ഡോ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. രഞ്ജിത്ത് തോമസിന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകന് നൽകിവരുന്ന ഈ വർഷത്തെ ‘ഫാ. ഡോ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡിന്’ ഡോ. രഞ്ജിത്ത് തോമസ് FRSC അർഹനായി. ചങ്ങനാശേരി സെൻ്റ് ബർക്കുമാൻസ് കോളേജിൽ രസതന്ത്ര വിഭാഗത്തിൽ അധ്യാപകനും ഗവേഷകനുമാണ് ഡോ. രഞ്ജിത്ത് തോമസ് FRSC.

അധ്യാപന രംഗത്തെ മികവിനൊപ്പം ഗവേഷണ മികവും ശാസ്ത്ര മേഖലയിലെ പ്രസിദ്ധീകരണങ്ങളും കലാ-സാംസ്കാരിക- സാമൂഹിക രംഗങ്ങളിലെ സജീവ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകുക. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ആയിരിക്കെ അന്തരിച്ച ഫാ. ഡോ. ജോസ് തെക്കന്റെ സ്മരണാർത്ഥം സ്ഥാപിതമായ ഈ അവാർഡ്.

മുൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, കവിയും നിരൂപകനുമായ പ്രൊഫ. കെ. സച്ചിദാനന്ദൻ, കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി. കെ. നാരായണൻ, കേരള പ്രിൻസിപ്പൽ കൗൺസിൽ മുൻ പ്രസിഡൻറ് ഡോ. എം. ഉസ്മാൻ, ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കുരിശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

മാർച്ച് 26 ന് രാവിലെ 10 മണിക്ക് ക്രൈസ്റ്റ് കോളേജ് ഡോ. ജോസ് തെക്കൻ സെമിനാർ ഹാളിൽ വച്ച് നടത്തുന്ന അവാർഡ് ദാന ചടങ്ങിൽ ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ഇപ്പൊൾ സി എം ഐ കോട്ടയം പ്രോവിൻഷ്യലുമായ ഫാ. ഡോ. അബ്രാഹം വെട്ടിയാങ്കൽ മുഖ്യാതിഥി ആയിരിക്കും. സി എം ഐ തൃശൂർ ദേവമാതാ പ്രോവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര അനുഗ്രഹ പ്രഭാഷണം നടത്തും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page