ശാകുന്തളം കൂടിയാട്ടം വീണ്ടും അരങ്ങിലേക്ക് – നടനകൈരളിയുടെ നേതൃത്വത്തില്‍ ഡിസംബർ 22ന് ഗോവയിൽ സെറിണ്ടിപ്പിറ്റി ഫെസ്റ്റിവലിൽ ശാകുന്തളം അരങ്ങേറും

ചില പ്രതികൂല സാഹചര്യങ്ങളിൽ അന്യം നിന്ന് പോയ അവതരണം ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം നടനകൈരളിയിൽ പുനർജ്ജനിക്കുകയാണ്. കൂടിയാട്ടം കലാകാരി കപില വേണുവാണ് ഈ രണ്ടാം വരവിന് നേതൃത്വം നൽകുന്നത്. സമ്പൂർണാവതരണത്തിന്റെ പ്രസക്തഭാഗങ്ങൾ എഡിറ്റ് ചെയ്ത് അഞ്ച് മണിക്കൂർ ദൈർഘ്യത്തിലാണ് ഇപ്പോൾ ചിട്ടപ്പെടുത്തുന്നത്. ഗോവയിൽ ഡിസംബർ 22-ന് സെറിണ്ടിപ്പിറ്റി ഫെസ്റ്റിവലിലാണ് പുനരുജ്ജീവിക്കപ്പെട്ട ശാകുന്തളം അരങ്ങേറുക

ഇരിങ്ങാലക്കുട : ഭാരതത്തിൽ രചിക്കപ്പെട്ട നാടകങ്ങളിൽ വിശ്വസാഹിത്യത്തിൽ ഇടം നേടിയത് കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളമാണല്ലോ. പാരമ്പര്യ സംസ്കൃത നാടകവേദിയായ കൂടിയാട്ടത്തിന്റെ യാഥാസ്ഥിതിക ചുറ്റുപാട് ഈ നാടകത്തെ ഉൾക്കൊണ്ടില്ല. കൂടിയാട്ടം ആചാര്യൻ പൈങ്കുളം രാമചാക്യാരുടെ നേതൃത്വത്തിൽ ശാകുന്തളം രണ്ടാമങ്കം സംവിധാനം ചെയ്തു ഏതാനും അരങ്ങുകളിൽ 1979-ൽ അവതരിപ്പിക്കുകയുണ്ടായി. ഗുരു മണി മാധവചാക്യാർ സംവിധാനം ചെയ്ത മൂന്നാമങ്കം കേരള കലാമണ്ഡലത്തിലും പിന്നീട് അവതരിപ്പിക്കുകയുണ്ടായി.



എന്നാൽ ഇതിനൊന്നും ഒരു തുടർച്ചയുണ്ടായില്ല. കൂടിയാട്ടം ആചാര്യൻ വേണുജിയുടെ സംവിധാനത്തിൽ 2001-ലാണ് ശാകുന്തളം നാടകം നാന്ദി മുതൽ ഭാരതവാക്യം വരെ പതിമൂന്നര മണിക്കൂർ ദൈർഘ്യത്തിൽ ഇദംപ്രഥമമായി കൂടിയാട്ടത്തിൽ പിന്നീട് അരങ്ങേറിയത്. ഈ രംഗാവതരണം പൂർണമായും ഭാഗികമായും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നൂറ്റിയമ്പതിലേറെ അരങ്ങുകളിൽ ഒരു പതിറ്റാണ്ട് കാലം നിറഞ്ഞാടി.



ചില പ്രതികൂല സാഹചര്യങ്ങളിൽ അന്യം നിന്ന് പോയ ഈ അവതരണം ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം നടനകൈരളിയിൽ പുനർജ്ജനിക്കുകയാണ്. കൂടിയാട്ടം കലാകാരി കപില വേണുവാണ് ഈ രണ്ടാം വരവിന് നേതൃത്വം നൽകുന്നത്. സമ്പൂർണാവതരണത്തിന്റെ പ്രസക്തഭാഗങ്ങൾ എഡിറ്റ് ചെയ്ത് അഞ്ച് മണിക്കൂർ ദൈർഘ്യത്തിലാണ് ഇപ്പോൾ ചിട്ടപ്പെടുത്തുന്നത്. ഗോവയിൽ ഡിസംബർ 22-ന് സെറിണ്ടിപ്പിറ്റി ഫെസ്റ്റിവലിലാണ് പുനരുജ്ജീവിക്കപ്പെട്ട ശാകുന്തളം അരങ്ങേറുക.



കപില വേണു ശകുന്തളയായും, സൂരജ് നമ്പ്യാർ ദുഷ്യന്തനായും, കലാമണ്ഡലം ജിഷ്ണു പ്രതാപ് കണ്വമഹർഷിയായും, നേപഥ്യ ശ്രീഹരി സൂതനായും മുഖ്യവേഷങ്ങളെ അവതരിപ്പിക്കുന്ന ശാകുന്തളം കൂടിയാട്ടത്തിൽ മുക്കുവനായി വേഷമിടുന്നത് പ്രശസ്ത നാടക സംവിധായകൻ ശങ്കർ വെങ്കടേശ്വരനാണ്.



2003 മുതൽ കേരള സംഗീത നാടക അക്കാദമിയിലും ഇരിങ്ങാലക്കുട നടനകൈരളിയിലും സിങ്കപ്പൂരിലെ ഇന്റർ കൾച്ചറൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിലും വേണുജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കൂടിയാട്ടം ശില്പശാലകളിൽ പങ്കെടുത്ത ശങ്കർ വെങ്കടേശ്വരൻ ഒരു കൂടിയാട്ടത്തിന് തലയിൽ കെട്ടി വേഷമിടുന്നത് ആദ്യമായിട്ടാണ്. ശാകുന്തളം കൂടിയാട്ടം വീണ്ടും അന്തർദേശീയ വേദികളിൽ ശ്രദ്ധേയമാകുമെന്ന് നടനകൈരളിയുടെ പ്രവർത്തകർ പ്രതീക്ഷിക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page