന്ദു സംഗമത്തിൽ അധ്യക്ഷത വഹിക്കും.

നടനും ജനപ്രതിനിധിയും ഇരിങ്ങാലക്കുടയുടെ സ്വന്തം പുത്രനുമായി നാടിൻ്റെ ഹൃദയത്തിൽ വിരാജിക്കവെയാണ് പ്രിയപ്പെട്ട ഇന്നസെന്റ് യാത്രയായത്. അരനൂറ്റാണ്ടു കാലം ചലച്ചിത്രാസ്വാദകരുടെ ഹൃദയം നിറച്ച് നമ്മോടൊപ്പം ഇന്നസെന്റുണ്ടായി. സിനിമയിലെന്നപോലെ നേർജീവിതത്തിലും സൂക്ഷിച്ച നർമ്മമായിരുന്നു ഇന്നസെന്റിന്റെ വ്യതിരിക്തത.

നിർമ്മാതാവായി സിനിമയിൽ രംഗപ്രവേശം ചെയ്ത് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി വരെ അദ്ദേഹം വഹിച്ചു. 1972-ൽ നൃത്തശാല എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി, ഹാസ്യനടനും സ്വഭാവനടനുമായി മുഖ്യശ്രദ്ധയിലേക്ക് ഉയർന്നപ്പോഴും സവിശേഷമായ ശരീരഭാഷയും നർമ്മോക്തി കലർന്ന അംഗവിക്ഷേപങ്ങളും ഗ്രാമ്യഭാഷയിലുള്ള സംഭാഷണങ്ങളും സ്വതസിദ്ധതയോടെ ഇന്നസെന്റ് നിലനിർത്തിയത് ഇന്നും നാമോർക്കുന്നു.

കുഞ്ഞുങ്ങൾ തൊട്ട് പ്രായമായവരുടെ വരെ ഇഷ്ടഭാജനമായിരുന്നു ഇന്നസെന്റ്. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ്, 2009ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി ഇന്നസെന്റിന് അംഗീകാരങ്ങളുടെ നിറവേകാൻ നമുക്ക് സാധിച്ചു.

ഇരിങ്ങാലക്കുടയുടെ മുഖംതന്നെ ആയിരുന്നു ഇന്നസെന്റ്. ഇരിങ്ങാലക്കുടയുടെ സാംസ്കാരികരംഗത്തും സജീവമായി നിറഞ്ഞുനിൽക്കാൻ എപ്പോഴും ഇന്നസെന്റ് സമയം കണ്ടെത്തിയത് ഏറ്റവും സ്നേഹ ബഹുമാനങ്ങളോടെ നമ്മുടെ ഓർമ്മകളിലുണ്ട്.

നടനെന്നതിനൊപ്പം ആണ് മികച്ച രാഷ്ട്രീയപ്രവർത്തകൻ കൂടിയായി ഇന്നസെന്റ് നമുക്കുമുന്നിൽ സ്വയം തെളിയിച്ചത്. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി പാർലമെന്റിലും തിളങ്ങിയത് നമ്മുടെ അനുഭവമാണ്. എംപി എന്ന നിലയിൽ സുസ്ഥിരമായ വികസനം മണ്ഡലത്തിന് ഇന്നസെന്റ് സമ്മാനിച്ചു. അഭൂതപൂർവ്വമായ വികസനപ്രവര്‍ത്തനങ്ങളാണ് ഇന്നസെന്റ് ജനപ്രതിനിധിയെന്ന നിലയ്ക്ക് നടപ്പാക്കിയത്.

വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും സമന്വയിപ്പിക്കുന്ന സഹിഷ്ണുതയുടെ പ്രതീകമായ ഇരിങ്ങാലക്കുടയുടെ സാംസ്കാരികപരിസരമാണ് ഇന്നസെൻ്റിൻ്റെ ആശയമണ്ഡലത്തെ രൂപപ്പെടുത്തിയത്. നർമ്മത്തിലൂടെ പൗരധർമ്മം സമൂഹമനസ്സിലേക്ക് സന്നിവേശിപ്പിച്ച ഇന്നസെൻ്റിൻ്റെ പ്രദീപ്തമായ സ്മരണ വർത്തമാനകാലത്തെ നിരവധിയായ ഇരുട്ടുകളെ മറികടക്കാൻ നമ്മെ പ്രാപ്തരാക്കും.

മലയാളികൾക്കും സിനിമാപ്രേമികൾക്കും തീരാനഷ്ടം തീർത്ത് വിടപറഞ്ഞിട്ടും ഇന്നസെന്റിന്റെ നർമ്മവും ചിരിയും അഭിനയമുഹൂർത്തങ്ങളും, അതിലുമെത്രയോ ഉപരി, ഇന്നസെന്റ് ഇരിങ്ങാലക്കുടയ്ക്കും ഇരിങ്ങാലക്കുട തിരിച്ചും നൽകിയ സ്നേഹവാത്സല്യങ്ങളും, നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ മായാതെ നിൽക്കുകയാണ്. ആ ഓർമ്മകളെ കൂടുതൽ പ്രഫുല്ലമാക്കാൻ ‘ഓർമ്മകളിൽ ഇന്നസെൻ്റ്’ സാംസ്കാരികസംഗമം വേദിയാകും.

ഇന്നസെൻ്റിൻ്റെ പ്രിയതമയ്ക്കൊപ്പം ചലച്ചിത്രരംഗത്തെ പ്രിയസുഹൃത്തുക്കളായിരുന്ന സത്യൻ അന്തിക്കാട്, കമൽ,വി കെ ശ്രീരാമൻ , ഇടവേള ബാബു തുടങ്ങിയവരും. അശോകൻ ചരുവിൽ, സിബി കെ തോമസ്, പ്രേംലാൽ, ഗായത്രി വർഷ, സിജി പ്രദീപ് തുടങ്ങി സാംസ്ക്കാരിക രംഗത്തെ പ്രമുഖരും സംഗമത്തിൽ പങ്കെടുക്കും എന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ മന്ത്രി ഡോ. ആർ ബിന്ദു, സംഘാടകസമിതി കൺവീനർ ഡോ. കെ.പി. ജോർജ്ജ് , ഡോ. കെ.രാജേന്ദ്രൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page