പ്രഥമ ഇന്നസെന്റ് അവാര്‍ഡ് കലാഭവന്‍ ജോഷിക്ക്

ഇരിങ്ങാലക്കുട : ബഹറിനിലെ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ നോണ്‍ റസിഡന്‍സ് കേരള (WORKA) യുടെ പ്രഥമ ഇന്നസെന്റ് പുരസ്‌കാരം പ്രഖ്യാപിച്ചു. നീണ്ട 25 വര്‍ഷക്കാലം, അനുകരണ കലയിലൂടെ, അരങ്ങിലും അണിയറയിലും ഇന്നസെന്റിനൊപ്പം, നിഴലും നിലാവും പോലെ ഉണ്ടായിരുന്ന കലാഭവന്‍ ജോഷിക്കാണ് പ്രഥമ ഇന്നസെന്റ് പുരസ്‌കാരം. ഒരുലക്ഷം രൂപയും, ശില്പവും, പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, വിനോദ് കോവൂര്‍, ടിനി ടോം എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. അവാര്‍ഡ് എട്ടാം തീയതി വൈകിട്ട് 7.30ന് ബഹറിന്‍ ടൂബ്ലി മര്‍മ്മറീസ് ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പിന്നണിഗായകന്‍ ജി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രകാശ് സാരംഗി, കനകപ്രിയ, എന്നിവര്‍ നയിക്കുന്ന സമ്മര്‍ ഇന്‍ ബഹറിന്‍ എന്ന പരിപാടിയും അരങ്ങേറും.

മലയാള സിനിമ-മിമിക്രി രംഗത്തെ പ്രമുഖരായ ഷാജു ശ്രീധര്‍, കലാഭവന്‍ ജോഷി, മഹേഷ് കുഞ്ഞുമോന്‍, പ്രേമന്‍ അരീക്കോട്, സാജന്‍ പള്ളുരുത്തി എന്നിവര്‍ നയിക്കുന്ന പരിപാടികളും ഉണ്ടായിരിക്കും. വോര്‍ക്ക പ്രസിഡണ്ട് ചാള്‍സ് ആലുക്ക അധ്യക്ഷത വഹിക്കും. സെക്രട്ടറി ജോജി വര്‍ക്കി, പ്രോഗ്രാം കണ്‍വീനര്‍ ജിബി അലക്‌സ്, ഭാരവാഹികളായ മോഹനന്‍, ഐസക്, ബൈജു, സ്റ്റാന്‍ലി, വിനോദ് ആറ്റിങ്ങല്‍, വിഷ്ണു മലബാര്‍ സൊസൈറ്റിയുടെ നിയുക്ത പ്രസിഡണ്ട് ഷാജന്‍, കുടുംബ സൗഹൃദ വേദി പ്രസിഡണ്ട് ജേക്കബ്, ഇരിങ്ങാലക്കുട സംഗമം പ്രസിഡണ്ട് ഗണേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.


You cannot copy content of this page