വളവിൽ തിരിവുണ്ട് സൂക്ഷിക്കുക – ഇരിങ്ങാലക്കുടയിലെ എല്ലാ ബസ്സ് വൺവേ റോഡുകളിലും അപകടകരമായ കൊടും വളവുകൾ, അശ്രദ്ധയും അമിതവേഗതയും അപകടങ്ങൾ തുടർക്കഥയാക്കുന്നു

അശാസ്ത്രീയമായ ബസ്സ് വൺവേ റൂട്ടുകൾകൊണ്ട് കുപ്രസിദ്ധമാണ് ഇരിങ്ങാലക്കുട.
വൺവേ റോഡുകൾ അപകടകരമായ കൊടും വളവുകൾ നിറഞ്ഞതാണ് . എതിർ വശത്തുനിന്നും ഒരു വാഹനം പെട്ടന്ന് എത്തിയാൽ അപകടം ഉറപ്പ്

ഇരിങ്ങാലക്കുട : അശാസ്ത്രീയമായ ബസ്സ് വൺവേ റൂട്ടുകൾകൊണ്ട് കുപ്രസിദ്ധമാണ് ഇരിങ്ങാലക്കുട. തൃശൂർ റൂട്ടിൽ നിന്നും കൊടുങ്ങലൂർ ഭാഗത്തുനിന്നും ചാലക്കുടി കൊടകര ഭാഗത്തുനിന്നും ബസ്‌സ്റ്റാന്ഡിലേക്കുള്ള വൺവേ റോഡുകൾ അപകടകരമായ കൊടും വളവുകൾ നിറഞ്ഞതാണ് . എതിർ വശത്തുനിന്നും ഒരു വാഹനം പെട്ടന്ന് എത്തിയാൽ അപകടം ഉറപ്പ് .

ഇതിൽ ഏറ്റവും അപകടം നിറഞ്ഞത് മെട്രാ ആശുപത്രിയുടെ മുന്നിലുടെയുള്ള വഴിയാണ് , ഇരിങ്ങാലക്കുട മാർക്കറ്റ് റോഡ് വൺവേയിലും ബസ്സുകളുടെ അമിതവേഗത അപകടങ്ങൾ തുടർക്കഥയാകുന്നു. ചാലക്കുടി കൊടകര ഭാഗങ്ങളിൽനിന്ന് വരുന്ന ബസ്സുകളുടെ വൺവേ റൂട്ടായ പാണ്ട്യൻഅങ്ങാടി മാർക്കറ്റ് മുതൽ ബിഷപ്പ് ഹൗസിനു മുന്നിൽ കൊടുങ്ങലൂർ സംസ്ഥാന പാതയിൽ എത്തുന്ന വഴിയിൽ ഏഴു കൊടും വളവുകളാണ് ഉള്ളത് . റോഡിനു പലയിടത്തും വീതിയും കുറവാണ്.

പക്ഷെ ഇതൊന്നും ബസ്സുകളുടെ അമിത വേഗതക്ക് തടസമല്ല . വളവുകൾ എല്ലാം തന്നെ വേഗതയിൽ വീശി എടുക്കയാണ് പതിവ്. മാസങ്ങൾക്ക് മുൻപ് മാർക്കറ്റ് റോഡിൽ യാത്രക്കാർ ബസ്സിൽ നിന്നും റോഡിൽ വീഴുന്ന സ്ഥിതിയും ഉണ്ടായി.

ട്രിപ്പ് അവസാനിക്കാറാകുമ്പോൾ ബസ്സുകളുടെ വേഗത കൂടുന്ന അസാധാരണ പ്രവണതക്ക് ഇരിങ്ങാലകുടെ പലപ്പോളും സാക്ഷ്യം വഹിക്കാറുണ്ട്. മാർക്കറ്റ് റോഡ് വൺവേ റൂട്ടിൽ എതിർ വശത്തുനിന്നും പലപ്പോളും കാറുകളും ബൈക്കുകൾക്കും പുറമെ ചന്തയിലേക്ക് വരുന്ന ഭാര വാഹനങ്ങളും സ്ഥിരം കാഴ്ചയാണ്. ചെറു വാഹനങ്ങളുടെ അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.

ഇതൊന്നും വകവെക്കാതെയാണ് ബസ്സുകളുടെ പരാക്രമം പിടിച്ച അമിതവേഗതയിലുള്ള ഓട്ടം . തിങ്കളാഴ്ച ഉച്ചക്ക് മാർക്കറ്റ് റോഡ് ബസ്സുകളുടെ വൺവേ റൂട്ടിൽ സെന്റ് മേരീസ് സ്കൂൾ കഴിഞ്ഞുള്ള ഇറക്കത്തിലെ വളവിൽ സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു.

ഫോർ രെജിസ്ട്രേഷൻ ബോർഡ് വച്ച പുത്തൻ കാറിന്റെ വശങ്ങളിൽ വളവു തിരിഞ്ഞു വന്നു ബസ് ഇടിക്കുകയായിരുന്നു. കാറിൽ ഒരു ചെറിയ കുട്ടിയടക്കം സഞ്ചരിച്ചിരുന്ന കുടുംബം പരിക്ക് ഏൽക്കാതെ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.

You cannot copy content of this page