ഇതൊന്നും നടക്കില്ലെന്നേ…, പക്ഷെ ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാര തുകകൾ അക്കൗണ്ടിൽ ലഭിച്ചു തുടങ്ങി

ഇരിങ്ങാലക്കുട : ദശകങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ ഭാഗമായി ഗുണഭോക്താക്കക്ക് നഷ്ടപരിഹാരതുകകൾ അക്കൗണ്ടിൽ ലഭിച്ചുതുടങ്ങി. ഏവർക്കും നഷ്ടപരിഹാരതുകകൾ വിതരണം പൂർത്തിയായാൽ പൊതുമരാമത്തു വകുപ്പിന് പണികൾ തുടങ്ങാനുള്ള പച്ചക്കൊടി ലഭിക്കുകയായി .

സ്ഥലം എം എൽ എയും മന്ത്രിയുമായ ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തില്‍ ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി സിവില്‍ സ്റ്റേഷനില്‍ പ്രത്യേക ഓഫീസ് തുറന്നിരുന്നു. ഒരുമാസത്തിനു മുൻപ് ഇവിടെ നടന്ന അവാർഡ് എൻക്വയറിയിൽ ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്ന ആകെയുള്ള 127 ഗുണഭോക്താക്കളിൽ 108 പേരും തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള കോമ്പൻസേഷൻ നൽകുന്ന 29 പേരിൽ 23 പേരും മുഴുവൻ രേഖകളും സമർപ്പിച്ചിരുന്നു. ഇവരിൽ ചിലർക്കാണ് തിങ്കളാഴ്ച മുതൽ ബാങ്ക് അക്കൗണ്ടിൽ പൈസ ലഭിച്ചതായി സന്ദേശം വന്നത്.

സംസ്ഥാനപാതയില്‍ കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗമാണ്‌ വീതി കൂട്ടുന്നത്. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളില്‍ പെട്ട 0.7190 ഹെക്ടര്‍ ഭൂമിയാണ് ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതിനായി 45.03 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചിരുന്നു.

ഇതൊന്നും നടക്കില്ലെന്നേ.., എന്ന് കേട്ടിരുന്ന കാലം മാറി ഇരിങ്ങാലക്കുടയുടെ മുഖഛായ മാറ്റുന്ന ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനം കൂടുതൽ യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page