എഴുത്ത് : ജൂലായ് 17 ന് കർക്കിടക മാസം ആരംഭിച്ചു. കർക്കിടകത്തിന്റെ ഇല്ലായ്മയുടേയും വല്ലായ്മയുടേയും കഥകളാണ് ഏറെയും. കാലാവർഷത്തിമർപ്പിൽ പലപ്പോഴും ജനജീവിതം ദുഷ്കരമാകുന്നു . ഉരുൾ പൊട്ടലും, പ്രകൃതി ക്ഷോഭവും ധാരാളം. ദക്ഷിണായനമായതിനാൽ കർക്കിടക സൂര്യന് തീവ്രത കുറയും ; മഴക്കാല രോഗങ്ങൾ പെരുകും. ഇനിയുമുണ്ട് കർക്കിടകത്തിന്റെ പോരായ്മകൾ. എന്നാൽ പ്രയാസങ്ങൾ മാത്രമാണോ കർക്കിടകത്തിനുള്ളത്?
സംഭവബഹുലം
പാണന്ടെ തുയിലുണർത്തൽ കേട്ടാണ് കർക്കിടക പുലരി ഉണരുന്നത് . ദക്ഷിണായനത്തിൽ ഭൂമിയിലെത്തുന്ന ദക്ഷിണാമൂർത്തിയും പാർവ്വതിയുമാണത്രെ പാണനും പത്നിയും. കർക്കിടകം പുലർന്നാൽ “ചേട്ട”യെ (തിന്മകൾ) പുറത്താക്കി ശ്രീ ഭഗവതിയെ(നന്മകൾ) വരവേൽക്കുന്നു. തുടർന്നുള്ള ഏഴു ദിവസം ശ്രീ ഭഗവതി ( ശീവോതി ) യുടെ സാന്നിധ്യം വാൽക്കണ്ണാടിയിലൂടെ ഗൃഹങ്ങളിൽ ഉണ്ടായിരിക്കും എന്നാണ് വിശ്വാസം. ആയുർവേദ സുഖ ചികിത്സകൾ( ഉദാ: ഉഴിച്ചിൽ, ആനയൂട്ട്) കർക്കിടകത്തിലാണ് നടത്തപ്പെടുന്നത്. മണ്മറഞ്ഞുപോയവർക്കുള്ള പിതൃതർപ്പണം കർക്കിടക വാവിന് നടത്തപ്പെടുന്നു. കർക്കിടകത്തിലെ തിരുവോണം “പിള്ളേരോണ”മാണ്. കുട്ടികളുടെ ഈ ആഘോഷം ചിങ്ങത്തിലെ തിരുവോണത്തിനുള്ള നാന്ദികൂടിയാണ് . വടക്കൻ കേരളത്തിലെ വീടുകളിൽതെയ്യവും തിറയും എത്തുന്നതും ഈ മാസത്തിലാണ് .
രാമായണ മാസം
കർക്കിടകത്തെ “രാമായണ മാസം” എന്ന പേരിൽ വിശേഷിപ്പിക്കാൻ ആരംഭിച്ചത് സമീപകാലത്താണ്- ഏകദേശം നാല്പതു വർഷങ്ങൾക്ക് മുമ്പ്. സ്വാമി ചിന്മയാനന്ദനാണ് ഈ ആശയത്തിന് വ്യാപക പ്രചാരം നൽകിയത് എന്നാണ് പറയപ്പെടുന്നത്. അതോടെ “പഞ്ഞമാസ”മായ കർക്കിടകം ആത്മീയ പ്രൗഢിയുടെ മാസമായി മാറി. ഓരോരുത്തരും തങ്ങൾക്ക് കഴിയുന്ന രീതിയിൽ രാമായണപാരായണം നടത്തുക എന്നതാണ് രാമായണ മാസത്തിനിടെ മുഖ്യ ആകർഷണം. വീടുകളിലും ക്ഷേത്രങ്ങളിലും സാമൂഹിക കൂട്ടായ്മകളിലും ദൃശ്യമാധ്യമങ്ങളിലുമെല്ലാം രാമായണപാരായണം നടക്കുന്നു. കർക്കിടകത്തിലെ “ശീവോതി” പോലുള്ള ആചാരങ്ങൾ വിസ്മൃതിയിലാകുമ്പോഴും രാമായണപാരായണത്തിന്റെ പ്രചാരം വർഷംതോറും വർധിച്ചുകൊണ്ടിരിക്കുകയാണ്.
നാലമ്പല ദർശനം
രാമായണ മാസത്തോടനുബന്ധിച്ച് ഏറെ ജനപ്രീതി നേടിയ ഒരു യാത്രാനുഭവമാണ് നാലമ്പല ദർശനം. വർഷംതോറും ഇതിൽ പങ്കെടുക്കുന്ന ഭക്തരുടെ എണ്ണം വർധിച്ചുവരികയാണ്. തൃപ്രയാർ (ശ്രീരാമൻ), കൂടൽമാണിക്യം (ഭരതൻ), മൂഴിക്കുളം (ലക്ഷ്മണൻ), പായമ്മൽ (ശത്രുഘ്നൻ) എന്നീ നാല് ക്ഷേത്രങ്ങൾ ഒരേ ദിവസം സന്ദർശിക്കുന്നതാണ് നാലമ്പല ദർശനം. ഐതിഹ്യമനുസരിച്ച്, ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഇവ. പ്രളയകാലത്ത് കടൽത്തീരത്ത് അടിഞ്ഞ ഈ വിഗ്രഹങ്ങൾ പിന്നീട് ഈ നാല് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടുവെന്നാണ് വിശ്വാസം. ഇന്ന് കേരളത്തിലെ മറ്റു ചില പ്രദേശങ്ങളിലും നാലമ്പല ദർശനം സംഘടിപ്പിക്കുന്നുണ്ടെങ്കിലും, ദ്വാരകയുമായി ബന്ധപ്പെട്ട ഈ ഐതിഹ്യത്തിന്റെ പ്രത്യേകത ഇവിടത്തെ നാലമ്പലത്തിനാണ്.
കർക്കിടകത്തിന്റെ പ്രയാസങ്ങളെ മാത്രം ഓർക്കാതെ, അതിന്റെ ആത്മീയവും സാംസ്കാരികവും പാരമ്പര്യപരവുമായ സമ്പന്നതയും നാം തിരിച്ചറിയണം.
ഏവർക്കും സംഭവസമൃദ്ധമായ ഒരു കർക്കിടകം ആശംസിക്കുന്നു.
തയ്യാറാക്കിയത് കെ വി മുരളീ മോഹൻ



