ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാർ 4% പലിശക്ക് ഇരിങ്ങാലക്കുട നഗരസഭക്ക് വായ്പയായി നൽകുന്ന 15 കോടി രൂപ കൊണ്ട് നിർമിക്കുവാൻ പോകുന്ന ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ രൂപരേഖയിൽ അന്തിമ തീരുമാനം എടുക്കും മുമ്പ് വ്യാപാരി വ്യവസായികളുടെയും നാട്ടിലെ താൽപര്യമുള്ള ആളുകളുടെയും അഭിപ്രായം കൂടി കേൾക്കണമെന്ന് ബി.ജെ.പി പാർളിമെൻ്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട നഗരസഭ ഇത് വരെ നടത്തിയ എല്ലാ നിർമാണ പ്രവർത്തനങ്ങളും ആസൂത്രണത്തിൻ്റെ അഭാവം കൊണ്ടും ദീർഘവീക്ഷണം ഇല്ലാത്തതുകൊണ്ടും ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല നഗരസഭക്ക് സാമ്പത്തിക ബാദ്ധ്യത കൂടിയായി. ഫിഷ് മാർക്കറ്റ്, കസ്തുർബ ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ ഉദാഹരണം. നഗരഹൃദയത്തിൽ 40 സെൻ്റ് സ്ഥലത്ത് പണി തിരിക്കുന്ന പൂതംകുളം ഷോപ്പിംഗ് കോംപ്ലക്സ് പരാജയത്തിൻ്റെ മറ്റൊരു തെളിവാണ്. 2010 ൽ പണിത നഗരസഭ കെട്ടിടത്തിൽ പോലും അനധികൃത ‘ഷെഡ് കെട്ടിയിട്ടാണ് ജീവനക്കാർ വസ്ത്രം മാറുന്നത് പോലും. കൗൺസിലർ മാർക്കോ അവിടെ വരുന്ന വർക്കോ ഇരിക്കുവാൻ പോലും ഒരു മുറിയില്ല. സർക്കാരുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഷോപ്പിഗ് കോംപ്ലക്സുകൾക്കും മറ്റും പണം നൽകുന്നത് ഇതിൻ്റെ വാടക കൊണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനാണ്.
ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സ് 46860 ചതുരശ്ര അടിയിലുള്ള ബഹുനില കെട്ടിടമാണ്. നിലവിൽ അവിടെ ഒരു ഷോപ്പിഗ് കോംപ്ലക്സ് ഉണ്ട്.അത് പൊളിച്ചിട്ടാണ് പുതിയ നിർമാണം. ചെറിയ പീടിക മുറികളിൽ പച്ചക്കറിയും ഫാസ്റ്റ്ഫുഡും ലോട്ടറിയുമൊക്കെയാണ് കച്ചവടം . ഇത്തരത്തിലുള്ള കച്ചവടങ്ങൾ മാത്രമേ അവിടെ നിലനിന്നിട്ടുള്ളു. വഴിയാത്രക്കാർക്ക് റോഡിൽ നിന്ന് കാണാവുന്നതും കച്ചവടക്കാർക്ക് അവരുടെ സാധനങ്ങൾ പ്രദർശിപ്പിക്കാവുന്നതുമായ രീതിയിൽ ഷട്ടറുകളോട് കൂടിയ മുറികളാണ് വേണ്ടത്. ‘ചെറിയ കോൺഫ്രൻസ് ഹാളുകൾക്കും ഓഫീസ് മുറികൾക്കും പ്രാമുഖ്യം നൽകണം . ഫുഡ്മാളും കിഡ്സ് പാർക്കുമൊക്കെ ഒഴിവാക്കാവുന്നതാണ്. ലിഫ്റ്റിൻ്റെയുമൊക്കെ പരിപാലനം നഗരസഭയ്ക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നതാണ്.
പാർളിമെൻ്ററി പാർട്ടി യോഗം ലീഡർ സന്തോഷ് ബോബൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി കെ ഷാജു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മായാ അജയൻ, വിജയകുമാരി അനിലൻ, അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ , സരിത സുഭാഷ്, ആർച്ച അനിഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com