മണിപ്പുരില്‍ കലാപത്തിനിരയായവർക്കായി ഇരിങ്ങാലക്കുട രൂപത ശനിയാഴ്ച ‘സ്‌നേഹച്ചങ്ങല’ തീര്‍ത്ത് ഐക്യദാര്‍ഢ്യ പ്രഖ്യാപനം

ഇരിങ്ങാലക്കുട : മണിപ്പുരില്‍ കലാപത്തിനിരയായവർക്കായി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള വിശ്വാസി പ്രതിനിധികള്‍ ജൂലൈ 1 ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ 6.15 വരെ ദേശീയപാതയില്‍ ചാലക്കുടി പാലം മുതല്‍ കുറുമാലി പാലം വരെ മെഴുകുതിരി കത്തിച്ചുപിടിച്ചു പ്രാര്‍ത്ഥനയോടെ സ്‌നേഹച്ചങ്ങല സൃഷ്ടിച്ച് ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തുന്നു.

മണിപ്പുരില്‍ കലാപത്തിനിരയായ ജാതിമതഭേദമെന്യെ പതിനായിരങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടികള്‍ എടുക്കാത്തതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയുമാണ് ‘സ്‌നേഹച്ചങ്ങല’ തീര്‍ക്കുന്നതിന്റെ ലക്ഷ്യം. വികാരി ജനറല്‍ മോണ്‍. വില്‍സന്‍ ഈരത്തറ, ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. ജോളി വടക്കന്‍ എന്നിവര്‍ അഭിവന്ദ്യ പിതാവിനോടൊപ്പം നേതൃത്വം നല്‍കുന്നു.

മണിപ്പുരിലെ ആകെ ജനസംഖ്യ 34.50 ലക്ഷമാണ്. ഇതില്‍ 53 ശതമാനം മെയ്‌തെയ് വിഭാഗവും 42 ശതമാനം കുക്കി, സോമി തുടങ്ങിയ ഗോത്രവര്‍ഗക്കാരുമാണ്. ഏറിയ ഭാഗവും മലനിരകളും വനമേഖലയുമാണ് മണിപ്പുര്‍. തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പെടെ താഴ്‌വര പ്രദേശത്തെ 5 ജില്ലകളിലാണ് മെയ്‌തെയ് ജനങ്ങള്‍. മലമ്പ്രദേശങ്ങളിലെ ശേഷിച്ച 11 ജില്ലകളില്‍ ഗോത്രവര്‍ഗക്കാരും. നൂറ്റാണ്ടുകളായി ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുന്നവരാണ് ഗോത്രവര്‍ഗക്കാര്‍ എന്ന് രൂപതയുടെ പ്രസ്താവനയിൽ പറയുന്നു.

പത്രസമ്മേളനത്തിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വികാരി ജനറാൾമാരായ മോൺസിഞ്ഞോർ ജോസ് മഞ്ഞളി, മോൺസിഞ്ഞോർ വിൽസൺ ഈരത്തറ ജനറൽ കൺവീനർ ഫാദർ . ജോളി വടക്കൻ രൂപത പി.ആർ.ഒ. ഫാദർ.ജിനോ മാളക്കാരൻ, പാസ്റ്ററൽ കൗൺസിൽ അംഗം ടെൽസൺ കോട്ടോളി എന്നിവർ പങ്കെടുത്തു

രൂപതയുടെ പ്രസ്താവനയിൽ പറയുന്ന ആവശ്യങ്ങള്‍ :

1. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പുരിലെ കലാപത്തിനു കാരണമായ സാമൂഹിക, സാമ്പത്തിക, വംശീയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണുക.

2. മേയ് മൂന്നിനു ആരംഭിച്ച കലാപത്തില്‍ ഇതുവരെ 150 ലേറെ പേര്‍ മരിച്ചു; 4000 ത്തോളം വീടുകളും 300 ഓളം ക്രൈസ്തവ ദൈവാലയങ്ങളും തകര്‍ക്കപ്പെട്ടു. 50,000 ത്തോളം പേര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അവിടെ ഇനിയും രക്തച്ചൊരിച്ചിലുണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം.

3. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും നാശനഷ്ടം നേരിട്ട പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നഷ്ടപരിഹാരം നല്‍കണം.

സ്‌നേഹച്ചങ്ങല തീര്‍ക്കലിന്റെ ക്രമം :

1. സ്‌നേഹച്ചങ്ങല തീര്‍ക്കുന്നത് 2023 ജൂലൈ ഒന്ന് ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ വരെ.

2. സ്ഥലം : ഇരിങ്ങാലക്കുട രൂപതയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ചാലക്കുടിപ്പുഴ പാലം മുതല്‍ കുറുമാലിപ്പുഴ പാലം വരെ 16 കിലോമീറ്റര്‍ ദൂരത്തില്‍.

3. 16 കിലോമീറ്റര്‍ ദൂരം 18 സോണുകളായി തിരിച്ച് കുടുംബസമ്മേളന കേന്ദ്രസമിതി, കൈക്കാരന്മാര്‍, കെസിവൈഎം, സിഎല്‍സി, ജീസസ് യൂത്ത്, എകെസിസി, മാതൃസംഘം എന്നീ സംഘടനകളുടെ ഭാരവാഹികള്‍ വൈസ് ക്യാപ്റ്റന്മാരായി നേതൃത്വം നല്‍കുന്നു.

4. വൈകിട്ട് 5 മണി മുതല്‍ പ്രതിനിധികള്‍ ഇടവകകളില്‍ നിന്നു ദേശീയപാതയിലെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിച്ചേരുന്നു.

5. 5.30 മുതല്‍ 6 മണി വരെ നീതി നടപ്പാകാന്‍ കരുണയുടെ ജപമാല.

6. 6.00 മണിക്ക് എല്ലാവരും മെഴുകുതിരി തെളിയിക്കും. 6.05 ന് ദീപം ഉയര്‍ത്തിപ്പിടിച്ചു സഭയുടെ വിശ്വാസപ്രമാണം ഏറ്റുചൊല്ലും. 6.10 ന് ക്രിസ്തുവിശ്വാസം പ്രതിസന്ധികളില്‍ തളരില്ലെന്നു പ്രതിജ്ഞ ചെയ്തും പീഡനമേല്‍ക്കുന്ന മണിപ്പുരിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രമേയം ഏറ്റുചൊല്ലും.

7. 6.15 ന് സ്‌നേഹച്ചങ്ങലയ്ക്ക് സമാപനം.

8. ദേശീയ പാതയുടെ കിഴക്കു ഭാഗത്തായിരിക്കും സ്‌നേഹച്ചങ്ങല തീര്‍ക്കുക.

9. മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍, വൈദികര്‍, സന്യസ്തര്‍ എന്നിവര്‍ സ്‌നേഹച്ചങ്ങലയില്‍ പങ്കെടുക്കും.

10. പള്ളികളില്‍ നിന്നുള്ള പ്രതിനിധികള്‍ പേപ്പല്‍ പതാകകള്‍, ബാനറുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ കയ്യിലേന്തിയായിരിക്കും പങ്കെടുക്കുക.

11. ദേശീയപാതയില്‍ അഞ്ചു വിളംബര വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കി സഞ്ചരിച്ചുകൊണ്ടിരിക്കും.

12. ചാലക്കുടി സൗത്ത് ജംക്ഷന്‍, ആനമല ജംക്ഷന്‍, പോട്ട ജംക്ഷന്‍, അപ്പോളോ ടയേഴ്‌സിനു സമീപം, കൊടകര, നന്തിക്കര എന്നീ സ്ഥലങ്ങളില്‍ വിശദീകരണ പ്രസംഗങ്ങളുണ്ടാകും.

13. അന്നേ ദിവസം വൈകിട്ട് 6 മണിക്ക് ദൈവാലയമണി മുഴക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page