ഇരിങ്ങാലക്കുട : ആഗോളതലത്തിൽ പ്രശസ്തമായ ആന്ധ്രാപ്രദേശിന്റെ തനത് നൃത്തരൂപമായ കുച്ചിപ്പുടിയിൽ പുതിയ ചിട്ടപ്പെടുത്തലുകൾ നടത്തുമ്പോൾ, അതിന്റെ തനിമയും പാരമ്പര്യവും ഒട്ടും ചോർന്നുപോകാതെ ശ്രദ്ധിക്കണമെന്ന് പ്രശസ്ത കുച്ചിപ്പുടി നർത്തകി ഗുരു പദ്മവാണി മോസലികണ്ടി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് അമ്മന്നൂർ മാധവനാട്യഭൂമിയിൽ സംഘടിപ്പിച്ച ‘നവ്യം 2026’ കലാമേളയുടെ സമാപനത്തോടനുബന്ധിച്ച് നർത്തകി സ്വാതി നാരായണൻ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും പുതിയ പരീക്ഷണങ്ങളും കലയുടെ വളർച്ചയ്ക്ക് അനിവാര്യമാണെങ്കിലും അവ പാരമ്പര്യത്തിന്റെ വേരുകളിൽ ഉറച്ചുനിന്നുകൊണ്ടാവണമെന്ന് സമാപന ദിനത്തിൽ പ്രഭാഷണം നടത്തിയ പ്രമുഖ കലാനിരൂപകനും ചരിത്രകാരനുമായ വിനോദ് ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയ യുവത്വത്തിന്റെ കലാവിരുന്നിന്റെ സമാപന ദിവസം പുതുതലമുറ കലാകാരന്മാരുടെ നൃത്ത-സംഗീത പരിപാടികൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്. സമാപന ദിവസത്തിൽ കാലത്ത് നടന്ന അയ്യപ്പഞ്ചേരി മാധവൻ അവതരിപ്പിച്ച സോപാനസംഗീതം കേരളീയ സംഗീത പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതി. ശോഭിത് രമേഷ് അവതരിപ്പിച്ച ഭരതനാട്യം കലാകാരരുടേയും കാണികളുടേയും ഏറെ പ്രശംസ പിടിച്ചുപറ്റി. പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ നട്ടുവാങ്കത്തിൽ ജംഷീന ജമാൽ അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ കൈരളിയുടെ ലാസ്യതനിമ തിളങ്ങിനിന്നു. ലക്ഷ്മി രഘുനാഥ് അവതരിപ്പിച്ച കുച്ചിപ്പുടിയോടെയാണ് ‘നവ്യം 2026’ കലാമേളയ്ക്ക് തിരശ്ശീല വീണത്.
ഭാരതീയ രംഗകലകളുടെ ദേശീയ സെമിനാറായ ‘രംഗകലാ കോൺഫറൻസി’ൻ്റെ രണ്ടാം പതിപ്പ് 2027 ജനുവരി 13 മുതൽ 17 വരെ അരങ്ങേറുമെന്നും, പ്രശസ്ത നർത്തകി പത്മവിഭൂഷൺ ഡോ. പത്മ സുബ്രഹ്മണ്യം സോദാഹരണം നടത്തുമെന്നും സംഘാടകർ സമാപന ദിനത്തിൽ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

