നിശബ്ദ വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ആതിഥേയരായ ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തി വടക്കാഞ്ചേരി ബധിര ക്ലബ്ബിന് കിരീടം

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ല ബധിര സ്പോർട്സ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഫൈറ്റേഴ്സ് ബധിര ക്ലബ്ബിന്‍റെ സംഘാടനത്തിൽ ക്രൈസ്റ്റ് കോളേജ് ഇൻഡോർ വോളിബോൾ കോർട്ടിൽ അഞ്ചാമത് തൃശൂർ ജില്ല ബധിര വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ആതിഥേയരായ ഇരിങ്ങാലക്കുടയെ രണ്ട് സെറ്റുകൾക്ക് (25-20,25-10) പരാജയപ്പെടുത്തി വടക്കാഞ്ചേരി ബധിര ക്ലബ്ബിന് കിരീടം. തൃശ്ശൂർ ജില്ലയിലെ 8 ക്ലബ്ബുകളാണ് നിശബ്ദ വോളിബോൾ മത്സരത്തിൽ പങ്കെടുത്തത്.

സെമി ഫൈനലിൽ ചാലക്കുടി ക്ലബ്ബിനെ (15-13,7-15,15-4) തോൽപ്പിച്ചാണ് ഇരിങ്ങാലക്കുട ഫൈനലിൽ പ്രവേശിച്ചത്. മറ്റൊരു സെമിയിൽ കൊടുങ്ങല്ലൂരിന് (15-12,15-13) കീഴ്പ്പെടുത്തിയാണ് വടക്കാഞ്ചേരി ഫൈനലിൽ പ്രവേശിച്ചത്.

സമാപന ചടങ്ങിൽ വിജയികൾക്ക് തൃശ്ശൂർ ജില്ല ബധിര സ്പോർട്സ് കൗൺസിൽ ചെയർമാൻ സന്തോഷ് കുമാർ എസ് സമ്മാനദാനം നിർവഹിച്ചു. ജില്ല ബധിര സ്പോർട്സ് കൗൺസിൽ വൈസ് ചെയർമാൻ എ ആർ ജോയ്, ജനറൽ സെക്രട്ടറി കെ എസ് ബിനോ, ജോയിൻറ് സെക്രട്ടറി റാഫിൽ സി എം, ക്ലബ്ബ് ജനറൽ സെക്രട്ടറി സി എഫ് പ്രിൻസ്, ട്രഷറർ സന്ദേശ് എസ് തുടങ്ങിയവർ സംസാരിച്ചു.

ഏകദിന വോളിബോൾ ടൂർണമെന്റിലെ മികച്ച കളിക്കാരനായി രഞ്ജിത്ത് കൃഷ്ണൻ (വടക്കാഞ്ചേരി), നല്ല കളിക്കാരനായി ജെറിൻ സി കെ (ഇരിങ്ങാലക്കുട) എന്നിവരെ തെരഞ്ഞെടുത്തു.

മത്സരങ്ങൾ നിയന്ത്രിച്ചിരുന്നത് അഖിലേന്ത്യ ബധിര വോളിബോൾ താരങ്ങളായ കെ വി അനിൽ, അരുൺ എം എ, അഖിൽ വർഗീസ് എന്നിവരായിരുന്നു. ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന താരങ്ങൾ തിരുവനന്തപുരം സെപ്റ്റംബർ മാസത്തിൽ നടക്കുന്ന 27 മത് കേരള സംസ്ഥാന ബധിര ഗെയിംസ് മത്സരങ്ങളിൽ തൃശൂർ ജില്ലാ ടീമിനെ പ്രതിനിധീകരിക്കും.

continue reading below...

continue reading below..

You cannot copy content of this page