നാല് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ നിന്നും രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികൾ

ഇരിങ്ങാലക്കുട : രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികലെ ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷക സംഘം കണ്ടെത്തി. നാല് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയിൽ നിന്ന് വലചിറകൻ (Neuroptera) വിഭാഗത്തിലെ രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികളെ (Antlion, Myrmeleontidae) കണ്ടെത്തുന്നത്.

ഒരു സ്പീഷിസിനെ കാസർഗോഡ് ജില്ലയിലെ റാണിപുരം, ഇടുക്കി ജില്ലയിലെ വള്ളക്കടവ്, മറയൂർ എന്നീ ഇടങ്ങളിലെ വനപ്രദേശത്ത് നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രശസ്ത ടാക്സോണമിസ്റ്റും വലിച്ചിറകൻ പഠനത്തിലെ ഇന്ത്യയിലെ അതികായനുമായ ഡോ. സനത് കുമാർ ഘോഷിനോടുളള ബഹുമാനാർത്ഥം “നീമോലീയോൺ ഘോഷി” (Nemoleon ghoshi) എന്നാണ് ഈ സ്പീഷീസിനെ നാമകരണം ചെയ്തിരിക്കുന്നത്.

മറ്റൊരു പുതിയ ഇനം കുഴിയാനത്തുമ്പിയെ കണ്ണൂർ ജില്ലയിലെ പ്രശസ്തമായ മാടായിക്കാവിനോട് ചേർന്ന മാടായിപ്പാറയിലാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശത്തെ വ്യത്യസ്ത ജൈവ സവിശേഷതയെ മുൻനിർത്തി ഈ പുതിയ സ്പീഷീസിനെ നീമോലീയോൺ മാടായിയെൻസിസ് (Nemoleon madayiensis) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

അന്താരാഷ്ട്ര ശാസ്ത്ര മാസികയായ “സൂടാക്സ”യിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകനായ ടി. ബി സൂര്യനാരായണൻ, അസിസ്റ്റൻ്റ് പ്രെഫസർ ഡോ ബിജോയ്, സി., ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവൻഡി അബ്രഹാം എന്നിവർ ആണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.

സാധാരണ കണ്ടു വരുന്ന സൂചി തുമ്പികളുമായി ഇവ തെറ്റിദ്ധരിക്കപെടാറുണ്ട്. മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്പർശനി ഉള്ളത് കാരണമാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്നും വ്യത്യസ്തപെടാൻ ഉള്ള പ്രധാന കാരണം. മറ്റുള്ള കുഴിയാനതുമ്പികളിൽ നിന്നും വ്യത്യസ്തതമായി അയഞ്ഞ മണ്ണിൽ കുഴികൾ ഉണ്ടാക്കാതെ മണ്ണിൻ്റെ പ്രതലത്തിൽ ആണ് ഇവയുടെ ലാർവ കാണപ്പെടുന്നത്. ഇന്ത്യയിൽ നിന്നും ആദ്യമായാണ് ഈ ജീനസ്സിനെ (Nemoleon) റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്നും കണ്ടെത്തുന്ന അഞ്ചാം ഇനം കുഴിയാനതുമ്പിയും, ഇന്ത്യയിൽ നിന്നും ഉള്ള 125 ആമത്തെ ഇനം കുഴിയാനതുമ്പിയും ആണ് ഈ കണ്ടെത്തൽ.

കൗൺസിൽ ഫോർ സയന്തിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാന്റ് ഉപഗോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിൽ (എസ്. ഇ. ആർ. എൽ.) ഇത്തരം ജീവികളുടെ ഗവേഷണത്തിനുമായി പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page