ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ. എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.
കരുവന്നൂർ പാലത്തിനെ ഒരു ആത്മഹത്യാമുനമ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിങ്ങ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ആത്മഹത്യകൾ കൂടിവരുന്നതിൽ പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
ചൊവാഴ്ചയും ഇവിടെ ആത്മഹത്യ നടന്നിരുന്നു. വേളൂക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അവിട്ടത്തൂർ മാവിൻ ചുവട് ചിറ്റിലപ്പിള്ളി കൊടിയിൽ വീട്ടിൽ ജോയ് ഭാര്യ ഷീബയാണ് ( 49) കരുവന്നൂർ വലിയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ആത്‍മഹത്യ ചെയ്തത്. പോലീസും സ്കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ൨ മാസത്തിനിടയിൽ ഇവിടെ സമാനരീതിയിൽ മൂന്ന് ആത്മഹത്യകൾ നടന്നിരുന്നു.
വീണ്ടും കരുവന്നൂർ വലിയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ആത്‍മഹത്യ, മരിച്ചത് അവിട്ടത്തൂർ സ്വദേശിനി – ആത്മഹത്യ മുനമ്പായി മാറിയ കരുവന്നൂർ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
