ഏവൂർ അനുഷ്ഠാന പുരസ്കാരം ഉമാദേവി ബ്രാഹ്മണിയമ്മയ്ക്ക്

ഇരിങ്ങാലക്കുട : ക്ഷേത്രകലകളിലെ സംഗീതജ്ഞർക്കായി ഏർപ്പെടുത്തിയ ഏവൂർ ശങ്കരരാമയ്യർ സ്മാരക അനുഷ്ഠാന നാദരത്ന പുരസ്കാരം ബ്രാഹ്മണിപ്പാട്ട് കലാകാരി ഉമാദേവി ബ്രാഹ്മണിയമ്മയ്ക്ക്. ഉമാദേവി ബ്രാഹ്മണിയമ്മ ബ്രാഹ്മണിപ്പാട്ട് എന്ന അനുഷ്ഠാന കല അവതരിപ്പിച്ചു തുടങ്ങിയിട്ട് ഏതാണ്ട് ആറു പതിറ്റാണ്ടുകളായി. ഈ 86 വയസ്സിലും ശാരീരിക ബുദ്ധിമുട്ടുകൾ വകവെയ്ക്കാതെ ജീവവായു പോലെ ബ്രാഹ്മണിപ്പാട്ട് അനുഷ്ഠിച്ചു വരുന്ന ഇവർ അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കാൻ പ്രത്യേക താല്പര്യം കാണിക്കുകയും ബ്രാഹ്മണിപ്പാട്ടിൻറെ ചാരുതയും സംഗീതാത്മകതയും ചോർന്നു പോകാതെ അവതരിപ്പിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നു.

ഐരാണിക്കുളം തെക്കെപുഷ്പകത്ത് ജനിച്ച് ഇരിങ്ങാലക്കുടയിൽ വളർന്ന ഉമാദേവി ബ്രാഹ്മണിയമ്മ ചേന്ദമംഗലം തെങ്കോടത്ത് പുഷ്പകതത് പരേതനായ കൃഷ്ണൻ നമ്പീശൻറെ പത്നിയാണ്. മക്കളായ നെല്ലുവായിൽ പുവ്വനത്ത് പുഷ്പകത്ത് പത്മിനി ബ്രാഹ്മണിയമ്മയും ഇരിങ്ങാലക്കുട വടക്കേപ്പട്ടത്ത് സുധ ബ്രാഹ്മണിയമ്മയും ബ്രാഹ്മണിപ്പാട്ട് കലാകാരികളാണ്.

പുരസ്കാരം ഏപ്രിൽ 8ന് ഏവൂർ ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ സമർപ്പിക്കും.

You cannot copy content of this page