കായിക രംഗത്തെ മികവിനുള്ള ജി വി രാജ പുരസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്

ഇരിങ്ങാലക്കുട : കേരള സർക്കാരിന്റെ കായിക രംഗത്തെ മികവിനുള്ള ജി വി രാജ പുരസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്. കായികരംഗത്ത് വർഷങ്ങളായി പുലർത്തിവരുന്ന മികവിനും ദേശീയ–അന്തർദേശീയ തലങ്ങളിൽ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ കോളേജ് നൽകുന്ന മികച്ച സംഭാവനകൾക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന അവാർഡ് നൈറ്റിൽ വൈസ് പ്രിൻസിപ്പാൾ ഡോ. സി അഞ്ജന റോസ്, സി. ജോമരിയ, കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ , കായിക അധ്യാപിക തുഷാര ഫിലിപ്പ്, ഡോ. ബിനോയ് ആനന്ദ്, വർഷ ജി നായർ, കായിക താരങ്ങളായ ജിഷില, മിത്ര പി , ശ്രീയസായി ടി എന്നിവർ ചേർന്ന് കായിക വകുപ്പ് മന്ത്രി അഡ്വ ഓ ജെ ജനീഷിൽ നിന്നും അവാർഡ് സ്വീകരിച്ചു.



വിദ്യാഭ്യാസത്തോടൊപ്പം കായികമികവിനും തുല്യപ്രാധാന്യം നൽകുന്ന സമഗ്രമായ കായികസംസ്കാരമാണ് കോളേജിന്റെ നേട്ടങ്ങൾക്ക് കരുത്തുപകരുന്നത്. മികച്ച പരിശീലന സൗകര്യങ്ങൾ, കായിക അടിസ്ഥാനസൗകര്യങ്ങൾ, താരങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ, പരിശീലന പിന്തുണ എന്നിവയിലൂടെ നിരവധി ദേശീയ, അന്തർദേശീയ താരങ്ങളെ വാർത്തെടുക്കാൻ കോളേജിന് കഴിഞ്ഞിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനവും അടിസ്ഥാനസൗകര്യങ്ങളും പ്രോത്സാഹനവും ഉറപ്പാക്കുന്ന കായിക അന്തരീക്ഷമുള്ള ക്യാമ്പസാണ് സെൻ്റ് ജോസഫ്‌സ്.



2025–26 അധ്യയന വർഷത്തിൽ മാത്രം കോളേജിൽ നാല് അന്തർദേശീയ താരങ്ങൾ ഉണ്ടായിരുന്നു. ഇവരിൽ സീയ മെൽറ്റിൽഡ ബൈജു പവര്‍ലിഫ്ടിങ്ങില്‍ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി കോളേജിനും രാജ്യത്തിനും, സംസ്ഥാനത്തിനും അഭിമാനമായി. കൂടാതെ 20 ദേശീയ താരങ്ങൾ, 48 ഇന്റർ യൂണിവേഴ്സിറ്റി താരങ്ങൾ, 17 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് താരങ്ങൾ എന്നിവരെ വാര്‍ത്തെടുക്കാന്‍ കോളേജിന് കഴിഞ്ഞു.


കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജ് മത്സരങ്ങളിൽ വിവിധ കായിക ഇനങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിലായി 13 ചാമ്പ്യൻഷിപ്പുളും കോളേജ് സ്വന്തമാക്കി. മികച്ച കായിക അടിസ്ഥാനസൗകര്യങ്ങൾ, പരിശീലന സംവിധാനങ്ങൾ, താരങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ, മികച്ച പരിശീലന പിന്തുണ എന്നിവയാണ് ഈ മുന്നേറ്റത്തിന് കരുത്ത് പകരുന്നത്.

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ മൂന്ന് അക്കാദമികളും കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലായി കോളേജിലെ ധാരാളം കായികതാരങ്ങൾ സ്പോർട്സ് ക്വാട്ടയിലൂടെ ജോലി ലഭിച്ചിട്ടുണ്ട്.കായികതാരങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനൊപ്പം കായികത്തെ ക്യാമ്പസ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാക്കാനും കോളേജ് ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.

കായികരംഗത്തെ തുടർച്ചയായ നേട്ടങ്ങളിലൂടെ കാലിക്കറ്റ് സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരവും സെന്റ് ജോസഫ്‌സ് കോളേജ് നേടിയിരുന്നു. ജി.വി. രാജ പുരസ്കാരം കൂടി ലഭിച്ചതോടെ കോളേജിന്റെ കായികമികവിന് കൂടുതൽ അംഗീകാരമായി.

കായികതാരങ്ങളുടെ വളർച്ചയ്ക്കും സ്ത്രീകളുടെ കായികപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നൽ നൽകുന്ന കോളേജിന്റെ പ്രവർത്തനങ്ങൾക്ക് ഈ പുരസ്കാരങ്ങൾ കൂടുതൽ പ്രചോദനമാകും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page