അടിമുടി പുളകം വാരിച്ചൂടുന്ന കണിക്കൊന്നകൾ. ഉത്തരായണക്കിളിയുടെ പാട്ടിനു കാതോർക്കുന്ന കുട്ടികൾ. കതിർക്കുലകൾ പതിച്ച ഉമ്മറ വാതിലുകൾ. വിത്തു വെള്ളരിയും മത്തനും കുമ്പളങ്ങയുംതൂങ്ങുന്ന മോന്തായങ്ങൾ. പൊന്നുരുക്കിയതുപോലുള്ള വെയിൽ. ഒഴുകുന്ന വെണ്ണിലാപ്പുഴകൾ. ഓർമയിൽ വീണ്ടും വിഷു വരികയായി.
പ്രസാദാത്മകമായ വിഷു സംക്രമണ സായാഹ്നങ്ങൾ. കൊന്നപ്പൂക്കൾ തേടിയലയുന്ന ബാലികാബാല ന്മാർ. ഗൃഹപരിസരങ്ങളിലെ ചപ്പുചവറുകൾ അടിച്ചുകൂട്ടി തീയിടുന്ന വീട്ടമ്മമാർ. പടക്കങ്ങളുടെ മുഴക്കവും കമ്പിത്തിരികളുടേയും മത്താപ്പിൻടേയും ദൃശ്യപ്പൊലിമയും തിണർത്തുനില്ക്കുന്ന ഗൃഹാന്തരീക്ഷം.
ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് പൂജാമുറിയിൽ ഒരുക്കി വെയ്ക്കുന്ന കണിയുരുളി. മഞ്ഞപ്പട്ടു ചാർത്തിയ ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നിൽ അരിമാവുകൊണ്ട് കോലം വരച്ച് ആവണപ്പലകയിൽ ഉരുളി വെയ്ക്കുന്നു. അതിൽ ഉണക്കലരിയും നെല്ലുമിടുന്നു. പിന്നീട് അലക്കിയ മുണ്ട് വിശറിയുടെ ആകൃതിയിൽ ഞൊറിഞ്ഞു വെയ്ക്കുന്നു. കൊന്നപ്പൂവ്, മാങ്ങാക്കുല, ചക്ക, അഷ്ടമംഗല്യം, സ്വർണാഭരണങ്ങൾ, വെള്ളരി, വാൽക്കണ്ണാടി, വെള്ളി നാണ്യങ്ങൾ ,പട്ട്, ചന്ദനം ,ചാന്ത്, കൺമഷി, ഗ്രന്ഥം എന്നിവയൊക്കെ ഉരുളിയിൽ സ്ഥാനം പിടിക്കുന്നു. അതിനു മുന്നിൽ എരിയുന്ന അഞ്ചുതിരിയിട്ട നിലവിളക്ക്. മനസ്സിൽ നിറയെ ശുഭദർശനത്തിനുള്ള ആവേശവുമായി എല്ലാവരും ഉറങ്ങാൻ കിടക്കുന്നു
ബ്രാഹ്മമുഹൂർത്തത്തിൽ തട്ടിപ്പിടഞ്ഞെഴുന്നേല്ക്കുന്ന വീട്ടമ്മമാർ. കണിയുരുളിയുടെ മുന്നിലെത്തിയേ അവർ കൺതുറക്കൂ. പിന്നീട് പ്രകൃതി വിഭവങ്ങളുടെ ദർശന സൗഭാഗ്യത്തിന് ഓരോരുത്തരെയായി വിളിച്ചെഴുന്നേല്പിക്കുന്നു. കണ്ണും പൂട്ടി വന്ന് ആവണപ്പലകമേലിരിക്കുന്ന ഉരുളിയുടെ വക്കത്ത് രണ്ടു കയ്യും പിടിച്ചേ കണ്ണു തുറക്കാവൂ. ഓരോന്നും നോക്കിക്കണ്ട് തൊട്ടു തലയിൽ വെച്ച് വന്ദിക്കണം. കൺനിറയെ സമൃദ്ധിയുടെ സ്വപ്നവുമായി ഓരോരുത്തരും തിരിച്ചു നടക്കുന്നു. പിന്നീട് തൊഴുത്തിലെ കന്നുകാലികളേയും തൊടിയിലെ വൃക്ഷങ്ങളേയും തുടുത്ത മനസ്സോടെ നോക്കിക്കാണുന്നു. കണിപോലെ ഗുണം എന്നാണല്ലോ ചൊല്ല്. കണി ദർശനം അതീവ സുന്ദരമായ ഒരു സങ്കല്പമാകുന്നു.
കണി കാണലിന് ശേഷം ദേഹശുദ്ധി വരുത്തി ക്ഷേത്ര ദർശനം. പിന്നീടാണ് കൈനീട്ടം.മുതിർന്നവർ താഴെ പ്രായമുള്ളവർക്കെല്ലാം ഒരാണ്ടു മുഴുവൻ സമ്പന്നമാവാൻ ആത്മാർഥമായി പ്രാർഥിച്ചു കൊണ്ട് കൈനീട്ടം നല്കുന്നു. തുടർന്ന് ഹൃദ്യമായ വിഷുക്കഞ്ഞിയാണ് (കൊന്നപൂത്താൽ കഞ്ഞി എന്നു പറയാറുണ്ടല്ലോ )
വിഷുക്കഞ്ഞിക്കു ശേഷം വിഭവസമൃദ്ധമായ സദ്യയാണ്. മാമ്പഴക്കാളനും ചക്ക എരിശ്ശേരിയും സദ്യയെ കൊഴുപ്പിക്കുന്നു .
നിറഞ്ഞ വയറും സ്വപ്നം പൂത്ത മനസ്സുമായി മാമ്പഴം പെറുക്കാനോടുന്ന കുട്ടികൾ.ചിലർക്കൊക്കെ തലപ്പന്തും കിളിമാസുമാണ് പ്രിയം. വിഷുവിനോടനുബന്ധിച്ച് നാടുനീളെ വിവിധ തരം പരിപാടികൾ. കാളികാവുകളിൽ വിഷു വേലയും പൂരവും .ഗ്രാമത്തിന് ആനന്ദത്തിന്റെ വൈവശ്യം.
നിഷ്കളങ്കമായ ഈ നാട്ടു വെളിച്ചം അതിവേഗം അന്യമാവുകയാണ്. കാർഷിക സംസ്കാരം മണ്ണടിഞ്ഞതോടെ അവയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും വിസ്മൃതിയിലാണ്ടു കഴിഞ്ഞു. നമ്മുടെ കൃഷിഭൂമികളിൽ കോൺക്രീറ്റ് കാടുകൾ തഴച്ചുവളരുകയാണ്. മല തുരന്നും കുന്നിടിച്ചും തണ്ണീർത്തടങ്ങളും വയലുകളും തൂർത്തും നാം വികസനത്തിലേക്ക് അതിവേഗം കുതിക്കുകയാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിൽ വിടവുകൾ വീണുകഴിഞ്ഞു. സ്വയമുല്പാദിപ്പിച്ച വിളവെടുത്തു ഭക്ഷിക്കാനുള്ള ഭാഗ്യവും നമ്മെ കൈയൊഴിഞ്ഞിരിക്കുന്നു. സ്വപ്രയത്നം വിളയിച്ച ഫലങ്ങളും ധാന്യങ്ങളുമില്ലെങ്കിൽ സമൃദ്ധിയുടെ സ്വപ്നം നമുക്കെങ്ങനെയാണുണ്ടാവുക? കണിയുരുളിയിലെ കാർഷികവിഭവങ്ങൾക്കു കൂടി നാം അന്യന്റെ നേരെ കൈ നീട്ടുകയാണ്. പ്രകൃതിയെ സ്നേഹിക്കാൻ മറന്നു പോയതു കൊണ്ട് കണിക്കൊന്നക ളുമിപ്പോൾ കാലം തെറ്റി പൂക്കാൻ തുടങ്ങിയിരിക്കുന്നു.
ഗ്രാമീണ ജീവിതത്തിലും ഗ്രാമഭംഗികളിലും ഇഴുകിച്ചേരാനോ ഊറ്റം കൊള്ളാനോ ആവാത്ത ഒരു തലമുറയാണ് ഇവിടെ വളർന്നു വരുന്നത്. പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജീവിതം നോക്കിക്കാണുന്ന മനോഭാവമാണ് നാം കുട്ടികളിൽ വളർത്തുന്നത്. മുത്തശ്ശിമാരുടെ കാലം കഴിഞ്ഞതോടെ പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടിപ്പാട്ടുകളും കേട്ടും പറഞ്ഞും പാടിയും വളരുന്നതിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്ന സാംസ്ക്കാരിക മൂല്യങ്ങൾ നമുക്കു നഷ്ടപ്പെട്ടു.കഴുത്തറപ്പൻ മത്സരത്തിന്റെ അതീവ സങ്കു ചിതമായ രഥ്യകളിലൂടെയാണ് നമ്മുടെ ജീവിതചക്രം തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നത്.
പരിഷ്ക്കാരത്തിന്റെ തിമിരം ബാധിച്ച കണ്ണുകൾക്ക് വിഷുക്കഞ്ഞി പഴഞ്ചനും വിഷുക്കൈനീട്ടം അനാവശ്യവുമാണ്.മാമ്പഴക്കാളനും ചക്ക എരിശ്ശേരിയും അവർക്ക് ഓക്കാനമുണ്ടാക്കുന്നു. പടക്കങ്ങളുടെ മുഴക്കവും കമ്പിത്തിരികളുടെ ദൃശ്യപ്പൊലിമയും കൂട്ടിയിട്ടുണ്ട് എന്നു പറയാതെ വയ്യ. ആധുനിക നഗര സംസ്കൃതിയുടെ അവിഭാജ്യ ഘടകമായ പ്രദർശനപരതയും മത്സരബുദ്ധിയും തന്നെ കാരണം.
വിഷുവിനെക്കുറിച്ച് ഐതിഹ്യങ്ങൾ പലതുമുണ്ട്.നരകാസുരൻ കൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷു എന്നാണ് അതിലൊന്ന്.രാവണനിഗ്രഹാനന്തരം സൂര്യൻ നേരെ ഉദിക്കാൻ തുടങ്ങിയ ദിവസമാണ് വിഷു എന്ന് മറ്റൊന്നും. യഥാർഥത്തിൽ, മതവും ഈശ്വരനുമായി ബന്ധമില്ലാത്തതാണ് ഈ ആഘോഷം.സമത്വത്തിന്റെ സന്ദേശമാണ് അത് വിളംബരം ചെയ്യുന്നത്. രാപ്പകലുകൾ തുല്യമാകുന്ന ഈ വിഷു മുഹുർത്തം ( സമരാത്രിന്ദിവേകാലേ/വിഷുവദ്വിഷുവഞ്ചതത്), ഈ കാർഷിക വത്സരാരംഭം ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും സമതദർശിക്കുവാനുള്ള സങ്കല്പമാണ് മുന്നോട്ടു വെയ്ക്കുന്നത്.
ഗ്രാമത്തിന്റെ ഹൃദ്സ്പന്ദങ്ങളില്ലാത്ത, ഗ്രാമീണതയുടെ ചെത്തവും ചൂരുമില്ലാത്ത ഈ വിഷുപ്പുലരിയിൽ വൈലോപ്പിള്ളിയോടൊത്ത് നമുക്കും പാടാം
ഏതു ധൂസര സങ്കല്പങ്ങളിൽ വളർന്നാലും /
ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും /
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും /
മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും
തുമ്പൂർ ലോഹിതാക്ഷൻ
തുമ്പൂർ P O ഇരിങ്ങാലക്കുട – 680662
email: thumboorlohi @gmail.com mob: 9446401607/8075545700
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive