എഴുത്ത് : ഉത്സവങ്ങൾക്ക് ഇടവേളയാണ് വർഷക്കാലം. അമ്പലപ്പറമ്പുകളിൽ തിരക്കൊഴിയുമെങ്കിലും കലാ-സാംസ്കാരിക രംഗങ്ങൾ നിശ്ചലമാകുന്നില്ല . കൂടൽമാണിക്യം ക്ഷേത്രത്തിൽ പ്രബന്ധ കൂത്ത്, കൂടിയാട്ടം, അംഗുലിയാംഗ്യം തുടങ്ങിയവ അരങ്ങേറുമ്പോൾ, വീടുകൾ പറവഴിപാട്, തുകിലുണർത്തൽ, പുള്ളുവൻപാട്ട് മുതലായവക്കു വേദി ഒരുക്കുന്നു. കാലവർഷത്തിന്റെ പോയകാല സ്മരണകൾ ഇവിടെ തുടങ്ങട്ടെ.
ഇടവപ്പാതി സമയത്താണ് കുമരഞ്ചിറ വെട്ടുകുന്നത് കാവ് ഭഗവതി ക്ഷേത്രങ്ങളിലെ പറപുറപ്പാട്. വീടുകളിൽ എത്തി ഭഗവതി ആദിത്യം സ്വീകരിക്കുന്നു . ഭഗവതിയുടെ പ്രതിനിധിയായി കോമരം(വെളിച്ചപ്പാട്) തുള്ളി കല്പനപറഞ്ഞു അനുഗ്രഹിക്കുന്നു. അന്ന് വീട്ടിൽ ഒരു ആഘോഷമാണ്. രാവിലെ തന്നെ പറസംഘത്തിലെ പാചകക്കാരൻ എത്തും. പറയിൽ പങ്കെടുക്കുന്നവർ, വീട്ടുകാർ, ക്ഷണിക്കപ്പെട്ടവർ എന്നിവർക്കൊക്കെ സദ്യ ഒരുക്കാൻ ഓലനും,കൂട്ടുകറിക്കും, ഗോതമ്പു പ്രഥമനും എല്ലാം ഒരു പ്രത്യേക രുചിയായിരിക്കും.
രാവിലെ 11 മണിയായാൽ പാണ്ടി മേളം തുടങ്ങും. ശുദ്ധമായ പാണ്ടിമേളം തിരക്കില്ലാത്ത ആസ്വദിക്കാം. ചക്കംകുളം അപ്പുമാരാർ, മണിയാംപറമ്പിൽ മണി(ഇലത്താളം) കൊമ്പത്തു കുട്ടൻ പണിക്കർ (കുറുംകുഴൽ) തുടങ്ങിയ പ്രശസ്തരായ മേളക്കാർ പങ്കെടുക്കാറുള്ള കുമരഞ്ചിറ പറയിലെ മേളം ഒന്ന്-ഒന്നര മണിക്കൂർ ഉണ്ടാകും. തുടർന്ന് വെളിച്ചപ്പാടും പൂക്കുല പിടിച്ച അനുയായികളും ചേർന്നൊരുക്കുന്ന “പാനത്തടി”- ഇത് ഒരു നാടൻ നൃത്ത-സംഗീത അനുഭവമാണ്.
കർക്കിടകരാവുകളിലാണ് പാണ ദമ്പതികൾ തുകിലുണർത്താൻ വരിക. പരമ്പരാഗത പ്രകാശോപകരണങ്ങളായ ചൂട്ടോ, റാന്തലോ കൂടെയുണ്ടാകും. തുടികൊട്ടി പ്രത്യേക ശീലിലാണ് ഉണർത്തുപാട്ട് പാടുക. ശിവസ്തുതികളാണ് മിക്കതും പരമേശ്വരനും, പാർവതിയും ഈ സമയത്തു വീടുകളിൽ ചെന്ന് ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. നിലവിളക്കു വച്ച് ഇടങ്ങഴിപറ നിറച്ചാണ് പാണനെ സ്വീകരിക്കുക.
ഒരിക്കൽ ഭൂമിയിൽ ഇടക്കാല താമസത്തിനു വന്ന പരമേശ്വരനും പാർവതിയും പകിടകളിക്കുകയായിരുന്നു. കളിയിൽ തോറ്റ പാർവതി വലിച്ചെറിഞ്ഞ പകിട ശിവന്റെ ശിരസ്സിൽ കൊണ്ടപ്പോൾ അദ്ദേഹത്തിന് മോഹാലസ്യം ഉണ്ടായി. അവിടത്തെ പ്രദേശ വാസികൾ ശിവസ്തുതികൾ പാടി അദ്ദേഹത്തെ ഉണർത്തിയത്രെ. ഇതാണ് തുകിൽ ഉണർത്തു പാട്ടെന്നും പറയപ്പെടുന്നു.
വര്ഷക്കാലത്തു തന്നെയാണ് പുള്ളുവ ദമ്പതികൾ വീണയും കുടവുമായി വീടുകളിൽ എത്താറ്. കദ്രുവിന്റെ 1000 നാഗസന്തതികളെക്കുറിച്ചും, അനന്തന്റെ തപസ്സിനെക്കുറിച്ചും എല്ലാം പാടികഴിഞ്ഞു കുട്ടികളുടെ കണ്ണേറും-നാവേറും പാടി ഒഴിപ്പിക്കുന്നു.
ഇത്തരം വർഷക്കാല കലാരൂപങ്ങൾ നമ്മുടെ പഴയ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുകയും തലമുറകളിലേക്ക് പാരമ്പര്യത്തിന്റെ തുടർച്ച ഉറപ്പാക്കുകയും ചെയ്തിരുന്നു. ഈ കലാരൂപങ്ങൾ കുറെയൊക്കെ അന്യം നിന്ന് പോയെങ്കിലും അവയുടെ ഒരു രൂപരേഖ ഡിജിറ്റൽ മാധ്യമങ്ങളുടെ സഹായത്തോടെ നമുക്ക് ലഭിക്കുന്നുണ്ട് ഇന്ന്. – തയ്യാറാക്കിയത് കെ.വി മുരളീ മോഹൻ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





