ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19 ന്

ഇരിങ്ങാലക്കുട : കേരളസഭാ നവീകരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളോടെ മെയ് 19 ന് ഇരിങ്ങാലക്കുട രൂപതയില്‍ ‘ദിവ്യകാരുണ്യ കോണ്‍ഗ്രസ്’ നടത്തുന്നു. രൂപതയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേദിയൊരുങ്ങുന്നത്.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ചാണ് ബൃഹത്തായ ഈ ആത്മീയോത്സവം. രൂപതയിലെ 141 ഇടവകകളിലെ 60,000 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 15,000 ത്തോളം പേര്‍ പങ്കെടുക്കും.

സാര്‍വ്വത്രിക കത്തോലിക്കാസഭയില്‍ സഭാസ്ഥാപനദിനമായി ആചരിക്കപ്പെടുന്ന ‘പെന്തക്കുസ്ത’ തിരുനാള്‍ ദിനമാണ് മെയ് 19 ഞായര്‍. അന്ന് രാവിലെ 10 മുതല്‍ സെമിനാറുകള്‍, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, വൈകീട്ട് ഇരിങ്ങാലക്കുട നഗരത്തിലൂടെയുള്ള പ്രൗഢഗംഭീരമായ ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയാണ് ആത്മീയസംഗമത്തിന്റെ മുഖ്യഘടകങ്ങള്‍.

ദിവ്യകാരുണ്യ കോണ്‍ഗ്രസിനുള്ള വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. രൂപത ഭവനത്തില്‍ നടന്ന വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടേയും കോ-ഓര്‍ഡിനേറ്റര്‍മാരുടേയും സമ്പൂര്‍ണ്ണ സമ്മേളനം ഒരുക്കങ്ങള്‍ വിലയിരുത്തി. മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. 250 പേര്‍ അടങ്ങുന്ന 14 കമ്മിറ്റികളാണ് തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിനുള്ള തയ്യാറെടുപ്പുകള്‍ ഇടവകകളില്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബം, ഇടവക, ഫൊറോന തലങ്ങളില്‍ അതിവിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ ദിവ്യകാരുണ്യ യേശുവിലുള്ള വിശ്വാസം ആഴപ്പെടുത്തുക, സഭയിലും സമൂഹത്തിലുമുള്ള കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുക, ദിവ്യകാരുണ്യത്തിലൂടെ സഹജീവികളോടുള്ള ജീവകാരുണ്യം കൂടുതല്‍ യാഥാര്‍ത്ഥ്യമാക്കുക എന്നിവയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങളെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ ഓര്‍മ്മിപ്പിച്ചു.

ഇരിങ്ങാലക്കുട വിദ്യാജ്യോതിയില്‍ സ്വാഗതസംഘം ഓഫീസ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍, വികാരി ജനറല്‍ മോണ്‍. ജോസ് മാളിയേക്കല്‍, ജനറല്‍ കണ്‍വീനര്‍ റവ. ഡോ. റിജോയ് പഴയാറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലാ കമ്മിറ്റികളുടെയും കണ്‍വീനര്‍മാര്‍ മീറ്റിംഗുകളിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയുണ്ടായി.

You cannot copy content of this page