ശ്രീസംഗമേശൻ്റെ സംഗമഭൂമി ജ്ഞാനസംഗമ സങ്കേതമായി മാറണം – കാഞ്ചി കാമകോടി പീഠാധിപതി ശങ്കര വിജയേന്ദ്ര സരസ്വതി

ഇരിങ്ങാലക്കുട : ശ്രീസംഗമേശൻ്റെ സംഗമഭൂമി ജ്ഞാനസംഗമ സങ്കേതമായി മാറണമെന്ന് കാഞ്ചി കാമകോടി പീഠാധിപതി ജഗദ്‌ഗുരു പൂജ്യശ്രീ ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമിജി. വേദപാരമ്പര്യത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിൽ, കാമകോടി യജുർവേദ പാഠശാലയുടെ പുതിയ ക്യാമ്പസ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



കർക്കിടകമാസത്തിലെ നാലമ്പലദർശനത്തിൻ്റെ പുണ്യത്തെക്കുറിച്ച് പ്രഭാഷണം ആരംഭിച്ച അദ്ദേഹം, ഭാരതീയ സംസ്കൃതിയുടെ നിലനില്പ് വേദങ്ങളിൽ അധിഷ്ഠിതമാണെന്നും, കേരളീയശൈലിയിലുള്ള വേദാലാപനം ഏറെ ഉത്കർഷമാണെന്നും, യജുർവ്വേദത്തിൻ്റെ നിലനില്പിന് കാമകോടി പാഠശാലയുട്ടെ പ്രയത്‌നങ്ങളെ ശ്ലാഘിച്ചും സംസാരിച്ചു. ജലാശയങ്ങളുടെ സംരക്ഷണത്തെപ്പറ്റി യജുർവേദത്തിൽ പ്രതിപാദിച്ചിട്ടുണ്ടെന്നുംദേവസ്വം ബോർഡ് മുൻകൈയ്യെടുത്ത് ക്ഷേത്രക്കുളങ്ങൾ പരിരക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപം നിർമ്മിച്ച ‘ശ്രീ സംഗമേശ വേദ മന്ദിര’ത്തിന്റെ ഉദ്ഘാടനം സ്വാമിജി നിർവ്വഹിച്ചു. 1972-ൽ പൂജ്യശ്രീ ജയേന്ദ്ര സരസ്വതി സ്വാമികളുടെ ദിവ്യദർശനത്തിൽ സ്ഥാപിതമായ ഈ പാഠശാല, പതിറ്റാണ്ടുകളായി കേരളീയ വേദപാരമ്പര്യം സംരക്ഷിക്കുന്നതിൽ മുൻനിരയിലാണ്. മഹർഷി സാന്ദീപനി രാഷ്ട്രീയ വേദ വിദ്യാ പ്രതിഷ്ഠാന്റെ (ഉജ്ജയിൻ) അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പാഠശാല, ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറുന്നത് വേദവിദ്യാഭ്യാസ രംഗത്ത് വലിയൊരു ചുവടുവയ്പ്പാണ്.



ശ്രീസംഗമേശവേദമന്ദിരത്തിലെ ശങ്കരമണ്ഡപത്തിൽ ധർമ്മധ്വജസ്ഥാപനവും, മഹാപെരിയബ്ലോക്കും കാമകോടി പീഠാധിപതി പൂജ്യശ്രീ ശങ്കര വിജയേന്ദ്ര സരസ്വതി സ്വാമിജി ഉദ്ഘാടനം ചെയ്തു. ഇടനീർ മഠം പീഠാധിപതി സച്ചിദാനന്ദ ഭാരതി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി തമ്പുരാട്ടി എന്നിവർ തദവസരത്തിൽ പങ്കെടുത്തു. ഡിജിറ്റൽ ക്ലാസ് റൂം, ഐ.ടി-സയൻസ് ലാബുകൾ എന്നിവ മഹർഷി സാന്ദീപനി രാഷ്ട്രീയ വേദ വിദ്യാ പ്രതിഷ്ഠാൻ സെക്രട്ടറി പ്രൊഫ. വിരൂപാക്ഷ ജഡ്ഡിപാൽ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി. ജാക്സൺ സോക്കർ ടർഫ് ഉദ്ഘാടനം ചെയ്തു.



കാരുകുളങ്ങര ഓഡിറ്റോറിയത്തിൽ സഭായോഗം പ്രസിഡന്റ് പാമ്പുമേയ്ക്കാട് ശ്രീധരൻ നമ്പൂതിരി അധ്യക്ഷത വഹിച്ച സമ്മേളത്തിൽ കാമകോടി പീഠാധിപതി പൂജ്യശ്രീ ശങ്കര വിജയേന്ദ്ര സരസ്വതി സ്വാമിജിയുടെ അനുഗ്രഹ പ്രഭാഷണം നടത്തി. മഹർഷി സാന്ദീപനി രാഷ്ട്രീയ വേദ വിദ്യാ പ്രതിഷ്ഠാൻ സെക്രട്ടറി പ്രൊഫ. വിരൂപാക്ഷ ജഡ്ഡിപാൽ ജ്യോതിഷ പണ്ഡിതൻ ബി. പത്മനാഭ ശർമ്മ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. പാഠശാല സെക്രട്ടറി സജി നമ്പൂതിരിപ്പാട് സ്വാഗതവും ട്രഷറർ കാവനാട് കൃഷ്ണൻ നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page