കാത്തിരിപ്പിനൊടുവിൽ ഠാണാവിലെ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ പുനർനിർമാണം ആരംഭിച്ചു, രണ്ട് മാസം കൊണ്ട് പൂർത്തിയാക്കും

ഇരിങ്ങാലക്കുട : കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ ഠാണാവ് റെയിൽവേ സ്റ്റേഷൻ റോഡിലെ ജനറൽ ആശുപത്രിക്ക് മുൻവശം ഉള്ള ബസ്റ്റോപ്പ് പൊളിച്ചു നീക്കിയതിൽ പിന്നെ മാസങ്ങളായി യാത്രക്കാർ വെയിലും മഴയും കൊണ്ട് ബസ് കാത്തുനിൽക്കുന്ന അവസ്ഥയ്ക്ക് വിരാമം ആകുന്നു. സ്ഥലം എംഎൽഎയും മന്ത്രിയുമായ ഡോ. ആർ ബിന്ദു ആധുനിക കാത്തിരിപ്പ് കേന്ദ്രം ഇവിടെ അനുവദിച്ചതായി വാർത്ത വന്നെങ്കിലും ഇതിന്‍റെ പണികൾ ആരംഭിച്ചിരുന്നില്ല.

ചാലക്കുടി, കൊടകര, ആനന്ദപുരം, പുതുക്കാട്, മാള, അവിട്ടത്തൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് വേണ്ടിയുള്ള കാത്തിരിപ്പ് കേന്ദ്രമായിരുന്നു ഇത്. സദാസമയം വലിയ തിരക്ക് അനുഭവപ്പെടുന്ന ഇവിടെ കാത്തിരിപ്പ് കേന്ദ്രം പൊളിച്ചതിൽ പിന്നെ യാത്രക്കാർ സമീപത്തെ കടകളിലും മറ്റും കയറി നിൽക്കുക പതിവായിരുന്നു. ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നവരും അല്ലാത്തവരുമായി നിരവധി പേരാണ് ഇവിടെ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തെ ആശ്രയിച്ചിരുന്നത്.


പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ഞായറാഴ്ച രാവിലെ മുതൽ കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ പുനർനിർമ്മാണത്തിനുള്ള പ്രാഥമിക മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇതിനായി എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ പണികൾ വൈകിയതിനെ തുടർന്ന് പല സംഘടനകളും ഇവിടെ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.

നിലവിൽ കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്തിരുന്ന അതേ സ്ഥലത്ത് തന്നെയാണ് അല്പം നീളവും വീതിയും കൂട്ടി പുതിയത് പണിയുന്നത്. ആധുനിക സൗകര്യങ്ങൾ എല്ലാം കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടാകുമെന്ന് കരുതുന്നു. രണ്ടുമാസം കൊണ്ട് പണികൾ പൂർത്തീകരിക്കുമെന്ന്  കരാറുകാർ പറഞ്ഞു.

You cannot copy content of this page