ബൈപ്പാസ് റോഡ് നവീകരണം ; മുൻ എൽഡിഎഫ് സർക്കാരിന്റെയും മുൻമന്ത്രി ഡോ ആർ ബിന്ദുവിന്റെയും നേട്ടം – എൽ.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി

ഇരിങ്ങാലക്കുട : എൽഡിഎഫ് സർക്കാർ തുക അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് നവീകരണം മുൻ സർക്കാരിന്റെയും എംഎൽഎ ഡോ.ആർ ബിന്ദുവിന്റെയും വികസന നേട്ടങ്ങളിൽ ഉൾപ്പെട്ടതാണെന്ന് എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2025 – 26 വർഷത്തെ ബജറ്റിൽ 5 കോടി രൂപയാണ് ബൈപ്പാസ് റോഡ് നവീകരണത്തിനും കാന നിർമാണത്തിനും ഫുട്പാത്ത് നിർമ്മാണത്തിനുമായി നീക്കിവെച്ചിരുന്നത്.



എം എൽ എ എന്ന നിലയിൽ ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട നഗരസഭക്ക് അനുവദിച്ച മറ്റെല്ലാ പദ്ധതികളോടും എന്നപോലെ ബൈപ്പാസ് റോഡ് നവീകരണത്തോടും മുൻസിപ്പൽ ഭരണസമിതിയെടുത്ത നിരുത്തരവാദിത്വപരമായ സമീപനമാണ് റോഡ് നിർമ്മാണം ഇത്രയും വൈകാൻ കാരണമായത്. ബജറ്റ് പ്രഖ്യാപനം വന്ന ഉടൻ തന്നെ എസ്റ്റിമേറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കണമെന്ന എംഎൽഎയുടെ നിർദ്ദേശം അവഗണിക്കുകയാണ് അന്നത്തെ മുനിസിപ്പൽ ഭരണസമിതി ചെയ്തിരുന്നത്.



തുടർന്ന് ഡോ ആർ ബിന്ദു തദ്ദേശ സ്വയംഭരണ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഖാന്തിരമാണ് ഭരണാനുമതിക്കും സാങ്കേതിക അനുമതിക്കും വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.



കഴിഞ്ഞ ഫെബ്രുവരിയിൽ ടെൻഡർ നടപടികൾ ആരംഭിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ പ്രോട്ടോക്കൊൾ മൂലം നടപടികൾ നീണ്ടു പോവുകയായിരുന്നു. മാധ്യമ വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത് പോലെ വിപണിയിലെ ടാറിന്റെ വില കുറഞ്ഞതിനു ശേഷം മാത്രമേ റോഡിന്റെ നിർമ്മാണ ജോലികൾ ആരംഭിക്കുകയുള്ളൂ എന്ന നിലപാടിലേക്ക് മുനിസിപ്പൽ അധികൃതർ കടക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എൽഡിഎഫ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.



മുൻ എം എൽ എ യും മുൻ സർക്കാരും കൊണ്ടുവന്ന പദ്ധതികൾ തന്റേതാക്കി പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നിലവിലെ എംഎൽഎ ഉണ്ണിയാടൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഈ ശ്രമം വിലപ്പോവില്ലെന്നും എൽ ഡി എഫ് കൺവീനർ ഉല്ലാസ് കളക്കാട്ട് പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page