ലിറ്റിൽ കൈറ്റ്സ് ഇരിങ്ങാലക്കുട ഉപജില്ലാ ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, സമ്പൂർണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. 27 മുതൽ 30 വരെ ഇരിങ്ങാലക്കുട സെന്റ്.മേരീസ് ഹയർസെക്കന്ററി സ്‍കൂളിലും, നാഷണൽ ഹയർസെക്കന്ററി സ്‍കൂളിലുമായാണ് ക്യാമ്പ് നടക്കുന്നത്.

അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഉള്ളടക്കം. അനിമേഷൻ വിഭാഗത്തിൽ ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ സിനിമകൾ തയ്യാറാക്കൽ, കെഡെൻ ലൈവ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യൽ, ത്രിമാന അനിമേഷൻ സോഫ്റ്റ്‌വെയറായ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ ടൈറ്റിൽ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ ക്യാമ്പിൽ കുട്ടികൾ പഠിക്കും.


പ്രോഗ്രാമിങ് വിഭാഗത്തിൽ പിക്റ്റോബ്ലോക്ക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമാണം, നിർമിതബുദ്ധി, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന തരംതിരിക്കൽ യന്ത്രം തുടങ്ങിയവ തയ്യാറാക്കും. പൂർണമായും സ്വാതന്ത്ര സോഫ്റ്റവെയർ ഉപയോഗിച്ചാണ് ക്യാമ്പിലെ മൊഡ്യൂൾ പരിശീലിപ്പിക്കുന്നത്.


ഇരിങ്ങാലക്കുട ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ 17 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുത്ത 130 കുട്ടികളാണ് ഉപജില്ലാക്യാമ്പിൽ പങ്കെടുക്കുന്നത്. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്നവർ ജില്ലാ ക്യാമ്പിലും തുടർന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുക്കും. കൈറ്റിലെ മാസ്റ്റർ ട്രെയിനർ ജിനോ.ടി.ജി, റിസോഴ്സ് പേഴ്സൺമാരായ ജോസ് ജോൺ പോൾ, വിബിൻദാസ് വിദ്യ.എം, രൂപ.ടി എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page