ബാക്കിയുള്ളവരുടെ അദ്ധ്വാനത്തിന്റെ വിളവ് അനുഭവിച്ചവരാണ് ഐ.ടി.യു ബാങ്ക് ജീവനക്കാരെന്ന് മുൻ ചെയർമാൻ എം പി ജാക്സൺ – പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ജീവനക്കാർ ഇനി നന്നായി പണിയെടുക്കേണ്ടി വരുമെന്നും ഉപദേശം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ വളർച്ചയുടെ കാലത്ത് ബാക്കിയുള്ളവരുടെ അദ്ധ്വാനത്തിന്റെ വിളവ് അനുഭവിച്ചവരാണ് ഐ.ടി.യു ബാങ്ക് ജീവനക്കാരെന്ന് മുൻ ചെയർമാൻ എം പി ജാക്സൺ. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇപ്പോളത്തെ അവസ്ഥയിൽ ജീവനക്കാർ ഇനി നന്നായി അധ്വാനിക്കേണ്ടി വരും എന്നും ഉപദേശം. ബാങ്കിലെ ഉദ്യോഗസ്ഥരുടെ ഒരു അനൗദ്യോഗിക യോഗം എം.സി.പി കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ ദിവസം മുൻ ചെയർമാൻ വിളിച്ചു ചേർത്തതിനെ സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.



യോഗം ചേർന്ന കാര്യം അദ്ദേഹം നിഷേധിച്ചില്ല. ആർ.ബി.ഐ നിയന്ത്രണത്തെ തുടർന്ന് ബാങ്ക് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ ജീവനക്കാർ എന്തുചെയ്യണമെന്ന് ഉപദേശമാണ് താൻ നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിലെ പ്രശ്നങ്ങളെല്ലാം തീർന്ന് നിലവിലെ ഭരണസമിതി വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.



താൻ പണ്ട് പറഞ്ഞപോലെ ഇതൊരു താൽക്കാലിക പ്രതിസന്ധിയാണെന്നും ഇത് മറികടക്കാൻ ബാങ്കിന് സാധിക്കും എന്നുള്ള തന്റെ ഉത്തമ വിശ്വാസമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി മറികടക്കുവാനുള്ള ചില നീക്കുപോക്കുകൾ നടക്കുന്നത് അറിഞ്ഞു അസ്വസ്ഥരായ സിപിഎം നടത്തിയ ചില പ്രചാരവേലകളാണ് കഴിഞ്ഞദിവസം നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



തന്റെ രാജി പ്രതീക്ഷിച്ച് ആരും ഇത്തരം നീക്കങ്ങളുമായി മുന്നോട്ട് പോകണ്ട എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്നിലുള്ള ഇരിങ്ങാലക്കുടക്കാരുടെ വിശ്വാസത്തിന് കോട്ടം ഒന്നും സംഭവിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് വിജയങ്ങൾ അതാണ് കാണിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു, സിപിഎമ്മിന് അധികാരമുള്ള സമയത്ത് തനിക്കെതിരെ സംസ്ഥാന സർകാർ അന്വേഷണം നടത്തി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതും വസ്തുതയാണെന്നും പറഞ്ഞു. നിക്ഷേപകർ ആശങ്കപ്പെടണ്ടെന്നും വരും മാസങ്ങളിൽ ഇതിനുള്ള ചില ശുഭസൂചനകൾ കാണാമെന്നും അദ്ദേഹം പറഞ്ഞു .



ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജൂലായ് 11ന് ഇരിങ്ങാലക്കുടയിൽ ഒരുക്കുന്ന മെറിറ്റ് ഡേ യെ കുറിച്ച് രാജീവ് ഗാന്ധി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഐ.ടി.യു ബാങ്ക് മുൻ ചെയർമാൻ എം പി ജാക്സൺ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page