നവകേരള സദസ്സിൽ മുതിർന്ന സി.പി.ഐ (എം) നേതാവ് കൊടുത്ത പരാതിക്ക്പോലും 2 മാസമായിട്ടും മറുപടിയില്ല, പരസ്യ പ്രതികരണവുമായി പോൾ കോക്കാട്ട് – കല്ലേറ്റുംകരയിൽ അനുവദിച്ച ആളൂർ പോലീസ് സ്റ്റേഷൻ വേളൂക്കര പഞ്ചായത്തിലേക്ക് മാറ്റാനുള്ള നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യം

പകച്ചു നിൽക്കുന്നവന് വിജയമില്ല, ധൈര്യപ്പെട്ടു പ്രവർത്തിക്കുന്നവനാണ് വിജയം എന്നായിരുന്നു ഈ പ്രസ്താവനയുടെ പേരിൽ പാർട്ടി അച്ചടക്ക നടപടിയെടുക്കുമോ എന്ന ചോദ്യത്തിനുള്ള മുതിർന്ന സി.പി.ഐ (എം) നേതാവ് പോൾ കോക്കാടിന്റെ പ്രതികരണം

ഇരിങ്ങാലക്കുട : കെ കരുണാകരനെതിരെ മാള നിയോജകമണ്ഡലത്തിൽ 1977 ലും 1980 ലും മത്സരിക്കുകയും 1988 മുതൽ 1995 വരെ ആളൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ആയിരുന്ന മുതിർന്ന സി.പി.ഐ (എം) നേതാവ് പോൾ കോക്കാട്ട് താൻ 2023 ഡിസംബർ 6 ന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത നവകേരള സദസ്സിൽ നിലവിൽ കല്ലേറ്റുംകരയിൽ പ്രവർത്തിച്ചു വരുന്ന ആളൂർ പോലീസ് സ്റ്റേഷൻ വേളൂക്കര പഞ്ചായത്തിലേക്ക് മാറ്റാനുള്ള നടപടികൾ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് കൊടുത്ത പരാതിക്ക് 2 മാസത്തിലധികമായിട്ടും മറുപടി ലഭിക്കാത്തതിൽ പരസ്യ പ്രതികരണവുമായി രംഗത്ത്.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ തന്റെ പരാതി അധികൃതർ പരിഗണിച്ചില്ലന്നു മാത്രമല്ല , അവഗണിക്കുന്നു എന്ന് കണ്ടതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കാൻ തീരുമാനിച്ചത് എന്നും പറഞ്ഞു. നിലവിൽ മറ്റു സ്ഥാനങ്ങൾ വഹിക്കാത്ത പോൾ കോക്കാട്ട് മാസ്റ്റർ ഇപ്പോൾ പാർട്ടിയുടെ വല്ലക്കുന്ന് ബ്രാഞ്ച് അംഗമായാണ് പ്രവർത്തിക്കുന്നത്.

പാർട്ടിയുടെ അനുവാദത്തോടുകൂടിയല്ല പ്രതികരണമാണ് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പാർട്ടി നടപടിയെക്കാൾ നാടിന്റെ ആവശ്യങ്ങൾക്കാണ്‌ താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. പകച്ചു നിൽക്കുന്നവന് വിജയമില്ല, ധൈര്യപ്പെട്ടു പ്രവർത്തിക്കുന്നവനാണ് വിജയം എന്നായിരുന്നു ഈ പ്രസ്താവനയുടെ പേരിൽ പാർട്ടി അച്ചടക്ക നടപടിയെടുക്കുമോ എന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ പ്രതികരണം

ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം താഴെ കൊടുക്കുന്നു

ഉമ്മൻചാണ്ടി സർക്കാരിൻറെ അവസാനഘട്ടത്തിലാണ് ആളൂർ പോലീസ് സ്റ്റേഷൻ അനുവദിച്ച് വിജ്ഞാപനം ഇറങ്ങിയതും ചെറിയ തോതിൽ അതിന്റെ പ്രവർത്തനം ആരംഭിച്ചതും. എട്ടുകൊല്ലത്തോളം കഴിഞ്ഞിട്ടും പോലീസ് സ്റ്റേഷന് 30 സെൻറ് സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൻ്റെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്ത്, ബാങ്ക് വാടകയ്ക്ക് നൽകിയ ചെറിയ സ്ഥലത്താണ് എട്ടുകൊല്ലമായി പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

നാല്പതോളം സ്റ്റാഫുള്ള പോലീസ് സ്റ്റേഷനിൽ പോലീസുകാർക്ക് നിന്ന് തിരിയാൻ കഴിയാത്ത അവസ്ഥ യിലാണ്. ഇത് പറയുമ്പോൾ ആളൂർ പഞ്ചായത്തിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ആളൂർ ഗ്രാമപഞ്ചായത്ത്, പൊറുത്തുശ്ശേരി പഞ്ചായത്ത് ചേർക്കുന്നതിനു മുമ്പുള്ള ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയേക്കാൾ ജനസംഖ്യയിലും വിസ്തീർണ്ണത്തിലും മുന്നിലാണ്. (1991 ലെ സെൻസസിൻ്റെ ഹാൻഡ് ബുക്ക് കണ്ടിട്ടാണ് ഇത് പറയു ന്നത്.) കൊടകര – മാള സംസ്ഥാന പാതയുടെയും ഇരിങ്ങാലക്കുട – പോട്ട സംസ്ഥാനപാതയുടെയും അധികഭാഗവും കടന്നുപോകുന്നത് ആളൂർ പഞ്ചായ ത്തിലൂടെ ആണ്. കല്ലേറ്റുംകര, ആളൂർ, കോമ്പൊടിഞ്ഞാമാക്കൽ ടൗണുകൾ ഈ പഞ്ചായത്തിലാണ്.

ആളൂർ പഞ്ചായത്തിലുള്ള പ്രധാന സ്ഥാപനങ്ങൾ:

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ, വലിയ പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ്, മാള പോളിടെക്നിക് കോളേജ്, മാനസിക വൈകല്യമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ള ദേശീയ പ്രാധാന്യമുള്ള ഏഴുനില ആശുപത്രി നിപ്മർ, വല്ലക്കുന്നിലെ നഴ്സിംഗ് കോളേജ്, ബി.എസ്.എൻ.എൽ. ഓഫീസ്, കുഴിക്കാട്ടുശേരിയിലെ മറിയം ത്രെസിയ മിഷൻ ആശുപത്രി, ദേശവൽകൃത ഷെഡ്യൂൾ ബാങ്കുകളുടെ ശാഖകൾ, മൂന്ന് സർവീസ് സഹകരണ ബാങ്കുകൾ, മാള ബ്ലോക്ക് സഹകരണ ബാങ്ക്, കാറ്ററിങ്ങിന്റെയും കോഴി ഫാമുകളുടെയും പ്രധാന കേന്ദ്രം, കെ.എസ്.എഫ്.ഇ.യുടെ ഓഫീസ്. 17 വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്ന കല്ലേറ്റുംകരയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, രണ്ട് ബാറുകൾ, നിരവധിയായ ക്രിസ്ത്യൻ പള്ളികൾ, കോൺവെൻറ് കൾ, മോസ്കുകൾ, ക്ഷേത്രങ്ങൾ, ഒരു ഹൈസ്കൂൾ പ്ലസ് ടു അടക്കമുള്ള 3 ഹയർ സെക്കൻഡറി സ്കൂളുകൾ, സർക്കാരിൻറെ കുടുംബാരോഗ്യ കേന്ദ്രവും ഹോമിയോ ആയുർവേദ ഡിസ്പെൻസറികളും, ചാലക്കുടി മേജർ ഇറിഗേഷൻ വലതുകര കനാലിന്റെ 27 ബ്രാഞ്ചുകളിൽ 10 എണ്ണവും ആളൂർ പഞ്ചായത്തിലാണ്.

പേരിൽ മുനിസിപ്പാലിറ്റി അല്ലെങ്കിലും ഒരു മുൻസിപ്പാലിറ്റിയുടെ എല്ലാ സവിശേഷ തകളും ഉള്ള ആളൂർ ഗ്രാമപഞ്ചായത്തിൽ ഒരു പോലീസ് സ്റ്റേഷന്റെ ആവശ്യകത ഇല്ലേ? ഉണ്ടെന്ന് മനസ്സിലാക്കിയാണ്, മാറ്റാനുള്ള നടപടികൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് നവകേരളസദസ്സിൽ പരാതി കൊടുത്തത്. രണ്ടുമാസം കഴിഞ്ഞിട്ടും ഒരു മറുപടി പോലും ലഭിച്ചില്ല എന്ന് മാത്രമല്ല, സ്റ്റേഷൻ മാറ്റി സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്ത് കുഴൽ കിണർ കഴിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ നടക്കുന്നതായും കണ്ടു.

ഇതിന്റെ അർത്ഥം എൻറെ പരാതി തീരെ പരിഗണിച്ചിട്ടില്ല എന്നുള്ളതാണ്. കല്ലേറ്റുംകരയുടെ ഹൃദയഭാഗത്ത് തന്നെ പോലീസ് സ്റ്റേഷന് പറ്റിയ സ്ഥലം ഉണ്ടെന്നും അത് ന്യായവില കൊടുത്ത് വാങ്ങാൻ കഴിയും എന്നും എന്റെ പരാതിയിൽ പറഞ്ഞിരുന്നു എന്നാൽ ഇതുകൊണ്ടൊന്നും പ്രശ്നത്തിന് പരിഹാരം ആവില്ല എന്ന് കണ്ടതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കാൻ തീരുമാനിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com


You cannot copy content of this page