നാദോപാസന സോപാനസംഗീതോത്സവവും നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ അനുസ്മരണവും നവംബർ 14, 15 തീയതികളിൽ

ഇരിങ്ങാലക്കുട : നാദോപാസനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സോപാനസംഗീതോത്സവം നവംബർ 14, 15 (ശനി, ഞായർ) തീയതികളിൽ ഇരിങ്ങാലക്കുട ശ്രീ കണ്ഠേശ്വരം ശിവക്ഷേത്ര സന്നിധിയിൽ നടക്കും. സോപാനസംഗീത രംഗത്തെ അതുല്യ പ്രതിഭയും നാദോപാസനയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ച ഗുരുനാഥനുമായിരുന്ന ശ്രീ നെല്ലുവായ് കൃഷ്ണൻകുട്ടി മാരാരുടെ ആറാം ചരമവാർഷികത്തോടനുബന്ധിച്ചാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.

സോപാനസംഗീതത്തിന്റെ ആത്മീയവും കലാപരവുമായ പാരമ്പര്യം പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉത്സവത്തിൽ സോപാനസംഗീതം, കർണാടക സംഗീതം, മിഴാവിൽ ഇരട്ടത്തായമ്പക എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

നവംബർ 14-ന് രാവിലെ 8.30-ന് ദീപപ്രജ്വലനത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് വിഗ്നേഷ് മാരാർ കക്കാട്, കലാമണ്ഡലം അച്യുത പൊതുവാൾ, രമ്യ വിനോദ്, കാർത്തിക സി. നായർ, അഷിൻ പി. സുധീഷ്, സുരേഷ് കുറുമുള്ളൂർ, കീർത്തന കൃഷ്ണകുമാർ, സലീഷ് നനദുർഗ്ഗ തുടങ്ങിയവർ സോപാനസംഗീതം അവതരിപ്പിക്കും. ആശ സുരേഷ്, രുദ്രേഷ്, ഹരികൃഷ്ണൻ ആർ., അനിരുദ്ധ് കെ. എന്നിവർ പങ്കെടുക്കുന്ന നാദലയവിന്യാസവും അമ്പലപ്പുഴ വിജയകുമാറും അമ്പലപ്പുഴ ശ്രീകുമാറും ചേർന്നുള്ള സോപാനസംഗീത അവതരണവും ഉണ്ടായിരിക്കും. തുടർന്ന് വരദ ശ്രീകൃഷ്ണനും സംഘവും കർണാടക സംഗീതക്കച്ചേരി അവതരിപ്പിക്കും.

നവംബർ 15-ന് രാവിലെ അനിരുദ്ധ് കെ., വൈദേഹി സുരേഷ്, ഇടപ്പിള്ളി സലിംകുമാർ, വാസുദേവൻ, ശ്യാം കൃഷ്ണൻ, അജയൻ കൈപ്പമംഗലം തുടങ്ങിയവർ സോപാനസംഗീതം അവതരിപ്പിക്കും. വൈകിട്ട് 3-ന് പെരുവനം രാംകുമാർ മാരാരും ഡോ. തൃശൂർ കൃഷ്ണകുമാറും ചേർന്നുള്ള സോപാനസംഗീത അവതരണവും 4-ന് കലാമണ്ഡലം രവികുമാറും കലാമണ്ഡലം രാഹുൽ അരവിന്ദും അവതരിപ്പിക്കുന്ന മിഴാവിൽ ഇരട്ടത്തായമ്പകയും അരങ്ങേറും. തുടർന്ന് കലാമണ്ഡലം പി.ജി. മുരുകദാസിന്റെ സോപാനസംഗീതം ഉണ്ടായിരിക്കും.

വൈകിട്ട് 6-ന് ശ്രീ നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ അനുസ്മരണ സമ്മേളനം നടക്കും. നാദോപാസന വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യും. കലാനിലയം ഗോപി ആശാൻ, കലാനിലയം ഉദയൻ നമ്പൂതിരി, ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ, കലാമണ്ഡലം രവികുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. രമേഷ് കെ. നാരായണൻ അനുസ്മരണ പ്രഭാഷണവും ശൂരനാട് ഹരികുമാർ മുഖ്യപ്രഭാഷണവും നടത്തും.

രാത്രി 7.30-ന് ശൂരനാട് ഹരികുമാറിന്റെ സോപാനസംഗീത അവതരണത്തോടെ സംഗീതോത്സവത്തിന് സമാപനമാകും.

സോപാനസംഗീതത്തിന്റെയും കർണാടക സംഗീതത്തിന്റെയും കേരളീയ താളവാദ്യപാരമ്പര്യത്തിന്റെയും വൈവിധ്യമാർന്ന അവതരണങ്ങൾ ആസ്വദിക്കാൻ കലാസ്വാദകർക്കും സംഗീതപ്രേമികൾക്കും ഈ സംഗീതോത്സവം അവസരമൊരുക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page