ഇരിങ്ങാലക്കുട : രണ്ടുദശാബ്ദക്കാലത്തോളം ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ പ്രസിഡണ്ടായും, ദീർഘകാലം നാടിൻ്റെ സാമൂഹ്യസാംസ്കാരികരംഗങ്ങളിൽ സജീവമായി ഇടപെട്ടും പ്രവർത്തിച്ച മനുഷ്യസ്നേഹിയായിരുന്ന എ അഗ്നിശർമ്മൻ്റെ സ്മരണക്കായി മകൾ ജ്യോതി ഒരുക്കിയ “ആഗ്നിക” വേറിട്ടൊരനുഭവമായി.
സുവർണ്ണജൂബിലിയാഘോഷിച്ചുവരുന്ന കഥകളി ക്ലബ്ബിൻ്റെ സെപ്തംബർ 1ലെ അരങ്ങിൽ യുവസംഗീതജ്ഞൻ എൻ ജയകൃഷ്ണനുണ്ണിയുടെ കർണ്ണാടകസംഗീതക്കച്ചേരിയും, അനുസ്മരണപ്രഭാഷണവും, രാവണവിജയം കഥകളിയും ഒരുക്കിയാണ് സ്മര്യപുരുഷന് മകൾ തിലോദകമർപ്പിച്ചത്. ശാന്തിനികേതൻ പബ്ളിക് സ്കൂളങ്കണത്തിൽ വൈകീട്ട് നടന്ന കച്ചേരിയിൽ ഡോക്ടർ എൻ സമ്പത്ത് വയലിനിലും, എ ബാലകൃഷ്ണക്കമ്മത്ത് മൃദംഗത്തിലും പക്കമേളമൊരുക്കി.
തുടർന്ന് പ്രൊഫസർ ആർ ജയറാം അനുസ്മരണപ്രഭാഷണം നടത്തി. സന്ധ്യക്ക് നടന്ന കഥകളിയിൽ ഏവൂർ രാജേന്ദ്രൻപിള്ള രാവണനായും, കലാമണ്ഡലം ആദിത്യൻ (ജൂനിയർ) ദൂതനായും, ഫാക്ട് ബിജു ഭാസ്കർ രംഭയായും വേഷമിട്ടു. കലാമണ്ഡലം മോഹനകൃഷ്ണൻ, കലാമണ്ഡലം രാജേഷ് ബാബു എന്നിവർ സംഗീതത്തിലും, കോട്ടയ്ക്കൽ പ്രസാദ് ചെണ്ടയിലും, കോട്ടയ്ക്കൽ രാധാകൃഷ്ണൻ മദ്ദളത്തിലും അകമ്പടിയേകി. കലാമണ്ഡലം രവികുമാർ ചുട്ടികുത്തി. കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി, കലാനിലയം ജയശങ്കർ എന്നിവർ അണിയറസഹായികളായി. ഇരിങ്ങാലക്കുട ശ്രീപാർവ്വതി കലാകേന്ദ്രം ചമയമൊരുക്കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com