മന്ത്രി വസതിയിലേക്ക് മാർച്ച് രാഷ്ട്രീയ പ്രേരിതം – പട്ടികജാതി വിദ്യാർത്ഥി സ്‌കോളർഷിപ്പ് നിഷേധിച്ചത് കേന്ദ്ര സർക്കാർ: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ വരുമാന പരിധിയുടെ പേരിൽ ഒരു പട്ടികജാതി വിദ്യാർത്ഥിക്കും സ്കോളർഷിപ്പ് നിഷേധിച്ചിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പട്ടികജാതിവിരുദ്ധ നിലപാടിനെ തുറന്നെതിർക്കുന്നതിനു പകരം സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും അതിനായി മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനുമുള്ള ചില സംഘടനകളുടെ തീരുമാനം രാഷ്ട്രീയപ്രേരിതമാണ് പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.

ഇ- ഗ്രാന്റ്, സ്കോളർഷിപ്പ്, ഫെല്ലോഷിപ്പുകൾ തുടങ്ങിയ വിദ്യാഭ്യാസ ധനസഹായങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിന് വേണ്ടിയും, കുട്ടികളെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് പുറത്താക്കാനുള്ള സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഭാരതീയ പട്ടികജന സമാജം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ ഇരിങ്ങാലക്കുടയിലെ വസതിയിലേക്ക് സെപ്റ്റംബർ 20ന് വെള്ളിയാഴ്ച‌ രാവിലെ 11 മണിക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രസ്താവന.

രണ്ടര ലക്ഷത്തിനുമേൽ വാർഷിക കുടുംബ വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കേന്ദ്രസർക്കാരാണ് നിർത്തിയത്. തുടർന്ന് കേന്ദ്രവിഹിതം കൂടി ബജറ്റിൽ വകയിരുത്തി സ്കോളർഷിപ്പ് തുടർന്നുപോരുകയാണ് കേരളം. ഒന്നു മുതൽ എട്ടു വരെ ക്ലാസിൽ പഠിക്കുന്ന പിന്നാക്കവിഭാഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പും കേന്ദ്രം തടഞ്ഞു. അതിനു പകരമായി ബജറ്റിൽ തുക വകയിരുത്തി കെടാവിളക്ക് എന്ന പേരിൽ സംസ്ഥാനം സ്കോളർഷിപ്പ് നൽകി വരികയാണ് എന്ന് മന്ത്രി പറഞ്ഞു.

പിന്നോക്ക വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് കേന്ദ്ര വിഹിതമായി നൽകേണ്ട നാൽപ്പതു ശതമാനം തുക കേന്ദ്രസർക്കാർ ഇപ്പോൾ നൽകുന്നുമില്ല – മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി. യഥാർത്ഥത്തിൽ കേന്ദ്രസർക്കാരാണ് കേരളത്തിലെ പട്ടിക ജാതി – പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ പഠനാനുകൂല്യങ്ങൾ നിഷേധിച്ചതെന്നത് ഇതിൽനിന്നെല്ലാം വ്യക്തമാണ് – മന്ത്രി പറഞ്ഞു.

പട്ടികവർഗ്ഗ വിഭാഗത്തിൽ കഴിഞ്ഞ അധ്യയന വർഷം വരെയുള്ള എല്ലാ കുട്ടികൾക്കും ഇ-ഗ്രാൻ്റ്സ് വിതരണം ചെയ്‌തിട്ടുണ്ടെന്ന് പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുള്ളതാണ്. പട്ടികജാതി, പിന്നാക്ക വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ഗ്രാൻ്റ് നൽകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുമുണ്ട് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

You cannot copy content of this page